പതിനൊന്ന് മാസത്തെ ഇടവേളക്കു ശേഷം റമദാന്‍ വീണ്ടും വന്നണഞ്ഞിരിക്കുകയാണ്. ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്‌കരണവും ഉറപ്പുനല്‌കുന്ന റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണ്. നന്മകളും പുണ്യങ്ങളും പുഷ്‌പിച്ചു നില്‌ക്കുന്ന കാലമാണിത്. അതിന്റെ സൗരഭ്യവും പരിമളവും ഇഹപര ജീവിതത്തില്‍ അവന് അനുഭവിക്കാന്‍ കഴിയും.
ആദരണീയനായ അതിഥിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഭാവമായിരിക്കണം റമദാന്‍ വരുമ്പോള്‍ മുസ്‌ലിമിന് ഉണ്ടാകേണ്ടത്. അലസതയും വിരസതയും നിസ്സംഗഭാവവും മാറ്റിവെക്കണം. സാങ്കേതികഭാഷയില്‍ ഈ തയ്യാറെടുപ്പിന് നിയ്യത്ത് എന്ന് പറയാം. ഒരു മുസ്‌ലിമിന്റെ പ്രവര്‍ത്തനത്തെക്കാള്‍ പ്രസക്തമാകുന്നത് അവന്റെ നിയ്യത്തായിരിക്കുമെന്ന് ഹദീസുകളില്‍ കാണാം. ആരാധനകളുടെ പരിപൂര്‍ണതയും അതിനുള്ള താല്‌പര്യവും സൂക്ഷിക്കാന്‍ ഇത്തരം നിയ്യത്ത് അനിവാര്യമാണ്.
വ്രതാനുഷ്‌ഠാനവും സംസ്‌കരണവും
മൂന്ന് തരം നോമ്പുകാരാണ് സമൂഹത്തില്‍ ഉള്ളത്. പാരമ്പര്യമായി നോമ്പിനെ കാണുന്നവര്‍. നിലകൊള്ളുന്ന സമൂഹത്തിന്റെ മാനസികാവസ്ഥക്കനുസൃതമായി നോമ്പെടുക്കുന്നവര്‍. ശഅ്‌ബാനും ശവ്വാലും പോലെ തന്നെയാണ് അവര്‍ക്ക് റമദാന്‍. ഈ നോമ്പിന് ചൈതന്യമുണ്ടാകുകയില്ല. കാലത്തിന്റെ കറക്കത്തില്‍ യാന്ത്രികമായി ചെയ്യുന്നുവെന്ന് മാത്രം. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ കാലമായി റമദാനിനെ കാണുന്നവരുമുണ്ട്. പകല്‍ പട്ടിണി കിടക്കുന്നത് നോമ്പ് തുറക്കുന്നതിന്റെ ആനന്ദം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കും. ഇവിടെയും നോമ്പിന്റെ ദൗത്യം പൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നില്ല. വിശ്വാസത്തിന്റെയും പ്രതിഫല മോഹത്തിന്റെയും അടിസ്ഥാനത്തില്‍ നോമ്പെടുക്കുന്നവരാണ് മൂന്നാം വിഭാഗം. നോമ്പ് സ്വീകരിക്കപ്പെടുന്നതും അതിലൂടെ ആജീവനാന്ത ഗുണഫലങ്ങള്‍ നേടാന്‍ കഴിയുന്നതും ഇവര്‍ക്ക് മാത്രമാണ്. ``വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും നോമ്പെടുക്കുന്നവന് മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി,മുസ്‌ലിം) എന്ന നബിവചനം വ്രതാനുഷ്‌ഠാനത്തിന്റെ ഈ അതുല്യനേട്ടങ്ങളാണ് എടുത്തുകാണിക്കുന്നത്.
വ്രതാനുഷ്‌ഠാനത്തിന്റെ സംസ്‌കരണമാനങ്ങളും ഇവിടെയാണ് കേന്ദ്രീകരിച്ച് നില്‌ക്കുന്നത്. വിശ്വാസിയുടെ ജീവിതം ആദ്യാവസാനം സംസ്‌കരണ പ്രാധാന്യമുള്ളതാണ്. അവന്‍ സ്വീകരിച്ചിരിക്കുന്ന ഏകദൈവവിശ്വാസവും അനുബന്ധ ആരാധനകളും ആത്മാവിനെയും ശരീരത്തെയും നിരന്തരമായി സംസ്‌കരണ വിധേയമാക്കാന്‍ കഴിയുംവിധമാണ് മതം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ഖുര്‍ആനില്‍ സംസ്‌കരണത്തെ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. കൊടിയ പാപമായ ശിര്‍ക്കിന്റെ ഗൗരവം വിവരിച്ച ശേഷമാണ് ഖുര്‍ആന്‍ 4:49 ല്‍ സംസ്‌കരണം പരാമര്‍ശിക്കുന്നത്. 24:21ല്‍ സദാചാര രഹിത പ്രവര്‍ത്തനങ്ങളുടെയും സംസാരങ്ങളുടെയും അനുബന്ധമായിട്ടാണ് സംസ്‌കരണമുണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നത്. പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റുമ്പോള്‍ മനുഷ്യന്‍ നിഷിദ്ധങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും തെന്നിവീഴുന്നുവെന്നും ദൈവാനുഗ്രഹത്തിന്റെ അഭാവത്തില്‍ ഒരാള്‍ക്കും സംസ്‌കരണം നേടാന്‍ കഴിയുകയില്ലെന്നുമാണ് ഈ വചനങ്ങളില്‍ (സൂറതുന്നൂര്‍) അല്ലാഹു വ്യക്തമാക്കുന്നത്.
പാപഭാരം സ്വയം വഹിക്കേണ്ടിവരുന്ന സന്ദര്‍ഭത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഖുര്‍ആന്‍ 35:18ല്‍ (ഫാത്വിര്‍) സംസ്‌കരണത്തിന്റെ പ്രാധാന്യം വീണ്ടും പരാമര്‍ശിക്കുന്നത്. അദൃശ്യരൂപത്തില്‍ അല്ലാഹുവിനെ ഭയപ്പെടുകയും നമസ്‌കാരനിര്‍വഹണബോധം നിരന്തരം സൂക്ഷിക്കുകയും ചെയ്യുകയാണ് സംസ്‌കാരലഭ്യതയ്‌ക്കുള്ള അനിവാര്യ പ്രവര്‍ത്തനങ്ങളായി ഇവിടെ വ്യക്തമാക്കുന്നത്. 53:32ല്‍ (നജ്‌മ്) കുറുക്കുവഴികളിലൂടെ സംസ്‌കരണം നേടിയെന്ന് അവകാശപ്പെടുന്നവരെ ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നു. ഭയഭക്തിയാണ് സംസ്‌കരണത്തിന്നാവശ്യം എന്നാണ് ഇവിടെ അല്ലാഹു പറയുന്നത്. 87:15,16 വചനങ്ങളില്‍ സംസ്‌കരണത്തെ വിജയത്തിന്റെ നിദാനമായി പരിചയപ്പെടുത്തുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള സ്‌മരണയും നമസ്‌കാര കൃത്യനിഷ്‌ഠയും ഐഹിക വിരക്തിയുമാണ് സംസ്‌കരണ ലഭ്യതക്ക് അനിവാര്യഘടകങ്ങളായി എടുത്തുപറയുന്നത്.
സംസ്‌കരണ മൂല്യങ്ങള്‍ക്ക് ഖുര്‍ആന്‍ നല്‌കിയ പ്രാധാന്യവും അവയുടെ രീതിശാസ്‌ത്രവുമാണ് മുകളില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം റമദാനിലെ സംസ്‌കരണ സന്ദര്‍ഭങ്ങളെ പഠിക്കേണ്ടത്. ദൈവവിശ്വാസവും ഭയഭക്തിയും പൈശാചിക പ്രവര്‍ത്തനങ്ങളോടുള്ള അറപ്പും വെറുപ്പും ആജീവനാന്തം നിലനിര്‍ത്താന്‍ വിശ്വാസിയെ പാകപ്പെടുത്തുകയാണ് റമദാനിന്റെ മുഖ്യ ദൗത്യം. റമദാനിനും വ്രതാനുഷ്‌ഠാനത്തിനും ബാഹ്യമായുള്ളതിനേക്കാള്‍ കൂടുതല്‍ അര്‍ഥതലങ്ങള്‍ മതം നല്‌കുന്നത് ഈ സംസ്‌കരണം മുന്‍നിര്‍ത്തിയാണ്. ഭക്ഷണം വെടിയുക, ആരാധനകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ബാഹ്യകര്‍മങ്ങള്‍ ആത്മാവിന് കൂടുതല്‍ ചൈതന്യം പകരുന്നു. ശരീരത്തിലെ ഭക്ഷണവര്‍ജനമാണ് ആത്മാവിന്റെ ഭക്ഷണം. ആരാധനകള്‍ കൂടിയാകുമ്പോള്‍ അതിന് കൂടുതല്‍ പോഷണം കിട്ടുന്നു.
റമദാനിനെ വിശദീകരിച്ചുകൊണ്ട് നബി(സ) പറഞ്ഞിരിക്കുന്ന പദപ്രയോഗങ്ങളും അതിന്റെ സംസ്‌കരണമാനങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്:``നോമ്പ് ഒരു പരിചയാണ്. അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയെപ്പോലെയാണത്.'' (ഇമാം അഹ്‌മദ്) ``നോമ്പിന്റെ നാളുകളില്‍ അനാവശ്യം പറയുകയോ കോലാഹലമുണ്ടാക്കുകയോ അരുത്. ആ രൂപത്തില്‍ ആരെങ്കിലും സമീപിച്ചാല്‍, താന്‍ നോമ്പുകാരനാണെന്ന് അവനോട് പറയുക'' (ബുഖാരി,മുസ്‌ലിം). ``കള്ളവാക്കുകളും അത്തരം പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് അല്ലാഹുവിന് ഒരു കാര്യവുമില്ല.'' (ബുഖാരി)
വ്രതാനുഷ്‌ഠാനം നല്‌കുന്ന സംസ്‌കരണം പ്രാവര്‍ത്തികമാകേണ്ട മേഖലകളാണ് മേല്‍ നബിവചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസിയുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളുമാണ് ഇങ്ങനെ സംസ്‌കൃതമാകുന്ന മേഖലകള്‍. അനുബന്ധമായി വൈകാരികതകളുംസമീപനങ്ങളും ഇടപെടലുകളും കുറ്റമറ്റതാക്കാനും അവന് കഴിയുന്നു. വ്യക്തിത്വത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ സംസ്‌കരണ പ്രക്രിയക്ക് മങ്ങലേല്‌ക്കുമ്പോള്‍ അത് ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് വര്‍ഷത്തില്‍ ഒരിക്കല്‍ റമദാന്‍ സമാഗതമാകുന്നത്.
വ്രതാനുഷ്‌ഠാനത്തിന്റെ മാധുര്യം
ആത്മാവിന് ലഭിക്കുന്ന നവചൈതന്യം പട്ടിണി ദിനങ്ങള്‍ക്ക് ആനന്ദം പകരുന്നു. നോമ്പുകാരന് രണ്ട് ആനന്ദങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെന്നാണ് മുഹമ്മദ് നബി(സ) പറയുന്നത്. നോമ്പു തുറക്കുമ്പോഴുള്ള ആനന്ദമാണ് അതില്‍ ഒന്ന്. പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ ആണ് രണ്ടാമത്തേത്. നോമ്പിലൂടെ ലഭിക്കുന്ന അതുല്യമായ സൗഭാഗ്യമാണിത്. ദീര്‍ഘനേരം പട്ടിണി കിടന്നതിനു ശേഷം ഭക്ഷണം കഴിക്കുന്ന ആര്‍ക്കും ആദ്യത്തെ ആനന്ദം അനുഭവിക്കാം. അതിന് പ്രത്യേകമായ വിശ്വാസമോ സംസ്‌കരണമോ ആവശ്യമില്ല. സ്വയം ശുദ്ധീകരണത്തിന് സഹായകമാകാത്ത നോമ്പ്, ഭക്ഷണം കഴിക്കുന്നതോടെ അതിന്റെ പ്രതിഫലവും പൂര്‍ത്തിയായി.
നോമ്പിലൂടെ സംസ്‌കൃത മനസ്സിന് ലഭിക്കേണ്ട വിശിഷ്‌ട ഗുണങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്‍ബഖറ183-187 വചനങ്ങളാണ് വ്രതാനുഷ്‌ഠാന പരാമര്‍ശങ്ങള്‍. ഇവയെല്ലാം അവസാനിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ഭയഭക്തിയുള്ളവരാകാന്‍, കൃതജ്ഞതാ ബോധം ഉള്ളവരാകാന്‍, വിവേകമുള്ളവരാകാന്‍ തുടങ്ങിയ സമാപന വാക്യങ്ങള്‍ സൂചിപ്പിക്കുന്ന ഗുണങ്ങള്‍ റമദാന്‍ സംസ്‌കരണത്തിന്റെ പ്രതിഫലനമാണ്. ഭക്തി,കൃതജ്ഞത, വിവേകം എന്നിവയുടെ വിശദീകരണങ്ങളോ ഉപോല്‌പന്നങ്ങളോ ആയിരിക്കും മറ്റു ഗുണങ്ങളെല്ലാം.