നോമ്പിന്റെ ലക്ഷ്യങ്ങള്‍

1. തിന്മയെ തടുക്കല്‍ 

പരിശുദ്ധ ഖര്‍ആന്‍ പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌." (അദ്ധ്യായം 2 ബഖറ 183). 

മനുഷ്യരില്‍ തഖ്'വാ ഉണ്ടാക്കുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യമെന്നു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നു.തഖ്'വയുടെ ഉദ്യേശ്യം തിന്മയെ പ്രതിരോധിക്കുക എന്നതാണ്. സ്ത്രീക്കും പുരുഷനും തിന്മയെ തടുക്കുവാനുള്ള കഴിവ് അനിവാര്യമാണ്. കാരണം നാം ജീവിക്കുന്നത് ഈ ഭൌതിക ലോകത്താണ്. നമ്മുടെ ചുറ്റുഭാഗത്തും തിന്മ മനോഹരമായ രൂപം ധരിച്ചു അതിലേക്കു നമ്മെ മാടി വിളിക്കുകയാണ്‌. നോമ്പിനു തിന്മയെ തടുക്കുവാനുള്ള ഒരു പരിശീലനം നമുക്ക് നല്‍കുവാന്‍ സാധിക്കുന്നതാണ്. 

ചില ഉദാഹരണങ്ങളിലൂടെ അത് പരിശോദിക്കാം :
 
ലൈംഗിക ബന്ധം സ്ഥാപിക്കുവാന്‍ അല്ലാഹു അനുവദിച്ച ഇണ നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നോമ്പിന്‍റെ പകല്‍സമയം അല്ലാഹു അനുവദിച്ച ഭാര്യയില്‍ നിന്ന് ഭര്‍ത്താവും ഭര്‍ത്താവില്‍ നിന്ന് ഭാര്യയും അകന്നു നില്‍ക്കുന്നു. എന്തിനു വേണ്ടി? അല്ലാഹുവിന്‍റെ സംതൃപ്തിക്ക് വേണ്ടി. സ്വന്തം ഇണയില്‍ നിന്നുപോലും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടി അകന്നുനിന്ന സ്ത്രീ എങ്ങനെയാണ് നോമ്പുകാലം കഴിഞ്ഞാല്‍ അന്യപുരുഷനുമായി വ്യഭിചരിക്കുക? എങ്ങനെയാണ് ഒരു പുരുഷന്‍ അന്യസ്ത്രീയുമായി വ്യഭിചരിക്കുക? ഒരിക്കലുമില്ല. കാരണം നോമ്പ്കാലത്ത് അല്ലാഹു അനുവദിച്ച ഇണയില്‍ നിന്നുപോലും അകന്നു നില്‍ക്കാനുള്ള ഒരു പരിശീലനം അവന്നു ലഭിച്ചിട്ടുണ്ട്. 

കഠിനമായ ദാഹവും വിശപ്പും നോമ്പനുഷ്ടിക്കുന്ന വ്യക്തിക്കുണ്ട്. അവന്‍ അധ്വാനിച്ചു ഉണ്ടാക്കിയ ഭക്ഷണം അവന്‍റെ മുന്നിലുണ്ട്. അല്ലാഹു അനുവദിച്ച പാനീയവുമുണ്ട്. എന്നിട്ടും അവന്‍ ഉപേക്ഷിക്കുകയാണ്. അല്ലാഹുവിന്‍റെ നിര്‍ദേശം പാലിക്കുവാന്‍ വേണ്ടി മാത്രം. അപ്പോള്‍ നോമ്പുകാലം കഴിഞ്ഞാല്‍ ഒരു മനുഷ്യന്‍ എങ്ങനെയാണ് അനാഥയുടെ ധനം ഭക്ഷിക്കുക? എങ്ങനെയാണ് പലിശ തിന്നുക? എങ്ങനെയാണ് മദ്യപാനം നടത്തുക? ഒരിക്കലുമില്ല. കാരണം അല്ലാഹു അനുവദിച്ച ഭക്ഷണപാനീയം പോലും അവന്‍റെ നിര്‍ദേശം പാലിക്കുവാന്‍ ഉപേക്ഷിച്ചു ശീലിച്ച ഒരു പരിശീലനം അവന്നു നോമ്പ് കാലത്ത് ലഭിച്ചിരിക്കുന്നു. 

ഇതുകൊണ്ടാണ് നോമ്പിനെക്കുറിച്ച് പ്രവാചകന്‍ (സ) പറഞ്ഞത് : "നോമ്പ് പരിചയാണ്. നരകത്തില്‍ നിന്ന് ഒരു ദാസന് സംരക്ഷണം നല്‍കാനുള്ളതാണ്." [അഹമദ്]. "നോമ്പ് ഒരു കവചവും നരകത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഭദ്രമായ ഒരു കോട്ടയുമാണ്." [അഹമദ്]. 

"നോമ്പ് നരകത്തെ തടുക്കുവാനുള്ള ഒരു പരിചയാണ്. യുദ്ധത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പരിചപോലെ." [ഇബ്നു മാജ]. 

ഈ ഭൌതിക ജീവിതം ഒരു യുദ്ധക്കളം തന്നെയാണ്. തിന്മകള്‍ നമ്മെ വെട്ടിമുറിക്കുവാന്‍ തന്ത്രപൂര്‍വ്വം ശ്രമിക്കുകയാണ്. ഈ തിന്മയുടെ ആയുധങ്ങളെ തടുക്കുവാനുള്ള ശക്തമായ കവചം തന്നെയാണ് നോമ്പ്. ശത്രുവില്‍ നിന്ന് ഒളിച്ചോടി സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഭദ്രമായ ഒരു കോട്ട തന്നെയാണ് വ്രതം. 

2. ക്ഷമ ശീലിപ്പിക്കല്‍ 

ക്ഷമയുടെ പ്രാധാന്യം നമുക്കറിയാം. ക്ഷമയില്ലാത്ത സ്ത്രീയും പുരുഷനും ക്രൂരമായ പല പ്രവര്‍ത്തനത്തിനും തയ്യാറാവും. അല്‍പ്പം പട്ടിണി ബാധിച്ചാല്‍മതി കുടുംബത്തെ നശിപ്പിച്ചു സ്വയം ആത്മഹത്യ ചെയ്യാന്‍. നോമ്പ് മനുഷ്യരില്‍ ക്ഷമാശീലം ഉണ്ടാക്കുന്നു. ഒരു നോമ്പുകാരന് കഠിന ദാഹവും വിശപ്പുമുണ്ട്. നോമ്പ് മുറിക്കാനുള്ള സമയം വരെ അവന്‍ ക്ഷമയൂടുകൂടി കാത്തിരിക്കുന്നു. അവന്നു വികാരമുണ്ട്. അനുവദിച്ച സമയംവരെ വികാരത്തെ നിയന്ത്രിക്കുന്നു. 

ഇത് കൊണ്ടാണ് നബി (സ) പറഞ്ഞത് : "റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമക്ക് പ്രതിഫലം സ്വര്‍ഗ്ഗവുമാണ്." [ബൈഹഖി]. "മനുഷ്യരെ, നന്മ നിറഞ്ഞതും മഹത്തായതുമായ ഒരു മാസം നിങ്ങള്‍ക്കിതാ നിഴലിട്ടിരിക്കുന്നു. അത് ക്ഷമയുടെ മാസമാണ്." [ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാന്‍] 

3. പരസ്പര സഹായം 

സമ്പത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് പരസ്പരസഹായത്തിന്‍റെ പ്രാധാന്യം ഒരിക്കലും അറിയുകയില്ല. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഗൌരവം ചിലര്‍ ഗ്രഹിച്ചിരിക്കുകയില്ല. നോമ്പ് മനുഷ്യരെ പരസ്പരസഹായത്തിന്‍റെ പ്രാധാന്യം പഠിപ്പിക്കുന്നു. 

അതുകൊണ്ട് നബി (സ) പറഞ്ഞു : "റമദാന്‍ പരസ്പരസഹായത്തിന്‍റെ മാസമാണ്".[ബൈഹഖി, ഇബ്നു ഹിബ്ബാന്‍] 

ഇബ്നു അബ്ബാസ് (റ) പറയുന്നു : "റമദാനില്‍ പ്രവേശിച്ചാല്‍ നബി (സ) സര്‍വ്വ ബന്ധനസ്ഥരെയും മോചിപ്പിക്കുകയും ചോദിക്കുന്ന ഏവര്‍ക്കും നല്‍കുകയും ചെയ്യുമായിരുന്നു". [ബൈഹഖി] 

ഇബ്നു അബ്ബാസ് (റ) നിവേദനം : "(റമദാനില്‍) ദാനം ചെയ്യുന്ന വിഷയത്തില്‍ നബി (സ) ഒരു ആഞ്ഞുവീശുന്ന കാറ്റ് പോലെയായിരുന്നു". [ബുഖാരി] 

4. പാപമോചനം 

മനുഷ്യര്‍ക്ക്‌ ഏതു സമയത്തും ഏതു കാലത്തും ദൈവവുമായി അടുത്ത് തങ്ങളുടെ പാപത്തില്‍ നിന്ന് മോചനം നേടാവുന്നതാണ്. എന്നാല്‍ എല്ലാവര്ക്കും ചില സുവര്‍ണ്ണ അവസരങ്ങള്‍ ഉണ്ടാവുമല്ലോ. അതുപോലെ കുറ്റവാളികള്‍ക്ക് തങ്ങളുടെ പാപത്തില്‍ നിന്നും മോചിതരാകുവാന്‍ ഒരു സുവര്‍ണ്ണാവസരമാണ് നോമ്പ് കാലം. 

നബി (സ) പറയുന്നു : "റമദാന്‍ വന്നാല്‍ ഒരു വിളിച്ചുപറയുന്നവന്‍ വിളിച്ചുപറയും : "നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ, നീ മുന്നിടുക. തിന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ, നീ ചുരുക്കുക'." [തുര്‍മുദി, ഇബ്നു മാജ] 

"നന്മ അന്വേഷിക്കുന്നവനെ, നീ മുന്നോട്ടു വരിക. തിന്മ അന്വേഷിക്കുന്നവനെ, നീ തിന്മയില്‍ നിന്നും മാറിനില്‍ക്കുക" [നസാഈ] 

"റമദാനില്‍ പ്രവേശിച്ചിട്ടും തന്‍റെ പാപത്തില്‍ നിന്നും മോചിതനാവാന്‍ സാധിക്കാതെ നരകാഗ്നിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവനെ അകറ്റട്ടെ ." [ഹാകിം] 

"ഒരാള്‍ റമദാനില്‍ പ്രവേശിച്ചിട്ടും പാപമോചനം ലഭിച്ചിട്ടില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ലഭിക്കുക?" [ത്വബ്'റാനി] 

5. ആരോഗ്യസംരക്ഷണം 

ഇസ്ലാമിലെ ആരാധനാ കര്‍മ്മങ്ങള്‍ക്ക് രൂപം നല്‍കുന്നത് മനുഷ്യര്‍ക്ക്‌ രണ്ടു ജീവിതത്തിലും നന്മ കൈവരുത്തുന്ന രീതിയിലാണ്. നോമ്പ് കൊണ്ട് മനുഷ്യര്‍ക്ക്‌ അവരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. പല രോഗങ്ങള്‍ക്കും നോമ്പ് ഒരു ചികിത്സയാണ്. ആധുനിക വൈദ്യ ശാസ്ത്രം ഇത് അംഗീകരിക്കുന്നു. 

നബി (സ) അരുളി : "നിങ്ങള്‍ നോമ്പ് നോല്‍ക്കുവിന്‍. നിങ്ങള്‍ ആരോഗ്യവാന്മാരാകും." [ത്വബ്'റാനി] 

by അബ്ദുസ്സലാം സുല്ലമി