ബദ്റിലെ 2 പ്രാര്‍ഥനകള്‍


ഹിജ്റ വര്‍ഷം 2, റമദാന്‍ പതിനേഴ്‌ വെള്ളിയാഴ്ച. അന്നാണ് സത്യവും അസത്യവും ഏറ്റുമുട്ടിയത്. അസത്യം ദയനീയമായി മണ്ണടിഞ്ഞതും .

ബദ്റിന്റെ രണഭൂമി ആരവങ്ങളാല്‍ മുഴങ്ങും മുമ്പ് 2 പ്രാര്‍ത്ഥനകള്‍ അല്ലാഹുവിലേക്ക് ഉയര്‍ന്നു.

ഒന്ന്‍, കഅ'ബക്ക് അഭിമുഖമായി നിന്ന് സജല നേത്രങ്ങളോടെയുള്ള പ്രവാചകന്‍ (സ)യുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ നിന്ന് :

"നാഥാ, നീ വാഗ്ദാനം ചെയ്ത സഹായം അനിവാര്യമായ സന്നിഗ്ധഘട്ടമിതാ. ഈ കൊച്ചുസംഘം എങ്ങാനും ബദ്റിന്റെ മണ്ണില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നീട് നീ ഒരിക്കലും ഈ ഭൂമുഖത്ത് ആരാധിക്കപ്പെടുകയില്ല. സഹായിക്കണേ..."

പ്രവാചകന്‍റെ ചുമലില്‍ നിന്ന് വീണ തോള്‍മുണ്ടെടുത്ത് ചുമലില്‍ പുതപ്പിച്ചുകൊണ്ട് അബൂബക്കര്‍ (റ) പറഞ്ഞു : "നബിയെ, എന്താണിത്? താങ്കളെയല്ലാതെ മറ്റാരെയാണ് നാഥന്‍ സഹായിക്കുക. ഇനി മതി ഈ പ്രാര്‍ത്ഥന."

മറ്റൊരു പ്രാര്‍ത്ഥന, അതേ കഅ'ബയുടെ ഖില്‍അ പിടിച്ചുകൊണ്ട് അബൂ ജഹലിന്റെതായിരുന്നു. "അല്ലാഹുവേ, കുടുംബങ്ങളെ ശിഥിലമാക്കിയ ഈ പുത്തനാചാരത്തിന്‍റെ വാക്താക്കളെ നീ തുരത്തെണമേ. സത്യത്തിനു നീ വിജയം പ്രദാനം ചെയ്യേണമേ."

അങ്ങനെ മുന്നൂറ്റിപ്പതിമൂന്നും ആയിരവും ഏറ്റുമുട്ടി. ആദ്യത്തെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു.

"നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച്‌ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം." [അദ്ധ്യായം 3 ആലു ഇമ്രാന്‍ 123]

അഹങ്കാരത്തിന്‍റെ നിറവില്‍ സത്യത്തിനെതിരെ കലിതുള്ളിയ ഖുറൈശി കിങ്കരപ്പടയെ അല്ലാഹു നാമാവശേഷമാക്കി, അബൂജഹലിനെയടക്കം. അങ്ങനെ അബൂജഹലിന്റെ പ്രാര്‍ത്ഥനയും അല്ലാഹു സ്വീകരിച്ചു.

from അത്തൌഹീദ്