അഹ്‌ലന്‍ റമദാന്‍; വിടരുന്നു പുണ്യവസന്തം


പ്രധാനപ്പെട്ട ആരാധനാകര്‍മമായ വ്രതത്തിന്റെ മാസമാണ്‌ റമദാന്‍. ലോകത്തെല്ലായിടത്തും എല്ലാ കാലത്തും മതബോധമുള്ള എല്ലാ സമൂഹങ്ങളും വ്രതം പുണ്യകര്‍മവും ദൈവസാമീപ്യത്തിനുള്ള ആരാധനാകര്‍മവുമായി ആചരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്‌ നോമ്പ്‌ എന്ന ആരാധന നിശ്ചയിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനം ഈ വസ്‌തുത കൂടി സൂചിപ്പിച്ചുകൊണ്ടുള്ളതാണ്‌: ``സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ക്ക്‌ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.'' (2:183)

എല്ലാ മതങ്ങളിലും വ്രതമെന്ന അനുഷ്‌ഠാനം നിലവിലുണ്ടെങ്കിലും പല മതങ്ങളിലും അവ എത്രയെന്നോ  എങ്ങനെയെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല.പാരമ്പര്യവും നാട്ടാചാരവുമാണ്‌ പലര്‍ക്കും അനുഷ്‌ഠാനങ്ങളുടെ അടിത്തറ. അതിനാല്‍ മതാചാരങ്ങളില്‍ പ്രാദേശികഭേദം കണ്ടുവരുന്നു. ചില മതങ്ങളില്‍ ചിലര്‍ക്കു മാത്രമേ വ്രതശാസന ബാധകമുള്ളൂ. അമ്പലവാസികള്‍ക്കു മാത്രവും പുരുഷന്മാര്‍ക്കു മാത്രമായും ചില വ്രതങ്ങള്‍ സ്‌ത്രീകള്‍ക്കു മാത്രമായും മറ്റു പല തരത്തിലും കാണാവുന്നതാണ്‌.

എന്നാല്‍ ഇസ്‌ലാം മതകാര്യങ്ങളിലെന്ന പോലെ വ്രതാനുഷ്‌ഠാനത്തിന്റെ കാര്യത്തിലും നിശ്ചിതവും നിര്‍ണിതവുമായ രൂപങ്ങളും നിഷ്‌ഠയും നിശ്ചയിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ നിര്‍ബന്ധ കര്‍മങ്ങളിലൊന്നാണ്‌ നോമ്പ്‌. നബി(സ) പറയുന്നു: ``ഇസ്‌ലാം അഞ്ചു കാര്യങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ലെന്നും മുഹമ്മദ്‌(സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, നമസ്‌കാരം മുറ പ്രകാരം നിര്‍വഹിക്കല്‍, ഹജ്ജ്‌ നിര്‍വഹിക്കല്‍, റമദാന്‍ വ്രതമെടുക്കല്‍ എന്നിവയാണവ.'' (ബുഖാരി)വര്‍ഷത്തില്‍ ഒരു മാസം നോമ്പനുഷ്‌ഠിക്കല്‍ പ്രായപൂര്‍ത്തിയായ എല്ലാ സ്‌ത്രീപുരുഷന്മാര്‍ക്കും നിര്‍ബന്ധമായി ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. വ്രതാനുഷ്‌ഠാനത്തിനായി തെരഞ്ഞെടുത്തത്‌ ചാന്ദ്രമാസത്തിലെ ഒന്‍പതാമത്തെ മാസമായ റമദാനാണ്‌. മുഹമ്മദ്‌ നബി(സ) പ്രവാചകനായി നിയുക്തനായത്‌ റമദാനിലാണ്‌. അന്തിമ വേദ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിച്ചത്‌ ഈ മാസത്തിലാണ്‌. ആരുടെയെങ്കിലും ജനനമോ ചരമമോ നിദാനമാക്കി ദിവസത്തിനും മാസത്തിനും പുണ്യം കല്‌പിക്കുകയോ ഏതെങ്കിലും അനുഷ്‌ഠാനങ്ങള്‍ നിശ്ചയിക്കുകയോ ചെയ്യുന്ന രീതി ഇസ്‌ലാമിലില്ല.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്‌ഠിക്കേണ്ടതാണ്‌.'' (2:185)

പ്രഭാതം മുതല്‍ സൂര്യാസ്‌തമയം വരെ ഭക്ഷണവും പാനീയവും ഭാര്യാഭര്‍തൃ ലൈംഗികബന്ധവും ഉപേക്ഷിക്കുക എന്നതാണ്‌ നോമ്പിന്റെ ബാഹ്യമായ രൂപം. ``നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു.....പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന്‌ തെളിഞ്ഞുകാണുമാറാകുന്നതു വരെ. നിങ്ങള്‍ വ്രതം പൂര്‍ണമായും അനുഷ്‌ഠിക്കുകയും ചെയ്യുക'' (2:187). പ്രഭാതം മുതലാണ്‌ വ്രതമാരംഭിക്കുന്നത്‌. പ്രഭാതത്തിന്‌ തൊട്ടു മുമ്പ്‌ ലഘുഭക്ഷണം അത്താഴമായി കഴിക്കല്‍ നബിചര്യയില്‍ പെട്ടതാണ്‌. നബി(സ) പറയുന്നു: ``നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തില്‍ അനുഗ്രഹമുണ്ട്‌'' (ബുഖാരി, മുസ്‌ലിം). അത്താഴത്തിന്റെയും ഫജ്‌ര്‍ നമസ്‌കാരത്തിന്റെയുമിടയില്‍ ഏകദേശം അന്‍പത്‌ ഖുര്‍ആന്‍ ആയത്തുകള്‍ പാരായണം ചെയ്യാവുന്ന സമയമുണ്ടായിരുന്നുവെന്ന്‌ സൈദുബ്‌നു സാബിത്‌(റ) വിശദീകരിക്കുന്നു. (ബുഖാരി, മുസ്‌ലിം)


വ്രതം എന്തിന്‌?

വ്രതാനുഷ്‌ഠാനം എങ്ങനെയാണ്‌ നിര്‍വഹിക്കേണ്ടതെന്ന്‌ കൂടുതല്‍ പഠിക്കാനില്ല. എന്നാല്‍ എന്തിനുവേണ്ടിയാണ്‌ നോമ്പ്‌ ഒരു നിര്‍ബന്ധ കര്‍മമായി നിശ്ചയിക്കപ്പെട്ടത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്‌. ഏതൊരു ആരാധനാകര്‍മത്തിന്റെയും ആത്യന്തിക ലക്ഷ്യം മരണാനന്തര ജീവിതം വിജയപ്രദമാവുകയും സ്വര്‍ഗപ്രവേശം ലഭിക്കുകയും ചെയ്യുക എന്നതാണ്‌. നോമ്പിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. നബി(സ) പറയുന്നു: ``സ്വര്‍ഗത്തിന്‌ റയ്യാന്‍ എന്ന ഒരു കവാടമുണ്ട്‌. ഉയിര്‍ത്തെഴുന്നേല്‌പു നാളില്‍ നോമ്പുകാരല്ലാതെ ആരും ആ കവാടത്തിലൂടെ പ്രവേശിക്കില്ല. `നോമ്പുകാര്‍ എവിടെ' എന്ന ചോദ്യമുണ്ടാകും. അപ്പോള്‍ അവര്‍ എഴുന്നേറ്റുവരും. മറ്റാരും അതുവഴി പ്രവേശിക്കില്ല. നോമ്പുകാര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വാതില്‍ അടയ്‌ക്കപ്പെടും.'' (ബുഖാരി)

സ്വര്‍ഗപ്രവേശത്തിന്‌ തടസ്സമായി നില്‍ക്കുന്നത്‌ മനുഷ്യരുടെ തിന്മകളും പാപപങ്കിലമായ ജീവിതവുമാണല്ലോ. ആത്മാര്‍ഥമായ വ്രതമെടുക്കുന്നതിലൂടെ ഈ തടസ്സം നീങ്ങുന്നതാണെന്ന്‌ പ്രവാചകന്‍ പഠിപ്പിക്കുന്നു. റമദാന്‍ മാസത്തില്‍ ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താല്‍ അയാളുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന്‌ (ബുഖാരി) അവിടുന്ന്‌ ഉണര്‍ത്തുകയുണ്ടായി.

വിശ്വാസികള്‍ക്ക്‌ വ്രതാനുഷ്‌ഠാനം നിര്‍ബന്ധമായി നിശ്ചയിച്ചറിയിച്ച ഖുര്‍ആന്‍ വചനത്തില്‍ അത്‌ എന്തിനാണെന്നു കൂടി വിശദീകരിക്കുന്നുണ്ട്‌: ``സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍പുള്ളവരോട്‌ കല്‌പിച്ചിരുന്നതു പോലെ തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‌പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്‌'' (2:183). ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചു എന്നതു കൊണ്ട്‌ സൂക്ഷ്‌മത (തഖ്‌വാ) ഉണ്ടാവണമെന്നില്ല. സ്രഷ്‌ടാവും അന്നദാതാവുമായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങള്‍ അവന്റെ കല്‌പനക്കു വേണ്ടി താല്‍ക്കാലികമായി വര്‍ജിക്കുകയാണെന്ന ബോധ്യവും (നിയ്യത്ത്‌) ഇതിന്‌ തനിക്ക്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്ന ആഗ്രഹവും അവന്റെ കാരുണ്യത്തെപ്പറ്റിയുള്ള പ്രതീക്ഷയും ഉണ്ടാകുമ്പോഴാണ്‌ വ്രതം ആത്മീയമായി മാറുന്നത്‌. ആത്മീയവും ആത്മാര്‍ഥവുമായ വിശുദ്ധിയിലൂടെ മാത്രമേ തഖ്‌വാ ഉണ്ടായിത്തീരുകയുള്ളൂ. ഈ ബോധമില്ലാതെ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത്‌ കേവലം പട്ടിണിയാണ്‌. നബി(സ) താക്കീതു ചെയ്യുന്നു: ``എത്രയെത്ര നോമ്പുകാര്‍! തങ്ങളുടെ നോമ്പുകൊണ്ടവര്‍ക്ക്‌ ദാഹമല്ലാതെ കിട്ടുന്നില്ല.'' (ദാരിമി)


ജീവിതനിയന്ത്രണം വ്രതത്തിലൂടെ

വ്രതാനുഷ്‌ഠാനത്തിന്റെ ലക്ഷ്യം പരലോക സൗഖ്യമാണെന്നു പറഞ്ഞുവല്ലോ. എന്നാല്‍ യഥാര്‍ഥമായ നോമ്പുകൊണ്ട്‌ ഐച്ഛികമായ ചില നന്മകള്‍ കൂടി ലഭിക്കാനുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം വ്രതാനുഷ്‌ഠാനത്തിലൂടെ വിശ്വാസി നേടിയെടുക്കുന്ന വ്യക്തിവിശുദ്ധിയും തന്മൂലം ഉണ്ടായിത്തീരുന്ന സമൂഹ നന്മയുമാണ്‌. വ്രതം ഏതു മതവീക്ഷണത്തിലായാലും പൊതുവെ ത്യാഗവും നിയന്ത്രണവുമാണ്‌. മനുഷ്യജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളാണ്‌ അന്നപാനാദികളും ശരീരത്തിന്റെ മറ്റ്‌ ആവശ്യങ്ങളും. അത്യാവശ്യങ്ങളില്‍ തനിക്ക്‌ വിലപ്പെട്ടതെന്തും അനിവാര്യഘട്ടത്തില്‍ ത്യജിക്കാനുള്ള മനോഭാവമാണ്‌ തഖ്‌വാ. ദാനവും സകാത്തും ബലിയുമെല്ലാം ത്യാഗവും വിര ക്‌തിയുമാണല്ലോ.


മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭക്ഷണത്തിനും ലൈംഗികതയ്‌ക്കും സ്വയം നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരാള്‍ക്ക്‌ സാധിച്ചാല്‍ സദാചാരനിഷ്‌ഠമായ ജീവിതത്തിന്‌ അതുമാത്രം മതിയാകും. ഈ രണ്ടു നൈസര്‍ഗികാവശ്യങ്ങളിലുമുള്ള അനിയന്ത്രിതമായ ഭോഗ തൃഷ്‌ണയാണ്‌ ഏതു കാലത്തുമുള്ള മനുഷ്യന്റെ അപഥസഞ്ചാരത്തിനും ജീര്‍ണതക്കും പ്രധാന കാരണം. അതുകൊണ്ടു തന്നെയായിരിക്കും വ്രതാനുഷ്‌ഠാനത്തിലൂടെ പ്രധാനമായും ഈ രണ്ടു കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്‌ലാം നിര്‍ദേശിച്ചത്‌.
മനുഷ്യന്‌ പ്രകൃത്യാ നിരവധി ഗുണങ്ങളുള്ളതു പോലെ ഒട്ടേറെ ദൗര്‍ബല്യങ്ങളുമുണ്ട്‌. സാംസ്‌കാരിക രംഗമാണ്‌ മനുഷ്യന്‌ അപചയം സംഭവിക്കുന്ന മറ്റൊരു രംഗം. അതിനാല്‍ ദുസ്സ്വഭാവങ്ങള്‍ക്കും പാരുഷ്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത്‌ വ്രതാനുഷ്‌ഠാനങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്‌. വിശ്വാസം സംശുദ്ധമാക്കുന്നതോടൊപ്പം വ്യക്തിത്വ വിശുദ്ധിയും കൂടിയാകുമ്പോള്‍ പരലോക ജീവിതം പോലെത്തന്നെ ഇഹലോക ജീവിതവും ധന്യമാകുന്നു. സാംസ്‌കാരിക രംഗത്തെ ജീവിതനിയന്ത്രണവും വ്രതാനുഷ്‌ഠാനവുമായി ബന്ധപ്പെട്ട നിരവധി മാര്‍ഗ നിര്‍ദേശങ്ങള്‍ നബി(സ) നല്‌കിയിട്ടുണ്ട്‌. ``നിങ്ങളുടെ വ്രതനാളുകള്‍ സമാഗതമായാല്‍ സഭ്യമല്ലാത്ത സംസാരങ്ങളോ ശണ്‌ഠകളോ കലഹങ്ങളോ പാടില്ല. ഇനി ആരെങ്കിലും ഒരു നോമ്പുകാരനെ ചീത്ത പറയുകയോ ശണ്‌ഠക്ക്‌ വരികയോ ചെയ്‌താല്‍ `താന്‍ നോമ്പുകാരനാണ്‌' എന്ന്‌ അയാള്‍ പറയട്ടെ.'' (ബുഖാരി, മുസ്‌ലിം)
``ആര്‍ (വ്രതത്തോടൊപ്പം) അസത്യവര്‍ത്തമാനവും അത്തരം പ്രവര്‍ത്തനങ്ങളും കൈവെടിയുന്നില്ലയോ അയാള്‍ തന്റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന്‌ താല്‌പര്യമില്ല.'' (ബുഖാരി)

ഒരാള്‍ക്ക്‌ തന്റെ ഭോഗതൃഷ്‌ണയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ചീത്ത സ്വഭാവങ്ങളെ പിടിച്ചുനിര്‍ത്താനും സാധിക്കുക എന്നു പറഞ്ഞാല്‍ അയാള്‍ ആത്മീയ ശക്തി കൈവരിക്കുന്നു എന്നാണര്‍ഥം. മതവിശ്വാസത്തിന്റെയും മതാനുഷ്‌ഠാനങ്ങളുടെയും താല്‌പര്യവും ഇതു തന്നെയാണ്‌. മനുഷ്യനിലെ അധമവികാരങ്ങള്‍ നിയന്ത്രിച്ച്‌ മനുഷ്യത്വം പരമാവധി ഉയര്‍ത്തിപ്പിടിക്കാന്‍ നോമ്പ്‌ ശക്തിപകരുന്നു. സൗമ്‌ (നോമ്പ്‌) എന്ന പദത്തിന്റെ ആശയം തന്നെ (ഇംസാക്‌) നിയന്ത്രണം എന്നാണ്‌. വ്യക്തികള്‍ നിയന്ത്രിത ജീവിതം- പ്രത്യേകിച്ചും സ്വഭാവസംസ്‌കാര രംഗത്ത്‌- നയിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം സമൂഹത്തിനു കൂടിയാണ്‌. കള്ളംപറയാത്ത, ചീത്ത പറയാത്ത, വഴക്കും വക്കാണവുമില്ലാത്ത ഒരു സാമൂഹിക ചുറ്റുപാടിനെപ്പറ്റി ആലോചിച്ചുനോക്കൂ. ഒരു മാസമെങ്കിലും അത്തരം ഒരന്തരീക്ഷം സൃഷ്‌ടിക്കാന്‍ വിശ്വസികള്‍ക്ക്‌ കഴിഞ്ഞാല്‍ അതുതന്നെയാണ്‌ ഇസ്‌ലാമിന്റെ മേന്മ.


റമദാനിലെ പ്രത്യേക കര്‍മങ്ങള്‍!

റമദാനിന്റെ പകലില്‍ അന്നപാനീയങ്ങളും ഭാര്യാഭാര്‍തൃ സംസര്‍ഗവും ഒഴിവാക്കുക എന്നതാണ്‌ വ്രതത്തിന്റെ പ്രാഥമികവും ബാഹ്യവുമായ രീതി. കൂടാതെ നോമ്പുകാലത്ത്‌ പ്രത്യേകം വല്ല കര്‍മങ്ങളുമുണ്ടോ? യഥാര്‍ഥത്തില്‍ റമദാന്‍ മാസത്തില്‍ നോമ്പല്ലാതെ മറ്റു പ്രത്യേക അനുഷ്‌ഠാനങ്ങളൊന്നുമില്ലല്ലോ. എന്നാല്‍ റമദാനിന്റെ രാപ്പകലുകള്‍ നന്മകള്‍ കൊണ്ട്‌ ധന്യമാക്കാന്‍ നബി(സ) പഠിപ്പിക്കുകയും അദ്ദേഹം അത്‌ ജീവിതത്തില്‍ മാതൃകയായി കാണിച്ചുകൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിച്ച മാസമാണല്ലോ റമദാന്‍. ഖുര്‍ആനുമായി റമദാനില്‍ വിശ്വാസികള്‍ ഏറെ അടുക്കേണ്ടതുണ്ട്‌. ഖുര്‍ആന്‍ പാരായണം, പഠനം, മനപ്പാഠമാക്കല്‍, ഗവേഷണം തുടങ്ങിയ കാര്യങ്ങളാല്‍ റമദാന്‍ സജീവമാക്കണം. ഓരോരുത്തരും തങ്ങളുടെ ജീവിത സാഹചര്യങ്ങളനുസരിച്ച്‌ അതിനു പ്രത്യേകം സമയം കണ്ടെത്തണം.

പള്ളിയുമായി കൂടുതല്‍ ബന്ധപ്പെടാന്‍ വിശ്വാസികള്‍ റമദാനില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കഴിവതും നമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നു. നിര്‍ബന്ധമല്ലാത്ത നമസ്‌കാരങ്ങള്‍ (റവാതിബുകളും മറ്റു സുന്നത്തുകളും) ധാരാളമായി നിര്‍വഹിക്കുന്നു. അധിക സമയവും പള്ളിയില്‍ കഴിച്ചുകൂട്ടുന്നു. സാധിക്കുമെങ്കില്‍ അവസാനത്തെ പത്തു ദിവസം, പ്രവാചക മാതൃകയനുസരിച്ച്‌ ഇഅ്‌തികാഫ്‌ നിര്‍വഹിക്കേണ്ടതാണ്‌. അത്യാവശ്യങ്ങള്‍ക്കു മാത്രമല്ലാതെ പുറത്തുപോകാതെ മുഴുവന്‍ സമയവും പള്ളിയില്‍ കഴിച്ചുകൂട്ടുന്നതിനാണ്‌ ഇഅ്‌തികാഫ്‌ എന്നു പറയുന്നത്‌.
നബി(സ) വളരെ ശ്രദ്ധയോടെ ചെയ്‌തിരുന്ന ഒരു പുണ്യകര്‍മമാണ്‌ രാത്രി നമസ്‌കാരം. ഇശാ നമസ്‌കാരത്തിനു ശേഷം സുബ്‌ഹിക്കു മുമ്പായി നിര്‍വഹിക്കുന്ന ഒരു ഐച്ഛിക നമസ്‌കാരമാണ്‌ രാത്രി നമസ്‌കാരം. ഖിയാമുല്ലൈല്‍, തഹജ്ജുദ്‌, വിത്‌റ്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ നമസ്‌കാരം ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്ടാണ്‌ നിര്‍വഹിക്കേണ്ടത്‌. മറ്റു നമസ്‌കാരങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഈരണ്ടു റക്‌അത്തുകളായി നമസ്‌കരിക്കുകയും അവസാനം ഒറ്റയാക്കുകയും ചെയ്യുന്ന രാത്രി നമസ്‌കാരം പരമാവധി പതിനൊന്ന്‌ റക്‌അത്തായിട്ടാണ്‌ നിര്‍വഹിക്കേണ്ടത്‌. ഈ നമസ്‌കാരം റമദാനിലാകുമ്പോള്‍ ഏറെ പ്രതിഫലാര്‍ഹമായിത്തീരുന്നു.


റമദാനിന്റെ രാത്രിയില്‍ ആരെങ്കിലും ഖിയാമുല്ലൈല്‍ നമസ്‌കരിച്ചാല്‍ അയാളുടെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌. നബി(സ)യുടെ രാത്രി നമസ്‌കാരത്തിന്റെ രൂപം പത്‌നി ആഇശ(റ) വിശദീകരിക്കുന്നതിങ്ങനെയാണ്‌: ``റസൂല്‍(സ) റമദാനിലോ അല്ലാത്ത കാലത്തോ പതിനൊന്നു റക്‌അത്തിലധികം നമസ്‌കരിച്ചിട്ടില്ല. അദ്ദേഹം നാലു റക്‌അത്ത്‌ നമസ്‌കരിക്കും. അതിന്റെ മേന്മയോ ദൈര്‍ഘ്യമോ എത്രയെന്ന്‌ എന്നോട്‌ ചോദിക്കേണ്ട! പിന്നീട്‌ നാലു റക്‌അത്ത്‌ നമസ്‌കരിക്കും. അതിന്റെയും മേന്മയും ദൈര്‍ഘ്യവും എത്രയെന്ന്‌ എന്നോട്‌ ചോദിക്കേണ്ട! പിന്നെ മൂന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കും.'' (മുസ്‌ലിം)

റമദാനില്‍ രണ്ടുമൂന്നു ദിവസം ഈ നമസ്‌കാരം നബി(സ) ജമാഅത്തായി നമസ്‌കരിച്ചു എന്നും ഹദീസില്‍ വന്നിട്ടുണ്ട്‌. റമദാനില്‍ രാത്രികാലങ്ങളില്‍ പള്ളികള്‍ സജീവമാക്കിക്കൊണ്ട്‌ വിശ്വാസികള്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുന്നു. തറാവീഹ്‌ എന്ന പേരിലാണ്‌ പില്‌ക്കാലത്ത്‌ ഇത്‌ അറിയപ്പെട്ടത്‌ എന്നല്ലാതെ, രാത്രി നമസ്‌കാരത്തിനു പുറമെ റമദാനില്‍ തറാവീഹ്‌ എന്ന ഒരു നമസ്‌കാരമുണ്ടെന്ന്‌ ചിലര്‍ ധരിച്ചുവെച്ചത്‌ ശരിയല്ല.
വളരെ പുണ്യകരമാണെന്ന്‌ ഇസ്‌ലാം നിര്‍ദേശിച്ച ഒരു കര്‍മമാണ്‌ ദാനധര്‍മങ്ങള്‍. അല്ലാഹു തനിക്ക്‌ നല്‌കിയ അനുഗ്രഹമായ സമ്പത്ത്‌ പാവപ്പെട്ടവര്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള സന്മനസ്സാണ്‌ ദാനധര്‍മങ്ങളിലൂടെ ഉണ്ടാവുന്നത്‌. സഹായം സമ്പത്തു കൊണ്ട്‌ മാത്രമല്ല, സേവനം കൊണ്ടും മറ്റു സഹായങ്ങള്‍ കൊണ്ടുമാവാം ഇതെല്ലാം പുണ്യകര്‍മമാണ്‌. ഇങ്ങനെയുള്ള സാമ്പത്തിക സഹായങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും റമദാന്‍ മാസത്തിലെ വ്രതനാളുകളില്‍ ഏറെ പുണ്യകരവും ഇരട്ടി പ്രതിഫലവുമുള്ളതും ആയിത്തീരുന്നു. നബി(സ) ജനങ്ങളില്‍ വെച്ച്‌ ഏറ്റവും ഔദാര്യവാനാണ്‌. റമദാന്‍ മാസം ആയിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഔദാര്യശീലം ശതഗുണീഭവിക്കും. അത്‌ അടിച്ചുവീശുന്ന മാരുതനെപ്പോലെ ആയിത്തീരുമെന്നാണ്‌ ഹദീസുകളില്‍ വിശേഷിപ്പിക്കുന്നത്‌.

റമദാനിലെ വ്രതാനുഷ്‌ഠാനം ഇസ്‌ലാം നിശ്ചയിച്ചത്‌ വ്യക്തിനിഷ്‌ഠമായ ഒരു നിര്‍ബന്ധ കര്‍മമായിട്ടാണെങ്കിലും അത്‌ യഥാവിധി നിര്‍വഹിക്കപ്പെടുമ്പോള്‍ ആ വ്യക്തിയുടെ പരലോകസൗഖ്യത്തോടൊപ്പം ഐഹിക ജീവിതത്തില്‍ അയാള്‍ക്ക്‌ വിശുദ്ധമായ ഒരു വ്യക്തിത്വവും അതു മുഖേന സമൂഹത്തില്‍ മാനവികതയിലൂന്നിയ സമാധാന പൂര്‍ണമായ ഒരന്തരീക്ഷവും സംജാതമാവുന്നു. മനുഷ്യര്‍ തങ്ങളില്‍ നൈസര്‍ഗികമായി കുടികൊള്ളുന്ന നന്മകളെ പരമാവധി പരിപോഷിപ്പിക്കുകയും അല്ലാഹുവോട്‌ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത്‌ ജനങ്ങള്‍ക്കും നല്ലതായിത്തീരുന്നു. അതോടൊപ്പം ഓരോ മനുഷ്യനും തന്റെ ഉള്ളിലുള്ള ചീത്ത വികാരങ്ങളും തിന്മയിലേക്ക്‌ നീങ്ങാനുള്ള പ്രേരണയും പരമാവധി നിയന്ത്രിച്ചു നിര്‍ത്തി ജീര്‍ണതകളില്‍ നിന്ന്‌ മുക്തി നേടുന്നു. ഇത്‌ സാംസ്‌കാരികമായ ഔന്നത്യവും ഉത്തമ സമൂഹസൃഷ്‌ടിക്കുള്ള കാരണവും ആയിത്തീരുന്നു. മേല്‍പറഞ്ഞ നന്മകള്‍ റമദാനില്‍ മാത്രം പുണ്യമായതല്ല. തിന്മകളും ദുസ്സ്വഭാവങ്ങളുമാകട്ടെ റമദാനില്‍ മാത്രം നിഷിദ്ധമായതുമല്ല. പിന്നെന്തു സംഭവിച്ചു? പ്രത്യേക കര്‍മങ്ങള്‍ നിര്‍ദേശിക്കാതെ തന്നെ സുകൃതങ്ങള്‍ ചെയ്‌തുകൊണ്ട്‌ ജാഗരൂകമായ ജീവിതം നയിക്കുന്ന ആത്മീയമായ അടിയന്തിരാവസ്ഥയാണെന്ന്‌ പറയാം റമദാനിലുള്ളത്‌.


by അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി