വ്രതം, അധാർമികതയോടുള്ള ചെറുത്തുനിൽപ്പ്

തിരിഞ്ഞു നിൽക്കാനുള്ള ചങ്കൂറ്റമാണ് ഇന്നത്തെ സമൂഹത്തിനു പ്രധാനമായും നഷ്ടപ്പെട്ടിരിക്കുന്നത്. പൊങ്ങുതടികളാകുക എളുപ്പമാണ്. അധർമങ്ങൾക്കും ആഭാസങ്ങൾക്കുമെതിരെ ഉറച്ചുനിൽക്കുന്നത് സുദൃഢ വ്യക്തിത്വത്തിന്റെ അടയാളമാണ്. രാജിയാകുക ഭീരുത്വമാണ്. സായുധ പോരാട്ടങ്ങളേക്കാൾ ശ്രമകരമാണ് മനോഭാവങ്ങൾക്കെതിരെയുള്ള ആത്മസമരം. വിശ്വാസികളുടെ മനസ്സിൽ ഈ സമര പ്രഖ്യാപനമാണ് ആണ്ടുതോറും വിശുദ്ധ റമസാൻ നിർവഹിക്കുന്നത്. പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും ആയുധ വർഷങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാൻ ജീവിതത്തിൽ, നഷ്ടപ്പെട്ട പരിചയുടെ വീണ്ടെടുപ്പാണു വ്രതം.

വികാര വിക്ഷോഭങ്ങൾ തീർത്ത അപക്വ പ്രതികരണങ്ങളിൽ നിന്നു വിനയാന്വിതമായ വിചാര തീരത്തേക്ക് തിരിച്ചു നടക്കേണ്ട കാലം.വിറ്റുവരവും ലാഭനഷ്ടങ്ങളും കണക്കാക്കുന്ന വ്യാപാരിയേക്കാൾ ജാഗ്രതയോടെ സ്വചെയ്തികളിലെ നിറഭേദങ്ങൾ ചികയേണ്ട വിചിന്തനത്തിന്റെ കാലം.  മനസ്സും ശരീരവും ദുർമേദസുകളാൽ കളങ്കിതമാകുമ്പോൾ ശുദ്ധ പ്രകൃതിയിലേക്ക് - ഫിത്റത്ത്- തിരിച്ചറിവോടെയുള്ള തിരിച്ചുപോക്കിന് സജ്ജമാകേണ്ട രാപ്പകലുകൾ. തണൽ മരത്തിന് താഴെ തെല്ലുനേരം വിശ്രമിക്കുന്ന പഥികന്റെ ആസ്വാദന ക്ഷണികതയ്ക്ക് സമാനമാണ് ഭൗതിക ജീവിതമെന്ന അവബോധം പുനഃസൃഷ്ടിക്കാൻ ഈ അന്നവർജനത്തിനു കഴിയണം. മതവും വിശ്വാസവും കലഹഹേതുവാകുന്ന ലോകത്ത് ആദർശം തണൽമരമായി പന്തലിക്കണം.

നഷ്ടമാകുന്ന മൂല്യങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാക്കണം. ചോർന്നുപോയ സദ്ഭാവങ്ങൾ പുനരാഗിരണം ചെയ്യണം. ഗർവിൽ നിന്ന് എളിമയിലേക്കു സ്വയം തിരിച്ചു നടക്കണം. വിശപ്പ് അപരരുടെ അനുഭവം മാത്രമല്ല, ഉദരങ്ങളുടെ പൊതു സ്വഭാവമാണെന്നറിയണം. അലങ്കരിച്ച തെരുവുകൾക്കും നിറഞ്ഞ തീൻമേശകൾക്കും അപ്പുറം താൽക്കാലികമായി ക്രമീകരിച്ച ശീല സ്വഭാവങ്ങൾക്കുമപ്പുറം, തന്റേടവും ത്രാണിയുമുള്ള ആദർശ നാളുകൾക്കായി മനസ്സാ പ്രതിജ്ഞയുണ്ടാവണം. ഉരുവിടുന്ന സ്ത്രോത്ര മന്ത്രണങ്ങൾക്കൊപ്പം ഉരുത്തിരിയേണ്ടത് ആത്മചൈതന്യമാണ്. ദീപപ്രഭകളിൽ, കാമ്പ് ചോർന്ന അനുഷ്ഠാന മുറകളല്ല, രക്ഷിതാവുമായി ആരുമറിയാത്ത ആത്മ ബന്ധമാണ് ശീലിച്ചെടുക്കേണ്ടത്.

ദുർഘട പാതയിൽ താനേറെ പിന്നിട്ടെന്ന നിരാശയല്ല, തന്റെ മുന്നിൽ കരുണാർദ്രനായ രക്ഷിതാവ് കാത്തിരിക്കുന്നുവെന്ന പ്രതീക്ഷയാണുണ്ടാകേണ്ടത്. രക്ഷിതാവ് സന്തോഷിക്കും, തീർച്ച. വിജനതയിൽ പാഥേയവുമായി എങ്ങോ മറഞ്ഞ ഒട്ടകം തിരിച്ചുവരുന്നത് കണ്ണുനിറയെ കാണുന്ന യാത്രക്കാരന്റെ അവാച്യമായ ആഹ്ലാദം. വാക്കിലും നോക്കിലും വ്രതത്തിന്റെ വിശുദ്ധി തിളങ്ങുന്നുണ്ടെങ്കിൽ ഓരോ നോമ്പുകാരനും ആത്മനിർവൃതിക്ക് അവകാശമുണ്ട്. അനശ്വരവാസത്തിന്റെ ആസ്വാദ്യ ലോകത്തേക്ക് സ്വർഗ വാതായനം (റയ്യാൻ) തുറന്നുകിടപ്പുണ്ട്, തിരസ്കാരത്തിന്റെ ത്യാഗം സഹിച്ച് തിരിച്ചറിവിന്റെ സുധീര നിലപാട് സ്വീകരിച്ചവർക്കു വേണ്ടി.

By അഷ്‌റഫ്‌ വാരണാക്കര

പാപക്കറകളിൽ നിന്ന് മുക്തി നേടുക                

ഓരോ വ്യക്തിയുടെയും വികാര വിചാരങ്ങളാണ് അയാളുടെ വ്യക്തിത്വം ആകൃതിപ്പെടുത്തുന്നത്. ഹൃദയശൂന്യത, ഹൃദയവിശാലത തുടങ്ങിയ പദങ്ങൾ നമുക്ക് പരിചിതമാണ്.  പ്രത്യക്ഷ കാഴ്ചകൾക്കപ്പുറം  ഹൃദയത്തിന് ഒരാത്മീയ തലം കൂടിയുണ്ട്. അത് നമ്മുടെ മനസ്സുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വിശ്വാസം സ്ഥിതിചെയ്യുന്ന കേന്ദ്രമാണ് ഹൃദയം. പാപങ്ങൾ അതിനെ ബാധിക്കുന്ന മാലിന്യങ്ങളും. പ്രസ്തുത മാലിന്യങ്ങളെ ഹൃദയത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള മരുന്നാണ് പശ്ചാതാപം (തൗബ). പ്രവാചക തിരുമേനി പറഞ്ഞു: വിശ്വാസി ഒരു തെറ്റ് ചെയ്താല്‍ അവന്റെ ഹൃദയത്തില്‍ കറുത്ത പുള്ളി വീഴും. അവന്‍ ഉടനെ പശ്ചാതപിച്ചാല്‍ പ്രസ്തുത പുള്ളി നീങ്ങി ഹൃദയം തിളങ്ങും. തൗബ ചെയ്തില്ലെങ്കിലോ?. ആ കറുത്ത പുള്ളി ക്രമേണ വലുതായി അവസാനം അതവൻറെ ഹൃദയത്തെ മൂടും. ഇപ്രകാരം ഹൃദയം കടുത്തുപോകുന്ന അവസ്ഥ വിശുദ്ധ ഖുര്ആന്‍ വിവരിക്കുന്നുണ്ട്.

സ്വന്തം കുറ്റങ്ങളും കുറവുകളും സ്വയം ബോധ്യപ്പെടുക അത്ര എളുപ്പമുള്ള കാര്യമല്ല. അന്യരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനും വിമർശിക്കാനുമാണ് അധികപേർക്കും  മിടുക്ക്. സ്വന്തം കുറ്റങ്ങള്‍ കാണാനുള്ള കണ്ണുണ്ടെങ്കിലേ പശ്ചാത്തപിക്കാൻ മനസ്സ് പാകമാവൂ. വിശുദ്ധ ഖുർആൻ രോഗങ്ങളെ കുറിച്ച് പലയിടങ്ങളിൽ പ്രതിപാദിച്ചതെല്ലാം മനസ്സിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചതാണ്. ദുഷ്ട വിചാരവും അസൂയയും പകയും കുശുമ്പും അഹങ്കാരവുമെല്ലാം  അകത്ത് അള്ളിപ്പിടിക്കുന്ന രോഗങ്ങളാണ്. തിരിച്ചറിവും തൗബയുമാണ് ഇവക്കുള്ള ഔഷധം. ഇന്നത്തെ മിക്ക രോഗങ്ങളും മനോ ശാരീരിക (psychosomatic) മാണെന്ന് വൈദ്യശാസ്ത്രവും മനഃശാസ്ത്രവും നമ്മോടു പറയുന്നു. പാപക്കറകളിൽ നിന്നും ദുശ്ചിന്തകളിൽ നിന്നും മുക്തി നേടാനുള്ള കരുത്താവട്ടെ റമദാൻ.

By എം ടി മനാഫ്‌

ഖുർആനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുക

എല്ലാ വേദഗ്രന്ഥങ്ങളിലും നിർബന്ധമായും ഐച്‌ഛികമായുമുള്ള ഒട്ടേറെ നോമ്പുകളുണ്ട്. വ്രതശുദ്ധിയെന്ന പ്രയോഗംതന്നെ നോമ്പിന്റെ സദ്‌ഫലങ്ങളെ സൂഎന്ന വാക്കിന്റെ ഭാഷാർഥം അച്ചടക്കം പാലിക്കുകയെന്നാണ്. ഒരു സമ്പൂർണമായചിപ്പിക്കുന്നു. തോറയിലും ബൈബിളിലും ഗീതയിലും ഉപവാസാനുഷ്‌ഠാനത്തെക്കുറിച്ചു പരാമർശങ്ങളുണ്ട്. വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ ഖുർആനിൽ ഇക്കാര്യം പുനഃപ്രഖ്യാപനം നടത്തുന്നുണ്ട്:  "സത്യവിശ്വാസികളേ! നിങ്ങൾക്കു മുൻപുള്ളവർക്കു വ്രതം നിയമമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും വ്രതം നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്‌മശാലികളായി ജീവിക്കാൻ."(വിശുദ്ധ ഖുർആൻ 2:183). 

വ്രതകാലം പലർക്കും വെറും പട്ടിണിയുടെ കാലമാണ്. ജീവിതത്തിൽ ഒരു മാറ്റവും വരുത്താതെയുള്ള പട്ടിണികിടക്കൽ കൊണ്ടു യാതൊരു ഫലവുമില്ലെന്നു മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്. നല്ല സംസാരം, നല്ല പെരുമാറ്റം, ഉദാരത, സൗമ്യത, വിട്ടുവീഴ്‌ച, ഭക്‌തി തുടങ്ങിയവയാണു നോമ്പിന്റെ പാർശ്വഫലങ്ങളായുണ്ടാവേണ്ട സദ്‌ഗുണങ്ങൾ. വ്രതമെടുത്ത മനുഷ്യനെ ആരെങ്കിലും ചീത്തവിളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്‌താൽ ‘ഞാൻ നോമ്പുകാരനാണ്’ എന്നു മാത്രം പ്രതികരിച്ചാൽ മതിയെന്നും നബി തിരുമേനി (സ) പഠിപ്പിച്ചിട്ടുണ്ട്. വ്രതത്തിന് അറബി ഭാഷയിൽ ‘സൗം’ എന്നാണു പറയുക. സൗം എന്ന വാക്കിന്റെ ഭാഷാർഥം അച്ചടക്കം പാലിക്കുകയെന്നാണ്. ഒരു സമ്പൂർണമായ അടക്കവും ഒതുക്കവും ശീലമാക്കാൻ നോമ്പുകൊണ്ടു സാധിക്കണമെന്നർഥം. 

നബി (സ) പൊതുവേ ഉദാരനായിരുന്നു.  റമസാനിൽ അദ്ദേഹത്തിന്റെ ഔദാര്യം അടിച്ചുവീശുന്ന കാറ്റുപോലെ വ്യാപകമായിരുന്നുവെന്ന് സഹാബികൾ (അനുചരന്മാർ) പറയുന്നു. ദരിദ്രരോടും കഷ്‌ടപ്പെടുന്നവരോടും ആർദ്രത കാണിക്കാൻ റമസാനിൽ പ്രചോദനമുണ്ടാകുന്നത് നോമ്പെടുത്തവൻ വിശപ്പ് അനുഭവിച്ചറിയുന്നതുകൊണ്ടാണ്. പകലന്തിയോളം വിശപ്പും ദാഹവും സഹിക്കുന്ന പണക്കാരന് പാവങ്ങളുടെ വിശപ്പിന്റെ കാഠിന്യം പിന്നീടു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഒരാൾ മറ്റൊരാളെ നോമ്പു തുറപ്പിച്ചാൽ അയാൾക്കു നോമ്പെടുത്ത പ്രതിഫലം ലഭിക്കുമെന്നാണു പ്രമാണം. റമസാനിന്റെ പരിസമാപ്‌തിയായെത്തുന്ന പെരുന്നാൾ സുദിനത്തിൽ ആരും പട്ടിണികിടക്കാതിരിക്കാനാണ് ഫിത്‌ർ സകാത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. 

ശരീരത്തിനു വിശ്രമം നൽകാൻ ഉപവാസം ഏറെ നല്ലതാണ്. പക്ഷേ, പകൽ മുഴുവൻ പട്ടിണികിടക്കുകയും രാത്രി മുഴുവൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഏറെയും. അശാസ്‌ത്രീയവും അനാരോഗ്യകരവും അനവസരത്തിലുള്ളതുമായ ഈ ഭക്ഷണരീതി വ്രതകാലത്തു ശരിയല്ല. നബി തിരുമേനി (സ) അൽപം ഈത്തപ്പഴവും പച്ചവെള്ളവുമായിരുന്നു നോമ്പു തുറക്കുമ്പോഴും അത്താഴത്തിനും കഴിച്ചിരുന്നത്. രാത്രി നമസ്‌കാരങ്ങളിലും ഇഅ്‌തികാഫിനും ഖുർആൻ പാരായണത്തിനുമെല്ലാം അലസത വരാതിരിക്കാനും വ്രതകാലത്തു ലഘുഭക്ഷണം ശീലമാക്കുന്നതാണു നല്ലത്. മനുഷ്യസമൂഹത്തിനു മുഴുവൻ മാർഗദർശനമായി ഖുർആൻ അവതരിപ്പിക്കപ്പെട്ട റമദാനിൽ ഖുർആനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുവാൻ വിശ്വാസികൾക്കു ബാധ്യതയുണ്ട്.

✍ഹുസൈൻ മടവൂർ

നോമ്പുതുറ / ഇഫ്താർ

സമയമായാൽ നോമ്പ്‌ മുറിക്കുവാൻ ധൃതികാണിക്കുക എന്നതാണ് നബിചര്യ. അതായത്‌ 6.45 നാണ് സമയമെങ്കിൽ 6.46 ആവട്ടെ എന്ന് വിചാരിക്കരുത്‌. കാരണം ഈ ചിന്താഗതി സുന്നത്ത്‌ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ഉണ്ടാക്കുവാൻ കാരണമാകുന്നതാണ്.  

നബി (സ) പറഞ്ഞു : "ജനങ്ങള്‍ നോമ്പ് മുറിക്കുവാന്‍ ധൃതികാണിക്കുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും." [ബുഖാരി]

നബി (സ) പറഞ്ഞു : "ജനങ്ങൾ നോമ്പ്‌ മുറിക്കുവാൻ ധൃതിപ്പെടുന്ന കാലമത്രയും മതം വിജയിച്ചുകൊണ്ടേയിരിക്കും." [അബൂദാവൂദ്‌]

നബി (സ) അരുളി : "നിശ്ചയം ജൂതന്മാരും ക്രിസ്ത്യാനികളുമാണ്‌ നോമ്പ് മുറിക്കല്‍ പിന്തിപ്പിക്കുക." [അബൂദാവൂദ്]

ഇബ്നു ഹജര്‍ (റ)  'ഈ കാലത്തുണ്ടാക്കിയ അനാചാരങ്ങളില്‍ പെട്ടതാണ്' എന്ന് പറഞ്ഞുകൊണ്ട് എഴുതുന്നു : "അങ്ങിനെ അവര്‍ നോമ്പ് മുറിക്കുന്നതിനെ പിന്തിക്കുകയും അത്താഴത്തെ മുന്തിപ്പിക്കുകയും ചെയ്തു. സുന്നത്തിനു അവര്‍ ഇപ്രകാരം എതിര് പ്രവര്‍ത്തിച്ചു. അതിനാല്‍ നന്മ അവരില്‍ കുറയുകയും തിന്മ വര്‍ദ്ധിക്കുകയും ചെയ്തു. അല്ലാഹു സഹായിക്കട്ടെ." [ഫത്ഹുല്‍ബാരി 5/721]

നോമ്പ്‌ മുറിക്കുന്നത്‌ ഈത്തപ്പഴം കൊണ്ടോ വെള്ളം കൊണ്ടോ ആയിരിക്കുന്നത്‌ നല്ലതാണ്. നബി (സ) പറഞ്ഞു : "നിങ്ങൾ നോമ്പ്‌ മുറിക്കുകയാണെങ്കിൽ ഈത്തപ്പഴം കൊണ്ട്‌ നോമ്പ്‌ മുറിക്കുക. അത്‌ നന്മയാണ്. അതു ലഭിക്കാത്തവൻ വെള്ളം കൊണ്ട്‌ മുറിക്കട്ടെ. നിശ്ചയം അത്‌ ശുദ്ധീകരണക്ഷമമാകുന്നു." [അബൂദാവൂദ്‌]

എന്നാൽ നമുക്ക്‌ വേഗത്തിൽ ലഭിക്കുന്നതെന്താണോ അതുകൊണ്ട്‌ നോമ്പ്‌ മുറിക്കാം. ബുഖാരിയിൽ 'ഒരാൾക്ക്‌ എളുപ്പത്തിൽ ലഭിക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിക്കൽ ' എന്നൊരു അധ്യായം തന്നെ കാണാം. ശേഷം പായസം കൊണ്ട്‌ നബി (സ) നോമ്പ്‌ മുറിച്ച സംഭവം ഉദ്ധരിക്കുന്നു.

നോമ്പ്‌ മുറിക്കുമ്പോൾ നബി (സ) ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു : "അല്ലാഹുവേ, നിനക്ക്‌ വേണ്ടി ഞാൻ നോമ്പനുഷ്ഠിക്കുകയും നിന്റെ ഭക്ഷണത്തിന്മേലായി ഞാൻ നോമ്പ്‌ മുറിക്കുകയും ചെയ്യുന്നു." [അബൂദാവൂദ്‌]

✍ അബ്ദുസ്സലാം സുല്ലമി

ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നോമ്പും

അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നോമ്പെടുക്കുവാൻ പ്രയാസപ്പെടുന്നവർ  ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം." [അദ്ധ്യായം 2 ബഖറ 183,184]

'നോമ്പെടുക്കുവാൻ പ്രയാസപ്പെടുന്നവർ ' എന്ന് അല്ലാഹു പ്രസ്താവിച്ച ആളുകളുടെ പരിധിയിൽ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഉൾപ്പെടുന്നു. സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തെ ഭയപ്പെട്ടും കുട്ടിയുടെ ആരോഗ്യത്തെ ഭയപ്പെട്ടും ഇവർക്ക്‌ നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്.

നബി (സ) പറഞ്ഞു : "അല്ലാഹു യാത്രക്കാരനു നമസ്കാരത്തിന്റെ പകുതിയും നോമ്പും ഇളവു ചെയ്തിരിക്കുന്നു. അതുപോലെ ഗർഭിണിക്കും മുലകൊടുക്കുന്ന സ്ത്രീക്കും (നോമ്പ്‌ ഉപേക്ഷിക്കുവാൻ അല്ലാഹു അനുമതി നൽകിയിരിക്കുന്നു)." [നസാഈ]

അനസ്‌ (റ) നിവേദനം : "സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ ഭയപ്പെടുന്ന ഗർഭിണിക്കും തന്റെ കുട്ടിയുടെ കാര്യത്തിൽ ഭയപ്പെടുന്ന മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ്‌ ഉപേക്ഷിക്കുവാൻ നബി (സ) ഇളവ്‌ അനുവദിച്ചിരിക്കുന്നു." [ഇബ്നു മാജ]

ഇബ്നു അബ്ബാസ്‌ (റ) പറയുന്നു : 'പ്രയാസപ്പെടുന്നവർ ' എന്ന് അല്ലാഹു പറയുന്നതിൽ ഗർഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പിൽ ഇളവു നൽകലും പെടും. അവർ ഭയപ്പെടുന്ന പക്ഷം." [അബൂദാവൂദ്‌]

ഇവർ പ്രായശ്ചിത്തം നൽകിയാൽ മതി. മറ്റു ദിവസങ്ങളിൽ നോറ്റുവീട്ടൽ നിർബന്ധമില്ല. എങ്കിലും നോറ്റുവീടാൻ ശ്രമിക്കുന്നതാണ് നല്ലത്‌. ഇബ്നു ഉമർ (റ) പറയുന്നു : "സ്വന്തം  ശരീരത്തിന്റെ  കാര്യത്തിൽ ഭയപ്പെടുന്ന ഗർഭിണി റമദാനിൽ നോമ്പ്‌ ഉപേക്ഷിച്ചതിന്ന് പ്രായശ്ചിത്വം നൽകിയാൽ മതി. നോറ്റുവീട്ടൽ നിർബന്ധമില്ല." [അബ്ദുറസാഖ്‌, ത്വബ്‌രി]. ഈ റിപോർട്ടിന്റെ പരമ്പര വളരെയധികം സ്വഹീഹായതാണ്. ബുഖാരി, മുസ്‌ലിമിന്റെ നിവേദകന്മാരാണ് ഇതിന്റെ പരമ്പരയിലുള്ളത്‌.

സഈദ്ബ്നു ജുബൈർ (റ) പറയുന്നു : "ഗർഭിണിയും കുട്ടിയുടെ കാര്യത്തിൽ ഭയപ്പെടുന്ന മുലയൂട്ടുന്ന സ്ത്രീകളും നോമ്പനുഷ്ഠിക്കേണ്ടതില്ല. അവർ പ്രായശ്ചിത്തം നൽകിയാൽ മതി. ശേഷം നോമ്പ്‌ നോറ്റുവീട്ടേണ്ടതില്ല." [അബ്ദുറസാഖ്‌, മുഹല്ല]. ഖത്താദ (റ)യിൽ നിന്നും ഇതുപോലെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.

ഒരു ദരിദ്രന്റെ ഒരു നേരത്തെ ഭക്ഷണത്തിന്ന് ആവശ്യമായ സംഖ്യ ഒരു നോമ്പിന്ന് പകരമായി നൽകുക എന്നതാണ് പ്രായശ്ചിത്തത്തിന്റെ കണക്ക്‌. കൂടുതൽ നൽകുന്നതും പുണ്യകർമ്മമാണെന്ന് ഖുർആൻ തന്നെ പറയുന്നു. ഒരു ദരിദ്രനു തന്നെ പ്രായശ്ചിത്തം മുഴുവൻ നൽകുന്നതുകൊണ്ട്‌ വിരോധമില്ല.

✍ അബ്ദുസ്സലാം സുല്ലമി