നോമ്പ് മുറിക്കാന്‍ താമസിപ്പിക്കല്‍


നോമ്പ് കാലത്ത് മഗ്'രിബിന്‍റെ  സമയമായാലും രണ്ട് മിനിറ്റ് താമസിപ്പിച്ച് ബാങ്ക് വിളിക്കുന്ന സമ്പ്രദായം ചില പള്ളികളില്‍ കാണാം. അങ്ങനെ ഇവര്‍ ജനങ്ങളെ നോമ്പ് മുറിക്കുന്നതില്‍ താമസം വരുത്തുന്നു. ഈ അനാചാരത്തെ ഇവര്‍ സൂക്ഷ്മതയായി വ്യാഖ്യാനിക്കുന്നു. നബിചര്യയെ ധിക്കരിക്കല്‍ ഭയഭക്തിയായി നിര്‍വഹിക്കുന്നു. 
നബി (സ) പറഞ്ഞു : ജനങ്ങള്‍ നോമ്പ് മുറിക്കുവാന്‍ ധൃതികാണിക്കുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും. [ബുഖാരി]. സുന്നത്തിനെ മറികടക്കുന്ന സ്വഭാവം സൂക്ഷ്മതയായി സ്വീകരിക്കേണ്ടതില്ലെന്നു ഈ ഹദീസ് ഉണര്‍ത്തുന്നു.

ഇബ്നു ഹാജര്‍ (റ) "ഈ കാലത്തുണ്ടാക്കിയ അനാചാരങ്ങളില്‍ പെട്ടതാണ്" എന്ന് പറഞ്ഞുകൊണ്ട് എഴുതുന്നു : അങ്ങിനെ അവര്‍ നോമ്പ് മുറിക്കുന്നതിനെ പിന്തിക്കുകയും അത്താഴത്തെ മുന്തിപ്പിക്കുകയും ചെയ്തു. സുന്നത്തിനു അവര്‍ ഇപ്രകാരം എതിര് പ്രവര്‍ത്തിച്ചു. അതിനാല്‍ നന്മ അവരില്‍ കുറയുകയും തിന്മ വര്‍ദ്ധിക്കുകയും ചെയ്തു. അല്ലാഹു സഹായിക്കട്ടെ. [ഫത്ഹുല്‍ബാരി 5/721] 

നബി (സ) അരുളി : നിശ്ചയം ജൂതന്മാരും ക്രിസ്ത്യാനികളുമാണ്‌ നോമ്പ് മുറിക്കല്‍ പിന്തിപ്പിക്കുക. [അബൂദാവൂദ്]

by അബ്ദുസ്സലാം സുല്ലമി