പുണ്യം നേടാന്‍ തയ്യാറെടുക്കുക

ഈലോകത്ത്‌ ഏതൊരു കാര്യവും വിജയത്തിലെത്തിക്കണമെങ്കില്‍ അതിന്നായി മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതുണ്ട്‌. പ്രീപ്ലാനിംഗില്ലാതെ ഏത്‌ സംരംഭത്തിനിറങ്ങിത്തിരിച്ചാലും വഴിയില്‍ വച്ചവസാനിപ്പിക്കുകയോ വന്‍ നഷ്‌ടം സഹിക്കുകയോ ചെയ്യേണ്ടിവരും. നമ്മള്‍ എത്ര പ്ലാന്‍ ചെയ്‌താലും അത്‌ മുഴുവന്‍ നടപ്പിലാവണമെന്നില്ല. 

അല്ലാഹുവിന്റെ തീരുമാനമനുസരിച്ചേ കാര്യങ്ങള്‍ നടപ്പില്‍ വരൂ. അതുകൊണ്ടാണ്‌ വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ഇന്‍ശാ അല്ലാഹ്‌ എന്ന്‌ പറയുകയും ചെയ്യുന്നത്‌.

ഭൗതികമായ കാര്യങ്ങള്‍ക്ക്‌ മാത്രമല്ല, ഇസ്‌ലാമികമായ കാര്യങ്ങള്‍ നിര്‍വഹിക്കാനൊരുങ്ങുമ്പോഴും ഈ പ്ലാനിംഗ്‌ ആവശ്യമാണ്‌. ദഅ്‌വത്ത്‌ പ്രവര്‍ത്തനങ്ങളും നവോത്ഥാനസംരംഭങ്ങളും ഇതില്‍ നിന്നൊഴിവല്ല. സമൂഹത്തിന്റെ ആവശ്യവും അത്‌ നിര്‍വഹിക്കാനുള്ള നമ്മുടെ വിഭവശേഷിയും പോരായ്‌മ നികത്താനായുള്ള വിഭവ സമാഹരണ സാധ്യതയും കണക്കിലെടുത്തുവേണം ദീനീസംരംഭങ്ങളും ആരംഭിക്കേണ്ടത്‌. ആത്യന്തികമായ വിജയപരാജയങ്ങള്‍ നമുക്ക്‌ തീരുമാനിക്കാനോ മുന്‍കൂട്ടി കാണാനോ കഴിയില്ല. എന്നാല്‍ കാര്യകാരണങ്ങള്‍ക്ക്‌ അടിസ്ഥാനമായി വിജയസാധ്യത മുന്‍കൂട്ടി കാണുന്നവര്‍ക്കേ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കാനാവൂ. അതുകൊണ്ടു തന്നെ മതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ താല്‍ക്കാലിക നേട്ടങ്ങളെക്കാള്‍ അടുത്ത തലമുറയെ മുന്നില്‍കണ്ടു കൊണ്ടുവേണം വര്‍ത്തമാന കാലത്തെ കരുക്കള്‍ നീക്കാന്‍.

മതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമല്ല, മതപരമായ കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നതിനു വേണ്ടിയും മുന്നൊരുക്കം കൂടിയേ കഴിയൂ. വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശര്‍ഇയ്യായ നിലയില്‍ ഹജ്ജ്‌ നിര്‍ബന്ധമായിക്കഴിഞ്ഞ ഒരാള്‍ ഹജ്ജിന്‌ അനുമതി കിട്ടാനും കിട്ടിക്കഴിഞ്ഞാല്‍ യാത്രയ്‌ക്കും മറ്റുമായി എന്തു മാത്രം മുന്നൊരുക്കങ്ങളും ഗൃഹപാഠങ്ങളും ചെയ്‌തുകൊണ്ടിരിക്കുന്നു! സകാത്ത്‌ നല്‍കാന്‍ പ്രത്യേകിച്ച്‌ തയ്യാറെടുപ്പുകള്‍ ആവശ്യമില്ലെങ്കിലും നബി(സ) കാണിച്ചുതന്ന രീതിയില്‍ ഒരു നാട്ടില്‍ സകാത്ത്‌ നടപ്പില്‍ വരുത്തണമെങ്കില്‍ നിരവധി തയ്യാറെടുപ്പുകള്‍ ആവശ്യമാണ്‌.

വിശുദ്ധ റമദാന്‍ ഒരു വിളിപ്പാടകലെ എത്തിനില്‌ക്കുകയാണ്‌. പുണ്യങ്ങളുടെ പൂക്കാലമെന്നും നന്മയുടെ വസന്തമെന്നുമൊക്കെ പറയാവുന്ന റമദാനിന്റെ അനുഗൃഹീതമായ ദിനരാത്രങ്ങളിലൂടെ പുണ്യംനേടാന്‍ ഒരു വ്യക്തി എന്ന നിലയില്‍ വലിയ മുന്നൊരുക്കങ്ങളൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ മുസ്‌ലിംകള്‍ ഒരു സമൂഹമെന്ന നിലയില്‍ റമദാന്‍ കാലത്തിനു മുന്നോടിയായി ചില മുന്നൊരുക്കങ്ങളും പ്ലാനിംഗുകളും നടത്തേണ്ടതുണ്ട്‌. റമദാനിനെക്കുറിച്ച്‌ ചിന്തിക്കാനും പറയാനും ഇനിയും സമയമുണ്ടല്ലോ എന്നു തോന്നിയേക്കാം. എങ്കിലും പുണ്യം പരമാവധി നേടിയെടുക്കാന്‍ താല്‍പര്യമുള്ള വിശ്വാസികള്‍ അതിനു ഭംഗം വരാവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമല്ലോ.

കഴിഞ്ഞ റമദാന്‍ പിന്നിട്ടുപോയിട്ട്‌ ഒരു വര്‍ഷമായി. അസുഖമോ യാത്രയോ മറ്റെന്തെങ്കിലും സംഗതികളോ നിമിത്തം നോമ്പുകള്‍ നഷ്‌ടപ്പെട്ടുപോകാന്‍ സാധ്യതുണ്ടല്ലോ. റമദാന്‍ കഴിഞ്ഞ ഉടനെ അത്‌ നോറ്റുവീട്ടിയവരുണ്ടാകും. ശരിയായ കാരണത്താലോ മാനുഷികമായ അശ്രദ്ധയാലോ അത്‌ ചെയ്‌തിട്ടില്ലാത്തവര്‍ നഷ്‌ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാന്‍ ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കണം. വളരെ അടിയന്തിരമായ മുന്‍ഗണന ഓരോ വിശ്വാസിയും നല്‍കേണ്ട കാര്യമാണിത്‌. കലാലയങ്ങളില്‍ പഠിക്കുന്ന മക്കളെ മാതാപിതാക്കള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുകയും അവരെ ശരിയായ മാര്‍ഗദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്‌. ചെറിയ കുട്ടികളോട്‌ റമദാനിന്റെ പ്രത്യേകതയും വ്രതാനുഷ്‌ഠാനത്തിന്റെ പ്രാധാന്യവും പറഞ്ഞുകൊടുത്ത്‌ അവരെ ഈ പുണ്യകാലത്തോട്‌ താല്‍പര്യമുള്ളവരാക്കിയെടുക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടതാണ്‌.

ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനങ്ങളിലൊന്നായ സകാത്തിന്‌ പ്രത്യേക കാലമില്ല. ബിസിനസുകാര്‍ക്ക്‌ അത്‌ തുടങ്ങിയ മുറയ്‌ക്ക്‌ വര്‍ഷത്തിലൊരിക്കലും കര്‍ഷകര്‍ക്ക്‌ വിളവെടുക്കുമ്പോഴുമാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌. യഥാര്‍ഥത്തില്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട ഒരു സംഗതിയാണ്‌ നാട്ടിലെ സകാത്ത്‌. എങ്കിലും നമ്മുടെ നാട്ടിലെ മിക്ക ആളുകളും സകാത്തിന്‌ തെരഞ്ഞെടുക്കുന്നത്‌ റമദാന്‍ മാസമാണ്‌. റമദാനില്‍ സകാത്ത്‌ നല്‍കുന്നതുകൊണ്ട്‌ പ്രത്യേക പുണ്യമൊന്നുമില്ലെങ്കിലും വര്‍ഷം കണക്കാക്കാന്‍ റമദാന്‍ തെരഞ്ഞെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. സ്വഹാബിമാരില്‍ ചിലര്‍ അങ്ങനെ ചെയ്‌തിരുന്നു. റമദാന്‍ സകാത്തിന്റെ സന്ദര്‍ഭമായി കണക്കാക്കുന്ന ബിസിനസുകാര്‍ ലൈലതുല്‍ ഖദ്‌റിന്റെ തലേന്നാള്‍ രാപ്പകലില്ലാതെ കണക്കെടുക്കുന്നതിനുപകരം റമദാനിനു മുമ്പായി എല്ലാം തയ്യാറാക്കിവെച്ചാല്‍ റമദാനിന്റെ വിലപ്പെട്ട സമയം ആരാധനയ്‌ക്ക്‌ വേണ്ടി നീക്കിവയ്‌ക്കാം.

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ റമദാനിലേക്ക്‌ വേണ്ടി ഭക്ഷണം ഒരുക്കിവെക്കാനാണ്‌ മിക്കപ്പോഴും നാം തയ്യാറാകുന്നത്‌. ആവശ്യമായ തയ്യാറെടുപ്പുകള്‍ ആവാമെങ്കിലും മെനുവാണ്‌ നോമ്പിന്റെ മെയ്‌ന്‍ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ്‌ മുസ്‌ലിം സമൂഹത്തിന്റെ പെരുമാറ്റം. ഇന്നത്തെ പ്രിന്റ്‌-ദൃശ്യ മീഡിയ നോമ്പിനെ ഉയര്‍ത്തിക്കാണിക്കുന്നത്‌ ഭക്ഷ്യവൈവിധ്യത്തിന്റെ ആഘോഷകാലമായിട്ടാണ്‌. വിശ്വാസികള്‍ അതില്‍ വീഴരുത്‌.

റമദാനിന്റെ സമാപനത്തോടെ ഈദുല്‍ഫിത്വ്‌ര്‍ വരുന്നു. ഈദുല്‍ഫിത്വ്‌ര്‍ ആഘോഷമാണ്‌. അതിന്നായി പുത്തനുടുപ്പുകളോ മറ്റു വസ്‌തുക്കളോ വാങ്ങാന്‍ സമയം കാണേണ്ടിവരും. റമദാനിന്റെ ഏറെയും പുണ്യകരമായ ഒടുവിലെ പത്തില്‍ മുസ്‌ലിം സ്‌ത്രീപുരുഷന്മാര്‍ തെരുവുകളില്‍ കഴിഞ്ഞുകൂടുന്ന ദുരവസ്ഥയ്‌ക്ക്‌ മാറ്റം ഉണ്ടാകണമെങ്കില്‍ ഇപ്പോള്‍ തന്നെ ഒരുങ്ങണം. കഴിവതും വലിയ തരത്തിലുള്ള ഷോപ്പിംഗിന്‌ റമദാന്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അന്നന്നത്തെ അധ്വാനത്തിന്റെ വേതനം കൊണ്ട്‌ ജീവിക്കുന്ന പതിനായിരങ്ങളെ മുന്നില്‍കണ്ടുകൊണ്ട്‌ തന്നെയാണിത്‌ പറയുന്നത്‌. അത്തരക്കാരല്ല, നിത്യവിപണി സജീവമാക്കുന്നത്‌. സൗകര്യമുള്ളവര്‍ക്ക്‌ നേരത്തെ തയ്യാറെടുക്കാമല്ലോ. എങ്കില്‍ റമദാനിലെ പുണ്യം തേടി ഏറെ സമയം കഴിച്ചുകൂട്ടാം.

ഇസ്‌ലാമിക പഠനകേന്ദ്രമായ മദ്‌റസകള്‍ക്ക്‌ റമദാനില്‍ പൂര്‍ണമായ അവധി നല്‍കുന്ന പ്രവണത നമ്മുടെ നാട്ടില്‍ കാണുന്നുണ്ട്‌. എന്നാല്‍ കൂട്ടികള്‍ക്ക്‌ വിശുദ്ധ ഖുര്‍ആനുമായി കൂടുതല്‍ ബന്ധപ്പെടുവാന്‍ അവസരമൊരുക്കുകയല്ലേ നല്ലത്‌! കുട്ടികള്‍ക്ക്‌ പഠിച്ചത്‌ ആവര്‍ത്തിക്കാനും ഖുര്‍ആന്‍ മനപ്പാഠമാക്കാനും പാഠം തീരാത്ത പ്രശ്‌നമുണ്ടെങ്കില്‍ അത്‌ പരിഹരിക്കാനും റമദാനിലെ മദ്‌റസാ ക്ലാസ്സുകള്‍ക്ക്‌ സാധിക്കുന്നു. വ്രതവേളയില്‍ ദീനീ കാര്യങ്ങള്‍ പഠിക്കാനും അനുസ്‌മരിക്കാനും നടത്തപ്പെടുന്ന ക്ലാസുകളും പഠനക്യാമ്പുകളും ശ്ലാഘനീയമാണ്‌. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൂട്ടി ഒരുക്കങ്ങള്‍ ആവശ്യമാണ്‌.

പഴയകാലത്ത്‌ മലബാറിലെ മുസ്‌ലിം സ്‌ത്രീകള്‍ റമദാനിന്റെ തലേ ദിവസം `നനച്ചുകുളി' എന്ന പേരില്‍ വീടും പരിസരവും അടിച്ചുതളിച്ച്‌ അലക്കിവെളുപ്പിച്ച്‌ നോമ്പിനൊരുങ്ങുന്ന തരത്തിലുള്ള ഒരുക്കമല്ല നാം സൂചിപ്പിച്ചത്‌. മറിച്ച്‌, റമദാനിന്റെ പുണ്യസമയം പരമാവധി നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം, തഹജ്ജുദ്‌, ഇഅ്‌തികാഫ്‌ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തിനിഷ്‌ഠമായ പരിമിതികളില്‍ നിന്നുകൊണ്ട്‌, വ്യാപൃതരാവാന്‍ വേണ്ടി മറ്റു കാര്യങ്ങള്‍ കഴിവതും മുന്‍കൂട്ടി ചെയ്‌തുതീര്‍ക്കാന്‍ ശ്രമിക്കാമെന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം.

റമദാന്‍ ആഘോഷമല്ല, ആരാധനയാണ്‌. എന്നാല്‍ പുറത്തിറങ്ങിയാല്‍ കാണുന്നത്‌ റമദാന്‍ ആഘോഷിക്കുന്നതാണ്‌. ബിസിനസ്‌ ലോബി ഒരുക്കിവയ്‌ക്കുന്ന കെണികളില്‍ വിശ്വാസികള്‍ ചെന്നുചാടരുത്‌. റമദാന്‍ ബംബര്‍, റമദാന്‍ ഓഫര്‍ തുടങ്ങിയവയാല്‍ പുഷ്‌കലമായ ലോകമാണ്‌ കണ്‍മുന്നില്‍. എന്നാല്‍ ഓരോ കര്‍മത്തിനും സദ്‌വിചാരങ്ങള്‍ക്കു പോലും നൂറിരട്ടി പ്രതിഫലമാകുന്നു അല്ലാഹുവിന്റെ ഓഫര്‍. ഈ ഓഫര്‍ കരസ്ഥമാക്കി പാരത്രിക വിജയം കരസ്ഥമാക്കാന്‍ വേണ്ടി നമുക്ക്‌ തയ്യാറെടുക്കാം; ഇപ്പോള്‍ തന്നെ.

FROM SHABAB EDITORIAL