"ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ മുമ്പുള്ളവരുടെമേല്‍ നിയമിക്കപ്പെട്ടത്പോലെ നിങ്ങളുടെമേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം. അതെ, എണ്ണപ്പെട്ട (അല്പം) ചില ദിവസങ്ങളില്‍" [അദ്ധ്യായം 2 ബഖറ 183,184]
വ്യാഖ്യാനം :
1) ഹേ വിശ്വസിച്ചവരെ എന്ന് വിളിച്ചുകൊണ്ടാണ് നോമ്പ് നിങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നുവെന് ന് അല്ലാഹു പറയുന്നത്. അതിനാല്‍ ഓരോ സത്യവിശ്വാസിക്കും നോമ്പ് നിര്‍ബന്ധമാകുന്നു. പ്രത്യേകം ഒഴിവു നല്കപ്പെട്ടവര്‍ മാത്രമേ ഇതില്‍ നിന്നും ഒഴിവാകുകയുള്ളൂ. ഈ വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല.
2) ഭക്ഷണപാനീയങ്ങളും സ്ത്രീ സംസര്‍ഗവും ഉപേക്ഷിച്ചുകൊണ്ടുള്ള വ്രതമാണ് ഇസ്ലാമിലെ നോമ്പ്. ഇത് പൊതുവേ എല്ലാവര്‍ക്കും അല്പം പ്രയാസകരമായ ഒന്നാണെന്ന് പറയേണ്ടതില്ല. ആ നിലക്ക് ഇതൊരു ഭാരപ്പെട്ട നിയമമായി കരുതപ്പെടുവാന്‍ കാരണമുണ്ട്. മുഹമ്മദ് നബി (സ)യുടെ സമുദായമായ നിങ്ങള്‍ക്ക് മാത്രം നിശ്ചയിക്കപ്പെട്ട ഒരു നിയമമല്ല ഇതെന്നും, മുന്‍ സമുദായങ്ങളിലും നോമ്പ് നിയമമാക്കപ്പെട്ടിരുന്നുവെന്നും , നിര്‍ണ്ണയം ചെയ്യപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രമേ നോമ്പ് നോല്‍ക്കേണ്ടതുള്ളൂവെന്നുമൊക്കെ പ്രസ്താവിച്ചിരിക്കുന്നത് ഈ മനപ്രയാസം നീക്കുവാന്‍ വേണ്ടിയാകുന്നു.
3) മുന്‍സമുദായങ്ങളില്‍ നിയമിക്കപ്പെട്ടത്പോലെ എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് മുന്‍സമുദായങ്ങളുടെ നോമ്പും ഈ സമുദായത്തിന്‍റെ നോമ്പും എല്ലാ വിഷയങ്ങളിലും യോജിച്ചിരിക്കണമെന്നില്ല. രണ്ടും തമ്മില്‍ അല്‍പമൊക്കെ വ്യത്യാസം ഉണ്ടാകാം.
4) നോമ്പ് കൊണ്ട് സാധിക്കുവാനുള്ള ലക്ഷ്യമായി അല്ലാഹു പറഞ്ഞത് 'നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി' എന്നാകുന്നു. അല്ലാഹുവിന്‍റെ വിധിവിലക്കുകളെ പാലിക്കുകവഴി ഭയഭക്തിയുള്ളവരായിരിക്കുക എന്നത്രേ ഇത് കൊണ്ടുള്ള വിവക്ഷ. മനുഷ്യനില്‍ നിന്നുണ്ടാകുന്ന പാപങ്ങളും തെറ്റുകുറ്റങ്ങളും അവന്‍റെ ദേഹേച്ചകളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉണ്ടാകുന്നതാണല്ലോ. നോമ്പാകട്ടെ, ആ രണ്ടിനെയും നിയന്ത്രിക്കുന്നതാണുതാനും. അതു കൊണ്ടാണ് വിവാഹം ചെയ്യാന്‍ കഴിവില്ലാത്ത യുവാക്കളോട് നബി (സ) നോമ്പ് നോല്‍ക്കാന്‍ ഉപദേശിച്ചതും, നോമ്പ് പാപങ്ങളെ തടുക്കുന്ന ഒരു പരിചയാണെന്ന് പറഞ്ഞതും [ബുഖാരി, മുസ്‌ലിം]. ഒന്നോ രണ്ടോ നോമ്പ് നോല്‍ക്കുമ്പോഴേക്കും അതു ശാരീരിക വികാരങ്ങളെ നിയന്ത്രിച്ചുനിര്‍ത്തും എന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. നോമ്പ് പതിവായി നോല്‍ക്കുന്നപക്ഷം ശരീരവും ആത്മാവും മനസ്സുമെല്ലാം സ്വയം നിയന്ത്രീതമാകുമെന്നത് തീര്‍ച്ച തന്നെ.
കേവലം ശാരീരിക പരിശീലനമോ ആരോഗ്യപരമായ ശുദ്ധീകരണമോ മാത്രമല്ല നോമ്പ്. മാനസികവും ആത്മീയവുമായ വമ്പിച്ച നേട്ടങ്ങളും അതു മുഖേന സിദ്ധിക്കുവാനുണ്ട്. പക്ഷെ, നോമ്പ് നാമമാത്രമായാല്‍ പോരാ, ശരിയായ അര്‍ത്ഥത്തില്‍ തന്നെയുള്ളതായിരിക്കണം. അതാണ് നബി (സ) ഒരു ഹദീസില്‍ ചൂണ്ടിക്കാട്ടിയത്. 'അക്രമം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആര്‍ ഉപേക്ഷിച്ചില്ലയോ, അവന്‍ അവന്‍റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിനുയാതോരാവശ്യവുമില്ല' [ബുഖാരി].
5) എണ്ണപ്പെട്ട ചില ദിവസങ്ങള്‍ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ റമദാന്‍ മാസത്തിലെ ദിവസങ്ങളാണ്. അധികകാലമോന്നുമില്ല, കുറച്ചു ദിവസങ്ങളേയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നോമ്പിന്‍റെ ഭാരം കുറച്ചുകാണിക്കുകയാണ് ആ വാക്ക് ചെയ്യുന്നത്.
by അമാനി മൌലവി