റമദാന്‍ ചിന്തകള്‍


കാരുണ്യമൊഴുകും പുതു നിലാവാസന്ന മിനി- 
പുണ്യം നിറഞ്ഞൊഴുകും പകലിരവു താരുണ്യം 
സ്നേഹം നിറംചേര്‍ത്ത നിമിഷങ്ങളിഴ ചേര്‍ക്കാന്‍ 
കച്ച മുറുക്കാം കളങ്കമുടച്ചെറിയാം 

ധനവാന്‍ വിശപ്പിന്‍റെ രുചിയെ രുചിച്ചറിയും 
ധനമില്ലാ പാവങ്ങള്‍ കണ്പാര്‍ത്തു കാത്തിടും
സ്വര്‍ഗീയ വാടം മലര്‍ക്കെ തുറന്നിടും 
നരക വാതില്‍ അടച്ചു താഴ്പൂട്ടിടും 

അന്ത്യയാമങ്ങളിനി നാഥനു നല്‍കിടാം 
ഭാരമിരക്കാം ഭാവിയെ കാത്തിടാം 
വൃദ്ധി വികാസത്തിന്‍ തേരേറി നീങ്ങുവാന്‍ 
നിമിഷ ബിന്ദുക്കളെ കോരിയെടുത്തിടാം 

നാവില്‍ സ്തുതിയുടെ കീര്‍ത്തനം കോര്‍ത്തിടാം 
നോവും നീറ്റലും സവിധമര്‍പ്പിച്ചിടാം 
മൂഡ ദുരാര്‍ത്തികള്‍ മൂടിയൊതുക്കിടാം 
ഭാവ വൈചിത്ര്യത്തിന്‍ അടിവേരറുത്തിടാം 

കൈകളുയര്‍ത്തി കരഞ്ഞു കറ തീര്‍ക്കാന്‍ 
പാപക്കല നീക്കി ഹൃത്തം മിനുക്കുവാന്‍
കൂത്താടി വാഴുന്ന ലോഭങ്ങളില്ലാത്ത 
മാസം റമദാനെ മാറോടു ചേര്‍ത്തിടാം 

കുന്നായ്മ വേണ്ടയിനി കുത്തിപ്പറയേണ്ട 
ക്ഷോഭ ലോഭാതികള്‍ തടവു തീര്‍ത്തീടേണ്ട 
ത്യാഗ പരിശ്രമ പര്‍വ്വത്തെ വെറുമൊരു 
താലി പൊട്ടിക്കുന്ന ജോലിയാക്കീടേണ്ട 

വിശ്വപ്രകാശം പരത്തി മേവുന്നൊരീ 
വിശ്വവി മോചന ഗ്രന്ഥം പുണര്‍ന്നിനി 
സന്‍മാര്‍ഗ്ഗ ദര്‍ശന വീഥിയില്‍ മുന്നിടാം 
ആത്മവികാസത്തിന്‍ വാനില്‍ പറന്നിടാം 

by എം ടി മനാഫ്