നോമ്പും ഭാര്യയുമായുള്ള സഹവാസവും


നോമ്പിന്‍റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കുന്നത്. എന്നാല്‍ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക മുതലായ പ്രവര്‍ത്തനം കാരണം നോമ്പ് മുറിയുമെന്ന തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബിമാരും നോമ്പിന്‍റെ പകല്‍ ഇത്തരം സഹവാസം നമ്മോട് വര്‍ജ്ജിക്കാന്‍ നിര്‍ദേശിക്കുന്നില്ല. 

അത്വാഅ' (റ) പറയുന്നു : അന്‍സാറുകളില്‍പെട്ട ഒരാള്‍ നോമ്പുകാരനായിരിക്കെ തന്‍റെ ഭാര്യയെ ചുംബിച്ചു. ഇതിനെക്കുറിച്ച് നബി (സ) യോട് ചോദിക്കാന്‍ അദ്ദേഹം തന്‍റെ ഭാര്യയോട് കല്‍പ്പിച്ചു. അവര്‍ നബി(സ)യോട് ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു : ഞാന്‍ അപ്രകാരം ചെയ്യാറുണ്ട്. അതു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : നബി (സ)ക്ക് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ ഇളവു നല്‍കാറുണ്ട്. ആ വിവരം അദ്ദേഹത്തിന്‍റെ ഭാര്യ നബി (സ) യോട് വന്നു പറഞ്ഞു. അപ്പോള്‍ നബി (സ) കോപിഷ്ഠനായിക്കൊണ്ട് പറഞ്ഞു : ഞാനാണ് നിങ്ങളെക്കാള്‍ മതകാര്യം അറിയുന്നവനും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവനും. [മുസ്‌ലിം, മുവത്വ].

മറ്റൊരു നിവേദനത്തില്‍ പറയുന്നു : പ്രവാചകരെ, താങ്കള്‍ക്കു അല്ലാഹു മുന്തിപ്പിക്കുകയും പിന്തിപ്പിക്കുകയും ചെയ്ത ചെറുപാപങ്ങള്‍ വരെ പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : എന്നാല്‍ അല്ലാഹുവാണ് സത്യം, ഞാനാണ് നിങ്ങളില്‍ ഏറ്റവും ഭയഭക്തനും അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവനും. [മുസ്‌ലിം 1108]

മസറൂഖ് (റ) പറയുന്നു : ഒരു മനുഷ്യന് നോമ്പനുഷ്ടിക്കുന്ന സന്ദര്‍ഭത്തില്‍ എന്താണ് തന്‍റെ ഭാര്യയില്‍ നിന്നും അനുവടിക്കപ്പെടുകയെന്നു ഞാന്‍ ആയിശ (റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : എല്ലാം അനുവദനീയമാണ്‌. സംയോഗം ഒഴികെ. [അബ്ദുറസാക്ക്]. വളരെയധികം സഹീഹായ ഒരു ഹദീസാണിത്. 

by അബ്ദുസ്സലാം സുല്ലമി