നോമ്പും അത്താഴവും

ഇർബാള് (റ) നിവേദനം : 'നന്മ നിറഞ്ഞ ഭക്ഷണത്തിലേക്ക്‌ നീ വരു' എന്ന് പറഞ്ഞുകൊണ്ട്‌ നബി (സ) എന്നെ റമദാനിലെ അത്താഴത്തിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. [അബൂദാവൂദ്‌]

നബി (സ) പറഞ്ഞു : "അത്താഴം അല്ലാഹു നിങ്ങൾക്ക്‌ നൽകിയ നന്മയാണ്. അത്‌ നിങ്ങൾ വർജ്ജിക്കരുത്‌." [നസാ ഈ]

നബി (സ) പറഞ്ഞു : "അത്താഴം മുഴുവൻ നന്മയാണ്. അൽപം വെള്ളം കുടിച്ചിട്ടെങ്കിലും നിങ്ങളത്‌ ഉപേക്ഷിക്കാതിരിക്കുക. നിശ്ചയം അത്താഴം കഴിക്കുന്നവരുടെ മേൽ അല്ലാഹുവിന്റെ കാരുണ്യം ചൊരിയപ്പെടും." [അഹമദ്‌]

അത്താഴം മുന്തിപ്പിക്കുകയും അതു വഴി കൂടുതല്‍ ക്ലേശവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനു കൂടുതല്‍ തൃപ്തിയുണ്ടാവും എന്നൊരു ധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. പക്ഷെ, നബിചര്യയും സഹാബത്തിന്‍റെ ചര്യയും അത്താഴം പരമാവധി പിന്തിപ്പിക്കുക എന്നതാണ്.
 
സൈദ്‌ (റ) നിവേദനം : നബി (സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു : ബാങ്കിന്‍റെയും അത്താഴത്തിന്‍റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അമ്പതു ആയത്തുകള്‍ ഓതുന്ന സമയം. [ബുഖാരി]

അതുപോലെ, അത്താഴം കഴിക്കുമ്പോള്‍ ബാങ്ക് വിളിച്ചാല്‍ വായില്‍ ഉള്ള ഭക്ഷണംപോലും ഇറക്കാതെ തുപ്പിക്കളയണമെന്ന ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ)യും സഹാബതും പഠിപ്പിച്ച സമ്പ്രദായത്തിനു എതിരാണത്. 

നബി (സ) പറഞ്ഞു : നിങ്ങളില്‍ ഒരാള്‍ അത്താഴത്തിനു പാത്രം കയ്യില്‍ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാല്‍ തന്‍റെ ആവശ്യം നിറവേറ്റുന്നതുവരെ അതു താഴെ വെക്കേണ്ടതില്ല.  [അബൂദാവൂദ്]

✍അബ്ദുസ്സലാം സുല്ലമി