മനം കനിയട്ടെ, കൈ നീളട്ടെ


സമ്പത്ത് ദൈവാനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റി മാത്രമാണ് മനുഷ്യന്‍. സമ്പത്താകുന്ന ദൈവാനുഗ്രഹം എല്ലാ മനുഷ്യര്‍ക്കും ഒരു പോലെയല്ല ലഭിക്കുന്നത്. സമ്പാദിക്കാനുള്ള കഴിവും വിഭിന്നമായിരിക്കും. എന്നാല്‍ തനിക്കു ലഭിച്ച അനുഗ്രഹം സമ സൃഷ്ടികള്‍ക്ക് പങ്കുവെക്കാനുള്ള മനസ്സ് വിശ്വാസത്തിന്‍റെയും ധര്‍മബോധത്തിന്റെയും അനിവാര്യഘടകമാണ്.
ധനികന് തന്‍റെ ഐശ്വര്യത്തില്‍ അഹങ്കരിക്കാനാവില്ല. ദരിദ്രനാകട്ടെ, ദാരിദ്ര്യത്തില്‍ ഇച്ചാഭംഗമോ സമ്പന്നനോട് അസൂയയോ വേണ്ടതില്ല. ധനികന്റെ സ്വത്തില്‍ നിശ്ചിതപരിധി എത്തിയാല്‍ നിര്‍ണിതമായ വിഹിതം ഔദാര്യമെന്ന നിലയിലല്ല, പാവങ്ങളുടെ അവകാശമെന്ന നിലയില്‍ മാറ്റി വെക്കണം. ഇതിനു സകാത്ത് (നിര്‍ബന്ധ ദാനം) എന്ന് പറയുന്നു. ഇത് നിര്‍ബന്ധബാധ്യതയാണ്. ഐചികമായി സന്ദര്‍ഭാനുസരണം ഇത്രയെന്നു നിബന്ധനയില്ലാതെ പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ദാനധര്‍മ്മങ്ങള്‍. ഇതിനു വലിയ പ്രതിഫലമാണ് ദൈവത്തിന്‍റെ വാഗ്ദാനം.

മുഹമ്മദ്‌ നബി (സ) യുടെ ഏറ്റവും വലിയ ഗുണവിശേഷമായിരുന്നു ഔദാര്യം. ജനങ്ങളില്‍ ഏറ്റവും വലിയ ഔദാര്യവാനായിരുന്നു നബി (സ) എന്നത് ശ്രദ്ധേയമാണ്. മതത്തിന്റെ പ്രധാന ഘടകമായി ഖുര്‍ആന്‍ ദാനധര്‍മ്മങ്ങളെ എണ്ണി. അഗതികളും അനാഥരും ദുരിതംപേറുന്നവരും സമൂഹത്തിലുണ്ടായിട്ടു തിരിഞ്ഞു നോക്കാത്തവരെ മതനിഷേധിയെന്നു ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു (107 :1-3 ). വിശ്വാസം മനസ്സില്‍ കടക്കാതെ അലക്ഷ്യമായി പ്രാര്‍ത്ഥന ഉരുവിടുകയും സമൂഹത്തിന്‍റെ പ്രയാസങ്ങള്‍ മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവര്‍ സത്യനിഷേധിയത്രെ (90 :11 -16 )

ഒരു വിശ്വാസിയുടെ ഔദാര്യം മുസ്ലിം സമുദായത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സര്‍വമനുഷ്യരിലേക്കും ജീവന്‍ തുടിക്കുന്ന എല്ലാറ്റിനോടും വേണമെന്നാണ് മതം അനുശാസിക്കുന്നത്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കോരിക്കൊടുത്ത വ്യക്തിക്ക് പാപങ്ങള്‍ പൊറുത്തുകൊടുത്തു എന്നാണല്ലോ പ്രവാചകന്‍ (സ) അറിയിച്ചത്. സന്നിഗ്ധഘട്ടത്തില്‍ തനിക്കുള്ളതെന്തും അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം ത്യജിക്കാന്‍ വിശ്വാസി തയ്യാറാകണം. അതേ സമയം സര്‍വസ്വവും ദാനം ചെയ്തു കുടുംബത്തെ വഴിയാധാരമാക്കണമെന്നോ അനന്തരാവകാശികളെ പാപ്പരാക്കണമെന്നോ നിഷ്കര്‍ഷിക്കുന്നില്ല. അത് പുണ്ണ്യമല്ലതാനും.

സമൂഹത്തിലെ അവശതാനിവാരണവും വ്യക്തിയുടെ സ്വാര്‍ഥത, പിശുക്ക്, ആര്‍ത്തി തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്നുള്ള പരിശുദ്ധിയുമാണ് ദാന ധര്മങ്ങളിലൂടെ ഇസ്ലാം വിഭാവന ചെയ്യുന്നത്. സഹകരണ മനോഭാവം, നിസ്വാര്‍ത്ഥത, സൂക്ഷ്മത, സമസൃഷ്ടിസ്നേഹം, സാധുദയ, വിശാല മനസ്കത, പരലോക ബോധം പോലെയുള്ള സദ്‌ഗുണങ്ങളാണ് ദാനധര്‍മ്മത്തിലൂടെ വളര്‍ത്തിയെടുക്കുന്നത്‌.

കര്‍മ്മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം കിട്ടുമെന്ന് അറിയിക്കപ്പെട്ട റമദാനില്‍ ദാനധര്‍മ്മാദികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. റമദാനിലെ പ്രവാചകന്‍റെ ഔദാര്യം അടിച്ചുവീശുന്ന കാറ്റിനു സമാനമായിരുന്നു. സാമൂഹികക്ഷേമ-ദുരിതാശ്വാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തി യുള്ള നാളുകളാണിത്. ആകയാല്‍ വിശ്വാസികളുടെ മനസ്സ് ഈ ധന്യനാളുകളില്‍ കൂടുതല്‍ കനിവുള്ളതാകട്ടെ. സഹായഹസ്തങ്ങള്‍ പാവപ്പെട്ടവരിലേക്ക് ഇനിയുമൊരുപാട് നീളട്ടെ.

by സ്വലാഹുദ്ദീന്‍ മദനി