നോമ്പുകാരനും ജനാബത്തും


അല്ലാഹു പറയുന്നു : "നോമ്പിന്‍റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള വേഴ്ച നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു" [അദ്ധ്യായം 2 ബഖറ 187]. നോമ്പിന്‍റെ രാത്രിയില്‍ രാത്രിയില്‍ ലൈംഗിക ബന്ധം നടത്താന്‍ പാടില്ലെന്ന ധാരണ ഇവിടെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. 

രാത്രി ലൈംഗികബന്ധം നടത്തിയാല്‍ സുബുഹിന്‍റെ ബാങ്ക് വിളിക്കുന്നതിനു മുമ്പ് തന്നെ കുളിക്കണമെന്നും അതിനു സാധിക്കാതെ വന്നാല്‍ നോമ്പ് മുറിയുമെന്നുള്ള ഒരു തെറ്റിദ്ധാരണ ചിലരില്‍ കാണാം. അതിനാല്‍ നോമ്പിന്‍റെ രാത്രിയില്‍ ലൈംഗികബന്ധം നടത്തുവാന്‍ മടി കാണിക്കുന്ന സ്ത്രീ പുരുഷന്മാരെയും കാണാം. ഇത് ഭയഭക്തിയാണെന്ന് ഇവരെ പിശാച് തെറ്റിദ്ധരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നബിചര്യയെ അവഗണിക്കലും പ്രവാചകനേക്കാള്‍ മുത്തഖിയാകുവാന്‍ ശ്രമിക്കലുമാണത്. കൂടാതെ മതത്തില്‍ അതിരുകവിയലുമാണ്. കുളിയുടെ പ്രശ്നത്തില്‍ നോമ്പുകാലവും മറ്റുള്ള കാലവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലതന്നെ. സുബഹി നമസ്ക്കരിക്കുന്നതിന് മുമ്പ് കുളിക്കണമെന്നു മാത്രം. സാധാരണ കാലത്തേതു പോലെത്തന്നെ. ഇനി സൂര്യന്‍ ഉദിച്ചതിനു ശേഷമാണ് ഉണരാന്‍ സാധിച്ചതെങ്കില്‍ അപ്പോള്‍ കുളിച്ചു നമസ്ക്കരിക്കണം. ജനാബത്തുകാരനായി എന്നത് ഒരിക്കലും നോമ്പിന് പ്രശ്നം സൃഷ്ടിക്കുകയില്ല. 

ആയിശ (റ) നിവേദനം : നബി (സ) റമദാനില്‍ സ്വപ്നസ്ഖലനം കൊണ്ടല്ലാതെ സംയോഗം കൊണ്ടുതന്നെ ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ടിക്കുമായിരുന്നു. [ബുഖാരി, മുസ്‌ലിം] 

ആയിശ (റ) നിവേദനം : ഒരിക്കല്‍ ഒരാള്‍ പ്രവാചകന്‍ (സ)യോട് മതവിധി ചോദിച്ചു. ഞാന്‍ വാതിലിന്‍റെ പിന്നില്‍ നിന്നും അതു ശ്രവിച്ചു. അയാള്‍ പറഞ്ഞു : പ്രവാചകരെ, എനിക്ക് നമസ്കാര സമയമാകും. ഞാന്‍ ജനാബത്തുകാരനായിരിക്കുകയും ചെയ്യും. ആ ദിവസം ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ? നബി (സ) മറുപടി പറഞ്ഞു : ജനാബത്തുകാരനായിരിക്കെ എനിക്കും നമസ്കാര സമയമാകാറുണ്ട്. അങ്ങനെ ഞാന്‍ നോമ്പനുഷ്ടിക്കാറുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞു : പ്രവാചകരെ, താങ്കള്‍ ഞങ്ങളെപ്പോലെയല്ല. താങ്കള്‍ക്കു മുന്തിപ്പിച്ചതും പിന്തിപ്പിച്ചതുമായ ചെറുപാപങ്ങള്‍ വരെ അല്ലാഹു പൊറുത്തു തന്നിട്ടുണ്ട്. അപ്പോള്‍ നബി (സ) പറഞ്ഞു : അല്ലാഹുവാണ് സത്യം, നിങ്ങളെക്കാള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവന്‍ ഞാനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൂക്ഷിക്കേണ്ടുന്ന സംഗതികള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ അറിയുന്നവനും ഞാനാണ്. [മുസ്‌ലിം 1110]

മര്‍വാന്‍ (റ) പറയുന്നു : ഒരു മനുഷ്യന്‍ നോമ്പുകാലത്ത് ജനാബത്തുകാരനായി പ്രവേശിച്ചാല്‍ അയാള്‍ക്ക്‌ നോമ്പനുഷ്ടിക്കുവാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് ഉമ്മു സലമ (റ)യുടെ അടുത്തേക്ക് അയച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : നബി (സ) സംയോഗം ചെയ്തു ജനാബത്തുകാരനായിക്കൊണ്ട് തന്നെ പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. ശേഷം നോമ്പ് മുറിക്കുകയോ അതിന്നു പകരം നോറ്റുവീടുകയോ ചെയ്യാറില്ല. [മുസ്‌ലിം 1109]

by അബ്ദുസ്സലാം സുല്ലമി