നമ്മെ നാം വിളിച്ചുണര്‍ത്തുക


മലയാളത്തിലെ പ്രസിദ്ധമായ ഒരു ചാനലില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു സാമൂഹ്യ രംഗത്ത് അറിയപ്പെടുന്ന ഒരു മുസ്ലിം വനിത. 

"റമദാന്‍ ആസന്നമായാല്‍ രുചികരമായ ഭക്ഷണവും പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളും സാമഗ്രികളും നേരത്തെ തന്നെ ഒരുക്കി വെക്കും. നോമ്പ് ദിവസങ്ങളില്‍ ഉച്ചയാകുന്നതോട് കൂടി വിവിധ ഇനങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കും. രാത്രി നമസ്കാരം കഴിഞ്ഞു പുരുഷന്മാര്‍ തിരിച്ചു വരുമ്പോള്‍ നല്‍കാനുള്ള മറ്റു വിഭവങ്ങള്‍ വേറെയും . അത്താഴത്തിനു മുണ്ട് രുചിയൂറുന്ന...." ഇങ്ങിനെ പോകുന്നു അവരുടെ വിശദീകരം!! റമദാനിനെക്കുറിച്ച് ഒരു സാധാരണക്കാരനുള്ള അബദ്ധ ധാരണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇവരും ചെയ്തത്!! 


എന്തുകൊണ്ട് റമദാനും അതിലെ വ്രതവും ? ഈ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും കൃത്യമായി വിശദീകരിക്കപ്പെടാറില്ല. മാനവകുലത്തിന് മാര്‍ഗ ദര്‍ശകമായ വിശുദ്ധ ഖുര്ആ‍നിന്‍റെ അവതരണം ആരംഭിച്ചത് റമദാനിലാണ്. അതിനുള്ള നന്ദിപ്രകാശനമാണ് ഈ മാസത്തിലെ വ്രതം. ഇതാണ് വസ്തുത. ഭക്ഷണമൊരുക്കലിന്‍റെയും ധനവാന്‍റെ ഔദാര്യത്തിനായി പാവങ്ങളുടെ അലച്ചിലിന്‍റെയും മാസമായി റമദാന്‍ വിലയിരുത്തപ്പെട്ടുകൂട. പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളോ വ്യാഖ്യാനങ്ങളോ ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്! ദേഹേചകളെ മുഴുവന്‍ വെടിഞ്ഞു ദൈവഹിതത്തിന്‍റെ വഴിയിലേക്ക് നേര്‍ക്കുനേരെ നടന്നടുക്കാനുള്ള അവസരമാണ് റമദാന്‍. 

"ഒരു റമദാനിനു സാക്ഷിയായിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവനേക്കാള്‍ നഷ്ടകാരിയായി മറ്റാരുണ്ട് " എന്ന പ്രവാചക വചനം നമ്മെ തൊട്ടുണര്‍ത്തുക. വന്നുപോയ പാപങ്ങളോര്‍ത്ത് കരയാന്‍... മാപ്പിരക്കാന്‍... മനസ്സ് കഴുകി വെടിപ്പാക്കാന്‍... വിശ്വാസത്തിന്‍റെ പുതിയ ഊര്‍ജ്ജം ആവാഹിക്കാന്‍... ധനവും ശരീരവും മനസ്സും സ്ഫുടം ചെയ്തെടുക്കാന്‍ ... അതിനു മതം നിശ്ചയിച്ച പ്രത്യേകമായ മുപ്പതു നാളുകളെ നമ്മള്‍ വികലമാക്കാതിരുന്നാല്‍ മതി! 

മനുഷ്യകുലത്തിനുള്ള മോക്ഷദായക ഗ്രന്ഥമാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത് മുസ്ലിംകളുടെ മാത്രം സ്വകാര്യ സ്വത്തല്ല. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനായ മുഹമ്മദ്‌ നബിയിലൂടെ ഘട്ടം ഘട്ടമായി അത് കൈമാറപ്പെട്ടു.. സൃഷ്ടികര്‍ത്താവിന്‍റെ സവിധത്തില്‍ നിന്നും മുഴുവന്‍ മനുഷ്യകുലത്തിനും വഴികാട്ടിയായി അവതീര്‍ണ്ണമായ അവസാനത്തെ വേദം. വിശാലമായ ഈ കാഴ്ചപ്പുകളെയെല്ലാം തെറ്റായോ സങ്കുചിതമായോ വ്യാഖ്യാനിക്കുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. അതിനുത്തരവാദികള്‍ ഇസ്ലാമിന്‍റെ ലേബളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ തന്നെയാവുകയാണ് പലപ്പോഴും പതിവ്! വായിക്കുന്നവര്‍ അവരുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട ഗ്രന്ഥമാണ് ഖുര്‍ആന്‍. പഠിക്കുന്നവര്‍ അവരുടെ പഠനത്തിന്‍റെ ഭാഗമാക്കേണ്ടതും. കാരണം അത് മാനവകുലത്തിന്‍റെ വിചാരവും ആചാരവും ജീവിത ശൈലിയും മാറ്റി പ്രതിഷ്ടിക്കുകയും സത്യത്തിലേക്കും തിരിച്ചറിവിലേക്കും വഴി നടത്തുകയും ചെയ്യുന്നു. 

ഖുര്‍ആന്‍... ഏറ്റവും വായിക്കപ്പെടുന്ന ഗ്രന്ഥമാണ്. അത് ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിവര്‍ത്തനം സാധ്യമാക്കി. പ്രപഞ്ചത്തെ തുറന്ന പുസ്തകമായി അവതരിപ്പിക്കുന്ന ഖുര്‍ആന്‍ കാര്യങ്ങളെ യുക്തിഭദ്രമായി സമീപിക്കുന്നു. അതിന്‍റെ വിജ്ഞാനവ്യാസം പരിമിതികളില്‍ ഉടക്കി നില്കുന്നില്ല. അത് ഗദ്യമോ പദ്യമോ വൃത്തതാള നിബദ്ദമോ അല്ല. എന്നാല്‍ അതില്‍ ഗദ്യപദ്യ വൃത്തതാള നിബദ്ദമുണ്ട്. അതൊരു ശാസ്ത്ര ഗ്രന്ഥമല്ല... അതില്‍ ശാസ്ത്രമുണ്ട്. ചരിത്ര ഗ്രന്ഥമല്ല... അതില്‍ ചരിത്രമുണ്ട്. നിയമപുസ്തകമല്ല... അതില്‍ നിയമമുണ്ട്. നാഗരികതയുടെ ഏടല്ല... അതില്‍ നാഗരികതയുണ്ട്. ഇഹലോകവും പരലോകവുമുണ്ട്. അതിനാല്‍ ഖുര്‍ആനിന്‍റെ അവതരണ മാസം അതിന്‍റെ പഠനത്തിനുള്ള ഊര്‍ജ്ജദായക മാസമായിത്തീരട്ടെ; സകല മനുഷ്യര്‍ക്കും! 

'മരുഭൂമിയിലെ യാത്രക്കാരന്‍' എന്ന കവിതയില്‍ ജിബ്‌രീല്‍ നബിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട രംഗം പി.കുഞ്ഞിരാമന്‍ നായര്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്: "ഉഷസ്സിന്‍റെ നേരിയ നീരാളത്തിരി നീക്കി തനിത്തങ്ക വിമാനത്തില്‍ ശൂന്യമായ മരുഭൂമിയില്‍ വന്നിറങ്ങിയ ഏതോ ദൈവദൂതന്‍ അര്‍ധ നിദ്രിദനായ ആ യുവാവിനെ ചുംബിച്ചു. മുഹമ്മദുണര്‍ന്നു. ഈ തന്നില്‍ താനല്ലാത്ത ഒരാള്‍ ഉള്ളില്‍നിന്ന്, ജ്യോതിര്‍ മണ്ഡലത്തില്‍ പുഞ്ചിരി തൂകുന്നതായി ആ ഭക്തന്‍ കണ്ടു. യജമാനന്‍റെ മുന്‍പില്‍ ഭ്രുത്യനെന്ന പോലെ ഞൊടിയിടനേരം ആ ജ്യോതിസ്സിന്‍റെ മുന്‍പില്‍ മുഹമ്മദ്‌ അനങ്ങാതെ നിന്നു. "മുഹമ്മദ്‌ എഴുന്നേല്‍ ക്കൂ, ഇരുളില്‍ മയങ്ങിയ ലോകത്തെ വിളിച്ചുണര്‍ത്തൂ....."- ഒരശരീരിയുണ്ടായി. ഒരിടി വരവുണ്ടായി. ഒരു നിശ്ശബ്ദ ശാസനയുണ്ടായി" 

നമ്മെ നാം വിളിച്ചുണര്‍ത്തുക, അതിനാവട്ടെ ഈ മാസം! 

by എം ടി മനാഫ്