വ്രതമാസവും ഖുര്‍ആനിക ജീവിതക്രമവും


അന്തിമ വേദഗ്രന്ഥത്തിന്റെ അവതരണവും അന്തിമ പ്രവാചകന്റെ നിയോഗവും മാനവരാശിയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവങ്ങളത്രെ. ലോകത്തിന്റെ പല ഭാഗങ്ങളില്‍, വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്ന, പല കാലഘട്ടങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ലോകരക്ഷിതാവിന്റെ അന്തിമ സന്ദേശമെത്തിക്കുക എന്നത്‌ ഒരു വലിയ വിഷയമാണ്‌.

പതിനാലു നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ പരിശുദ്ധ മക്കയില്‍ ജീവിച്ച മഹാപ്രവാചകന്‍ മുഹമ്മദ്‌ നബി(സ)ക്കാണ്‌ ആ നിയോഗം ലഭിച്ചത്‌. അദ്ദേഹം ഹിറാഗുഹയില്‍ ദൈവസ്‌മരണയില്‍ മുഴുകിയിരിക്കുമ്പോള്‍ ``സൃഷ്‌ടികര്‍ത്താവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക'' എന്ന്‌ തുടങ്ങുന്ന ദൈവിക വചനങ്ങള്‍ ജിബ്‌രീല്‍ എന്ന മലക്ക്‌ ആദ്യമായി കേള്‍പ്പിച്ചത്‌ ഒരു റമദാന്‍ മാസത്തിലായിരുന്നു. അത്‌ ഒറ്റപ്പെട്ട ഏതാനും വചനങ്ങളായിരുന്നില്ല. 114 അധ്യായങ്ങളിലായി ആറായിരത്തിലേറെ സൂക്തങ്ങളുള്ള വിശുദ്ധഖുര്‍ആനിന്റെ അവിഭാജ്യഭാഗങ്ങളായിരുന്നു അവ.


വിശുദ്ധ ഖുര്‍ആന്‍ പോലെ മാനവരാശിയുടെ വാഗ്‌വിചാര കര്‍മങ്ങളെ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥമുണ്ടായിട്ടില്ല. പ്രവാചകന്റെ(സ) കാലം മുതല്‍ പല യുഗങ്ങളിലായി കോടിക്കണക്കിലാളുകളാണ്‌ ആ മഹാഗ്രന്ഥം ഹൃദിസ്ഥമാക്കിയത്‌. ആ ഗ്രന്ഥത്തില്‍ പറഞ്ഞതുപോലെ പ്രാര്‍ഥിക്കാനുള്ള വിളി ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലായ്‌പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ആ ഗ്രന്ഥത്തില്‍ നിര്‍ദേശിച്ചതു പോലെ ദശലക്ഷക്കണക്കിലാളുകള്‍ നിര്‍ബന്ധവും ഐച്ഛികവുമായ ദാനങ്ങള്‍ നല്‌കിക്കൊണ്ടേയിരിക്കുന്നു. ആ ഗ്രന്ഥത്തിലെ വിധികള്‍ പാലിച്ചുകൊണ്ട്‌ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിലാളുകള്‍ ഹജ്ജും ഉംറയും നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നു. ആ ഗ്രന്ഥം അവതരിച്ച റമദാന്‍ മാസത്തില്‍ വ്രതമനുഷ്‌ഠിക്കണമെന്ന വിധി ആ ഗ്രന്ഥത്തിലെ തന്നെ രണ്ടാം അധ്യായത്തിലെ 185ാം സൂക്തത്തിലാണുള്ളത്‌. മാനവരാശിയുടെ മുമ്പാകെ കോടിക്കണക്കില്‍ ഗ്രന്ഥങ്ങള്‍ വേറെയുണ്ട്‌. അവയുടെയൊന്നും ആവിര്‍ഭാവത്തെ അനുസ്‌മരിക്കാന്‍ ഇങ്ങനെ ജനകോടികള്‍ നോമ്പനുഷ്‌ഠിക്കുന്നില്ല.
അന്തിമ വേദഗ്രന്ഥത്തിലെ വിധിവിലക്കുകള്‍ ഏട്ടിലെ വരികള്‍ മാത്രമായി അവശേഷിക്കാതെ പ്രതിബദ്ധതയുള്ള ജീവിതത്തിന്റെ ഊടും പാവുമാകുന്നത്‌ യഥാര്‍ഥത്തില്‍ വ്രതനിഷ്‌ഠയിലൂടെയാണ്‌. അതുല്യമായ ദൈവിക ഗ്രന്ഥം ആദരപൂര്‍വം അലമാറകളില്‍ അടച്ചുവെക്കാനുള്ളതല്ലെന്ന്‌, മരണത്തിന്റെ പരിസരങ്ങളില്‍ യാന്ത്രികമായി ഉരുവിടാന്‍ മാത്രമുള്ളതല്ലെന്ന്‌, അതിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിലുടനീളം പകര്‍ത്താനുള്ളതാണെന്ന്‌ വ്രതമാസം ആദര്‍ശബോധമുള്ള വിശ്വാസികളെ അടിക്കടി ഓര്‍മിപ്പിക്കുന്നു. പലരും അതൊക്കെ വിസ്‌മരിക്കുന്നുവെങ്കിലും റമദാനിനോടും വിശുദ്ധഖുര്‍ആനിനോടും നീതിപുലര്‍ത്തുന്നവരുടെ സംഖ്യ ചെറുതല്ല. 

വിശുദ്ധഖുര്‍ആന്‍ നേരിട്ടും പരിഭാഷകളിലൂടെയും പഠിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നു. അല്ലാഹു കല്‌പിച്ചതെന്തും മനുഷ്യന്‌ ഗുണം ചെയ്യുന്നതായിരിക്കുമെന്ന്‌ മനസ്സിലാക്കി അവര്‍ നിര്‍വഹിക്കുന്നു. അല്ലാഹു വിലക്കിയതെന്തും മനുഷ്യന്‌ ദോഷമുണ്ടാക്കുന്ന കാര്യമായിരിക്കുമെന്ന്‌ മനസ്സിലാക്കി അവര്‍ വര്‍ജിക്കുന്നു. മറ്റൊരു ഗ്രന്ഥവും ഈ വിധത്തില്‍ പ്രമാണീകരിക്കപ്പെടുകയോ അനുധാവനം ചെയ്യപ്പെടുകയോ ഉണ്ടാകുന്നില്ല.
മുഹമ്മദ്‌ നബി(സ)യുടെ സമുദായത്തിന്‌ മാത്രമല്ല പൂര്‍വപ്രവാചകന്മാരുടെ സമുദായങ്ങള്‍ക്കും അല്ലാഹു, വ്രതം നിര്‍ബന്ധ ബാധ്യതയായി നിശ്ചയിച്ചിട്ടുണ്ടെന്നും, മനുഷ്യര്‍ തഖ്‌വയുള്ളവരായി അഥവാ സൂക്ഷ്‌മത പുലര്‍ത്തുന്നവരായി ജീവിക്കുകയാണ്‌ അതിന്റെ താല്‌പര്യമെന്നും 2:183 സൂക്തം നമുക്ക്‌ മനസ്സിലാക്കിത്തരുന്നു. ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കാതെ കാത്തുസൂക്ഷിക്കാന്‍ കഴിയണമെങ്കില്‍ നന്മയും തിന്മയും വേര്‍തിരിക്കുന്നതില്‍ വീഴ്‌ച പറ്റാതിരിക്കണം. മനുഷ്യര്‍ എത്ര അറിവും സാമര്‍ഥ്യവും ഉള്ളവരാണെങ്കിലും ഈ രംഗത്ത്‌ തെറ്റുപറ്റാമെന്നാണ്‌ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അവര്‍ക്ക്‌ അലംകൃതവും സ്വാദിഷ്‌ഠവും പ്രിയംകരവുമായി തോന്നുന്ന ചില കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ അവര്‍ക്ക്‌ ദോഷം വരുത്തുന്നവയായേക്കും. അവരുടെ ചിന്തയില്‍ മോശവും അനിഷ്‌ടകരവുമായി തോന്നുന്ന ചില കാര്യങ്ങള്‍ അവര്‍ക്ക്‌ ഗുണകരമായി പരിണമിച്ചുവെന്നും വരാം.

``(ശത്രുക്കള്‍ക്കെതിരില്‍) യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധകല്‌പന നല്‌കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക്‌ അനിഷ്‌ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങള്‍ ഒരു കാര്യം ഇഷ്‌ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമാവുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.'' (വി.ഖു. 2: 216)
നമ്മുടെ ശ്രദ്ധയും സൂക്ഷ്‌മതയും നമുക്ക്‌ യഥാര്‍ഥത്തില്‍ ഉപകരിക്കണമെങ്കില്‍ സര്‍വജ്ഞനും ദയാപരനുമായ നമ്മുടെ രക്ഷിതാവ്‌ അവന്റെ അന്യൂനമായ അറിവിന്റെ അടിസ്ഥാനത്തില്‍ നല്‌കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടത്‌ അനിവാര്യമാണെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ക്ഷണിക വികാരങ്ങളെയും സ്വാര്‍ഥ ചിന്തകളെയും അവഗണിച്ചുകൊണ്ട്‌, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ ജീവിതം ആത്യന്തികമായ പരാജയമാകുന്നത്‌ ഒഴിവാക്കാന്‍ കഴിയൂ. അനുവദനീയമായ സ്വാദിഷ്‌ഠകാര്യങ്ങള്‍ പോലും അല്ലാഹുവിന്റെ വിധിമാനിച്ച്‌ നിശ്ചിത സമയങ്ങളില്‍ വര്‍ജിക്കാന്‍ ശീലിക്കുന്ന വ്യക്തിക്ക്‌ അല്ലാഹു നിഷിദ്ധമാക്കിയ ദുര്‍വൃത്തികള്‍ വര്‍ജിക്കുക വളരെ എളുപ്പമായിരിക്കും. അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ സംയമനം പാലിക്കാന്‍ സന്നദ്ധതയില്ലാത്ത വ്യക്തിക്ക്‌ വിലക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന്‌ വിട്ടുനില്‌ക്കുക കൂടുതല്‍ പ്രയാസകരമായിരിക്കും.

ആധുനിക മനുഷ്യന്റെ സകല ദുരന്തങ്ങള്‍ക്കും കാരണം ഭോഗാസക്തിയെയും ഉപഭോഗജ്വരത്തെയും നിയന്ത്രിക്കാന്‍ കഴിയാത്തതാണ്‌. മാധ്യമങ്ങളും കലയും സാഹിത്യവുമെല്ലാം ചേര്‍ന്ന്‌ ഭോഗാസക്തിയെ കയറൂരി വിടുകയാണ്‌. `ഏറ്റവും സെക്‌സി'യായ സ്‌ത്രീ-പുരുഷന്മാരെയാണ്‌ മാധ്യമങ്ങള്‍ ചെറുപ്പക്കാര്‍ക്ക്‌ മാതൃകയായി അവതരിപ്പിക്കുന്നത്‌. സദാചാരത്തെ പഴഞ്ചന്‍ മൂല്യമായി ചിത്രീകരിക്കുകയും വിവാഹമെന്ന `അസംബന്ധ'ത്തെ തള്ളിപ്പറയുകയും സര്‍വതന്ത്രസ്വതന്ത്രമായ ലൈംഗിക വിഹാരങ്ങളെ പരസ്യമായി ന്യായീകരിക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ `റോള്‍മോഡലു'കളായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ പല ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും മുഖ്യ ആകര്‍ഷണമായിക്കൊണ്ടിരിക്കുകയാണ്‌. ആത്മീയവും മാനസികവും ശാരീരികവുമായ തകര്‍ച്ചയിലേക്കായിരിക്കും ഇതൊക്കെ സമൂഹത്തെ നയിക്കുകയെന്ന്‌ പ്രബുദ്ധരായ പലര്‍ക്കും അറിയാം. പക്ഷേ, തിന്മക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരല്ല.


അമിതഭോജനം കൊണ്ട്‌ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ്‌ ഇന്ന്‌ പലരും ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്‌. എന്നിട്ടും വളര്‍ന്നു വരുന്ന അത്യാധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സമ്പൂര്‍ണശമനം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ജീവിത ശൈലി മാറ്റാന്‍ തയ്യാറില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരുക തന്നെ ചെയ്യുന്നു. ക്ഷമാപൂര്‍വം ഉപവാസ ചികിത്സയുടെ വഴിതേടുന്നവര്‍ക്ക്‌ മാത്രമാണ്‌ സ്ഥായിയായ ആശ്വാസം ലഭിക്കുന്നത്‌. നിയന്ത്രണമില്ലാത്ത തീറ്റയും കുടിയും പോലെ തന്നെ അനിയന്ത്രിതമായ സംസാരവും സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക്‌ മനുഷ്യനെ നയിക്കുന്നു. മനുഷ്യന്റെ ആമാശയവും ഹൃദയവും ഒരുപോലെ ശുദ്ധീകരിക്കുന്ന ഒരു സംവിധാനം മുഖേന മാത്രമേ ഗുരുതരമായ മാനവിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ കഴിയൂ.


നമ്മെ സൃഷ്‌ടിച്ചു പരിപാലിക്കുന്ന, നമ്മുടെ ഉള്ളും പുറവും ഒരുപോലെ അറിയുന്ന, നമ്മുടെ വാക്കുകളുടെയും ചെയ്‌തികളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച്‌ സൂക്ഷ്‌മമായി അറിയുന്ന ലോകരക്ഷിതാവ്‌ നമ്മുടെ ഇഹലോകക്ഷേമത്തിനും പരലോക മോക്ഷത്തിനും വേണ്ടി നിര്‍ദേശിച്ച ജീവിതക്രമത്തിന്റെ ഭാഗമായ വ്രതം യഥോചിതം നിര്‍വഹിക്കുകയാണെങ്കില്‍ ഉപര്യുക്ത പ്രശ്‌നങ്ങളില്‍ അധികവും പരിഹൃതമാകുമെന്നുറപ്പാണ്‌. പക്ഷേ, പകലിന്‌ പകരം രാത്രിയില്‍ പലതവണ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വാരിവലിച്ചു തിന്നാനുള്ള കാലമാണ്‌ റമദാന്‍ മാസം എന്നു ധരിച്ചുവശായ ആളുകള്‍ക്ക്‌ വ്രതം കൊണ്ടുള്ള മഹനീയ നേട്ടങ്ങളില്‍ പലതും നഷ്‌ടപ്പെടുന്നു. വിശുദ്ധഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ജീവിത വീക്ഷണവുമായി തികച്ചും താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ ജീവിച്ചു ശീലിക്കാനുള്ള മാസമാണ്‌ റമദാന്‍ എന്ന ബോധം അവരുടെ മനസ്സിനെ പ്രദീപ്‌തമാക്കുന്നില്ല. വിശുദ്ധഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ ജീവിച്ചിട്ടും ശുദ്ധവും ശുഭ്രവുമായ ഒരു ജീവിതരീതി മുറുകെ പിടിക്കണമെന്ന്‌ ദൃഢപ്രതിജ്ഞയെടുക്കാന്‍ നമുക്ക്‌ കഴിയുന്നില്ലെങ്കില്‍ അതൊരു വലിയ നഷ്‌ടമായിരിക്കും.

ജീവിതത്തിന്റെ രക്ഷാകവചം

മനുഷ്യന്‌ സ്രഷ്‌ടാവ്‌ നല്‍കിയ അനുഗ്രഹങ്ങളില്‍ അതുല്യമായതാണ്‌ വിശേഷബുദ്ധി. ഗുണകരമായത്‌ തെരഞ്ഞെടുത്ത്‌ സ്വാംശീകരിക്കാനും, ദോഷകരമായത്‌ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കാനും അത്‌ മനുഷ്യരെ പ്രാപ്‌തരാക്കുന്നു. പക്ഷെ, ഈ തെരഞ്ഞെടുപ്പും തിരിച്ചറിവും അന്യൂനമായി നടക്കണമെങ്കില്‍ മനസ്സ്‌ നിര്‍മ്മലവും ആത്മാവ്‌ വിശുദ്ധവുമായിരിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ദേഹേച്ഛകള്‍ വിശേഷബുദ്ധിയെ മറികടക്കും. ദേഹം ഇച്‌ഛിക്കുന്ന പലതും യഥാര്‍ഥത്തില്‍ മനുഷ്യന്‌ ദോഷകരമായി പരിണമിക്കുന്നതായിരിക്കും. ദേഹത്തിന്‌ അപ്രിയം തോന്നുന്ന പലതും മൗലികമായ ഗുണമുളവാക്കുന്നതുമായിരിക്കും. ചില ഉദാഹരണങ്ങള്‍:
കുട്ടികളില്‍ പലരും മധുരപലഹാരങ്ങളോടും പഞ്ചസാരയോടും ആര്‍ത്തി കാണിക്കുന്നു. മിഠായികള്‍-വിശിഷ്യാ കൃത്രിമ രുചികളും കൃത്രിമ വര്‍ണങ്ങളും ചേര്‍ത്തവ-എന്തൊക്കെ അനര്‍ഥങ്ങളുണ്ടാക്കുമെന്ന്‌ മനസ്സിലാക്കാന്‍ മാത്രം അവരുടെ വിശേഷബുദ്ധി വികസിച്ചിട്ടുണ്ടാവില്ല. കൈ നിറയെ പഞ്ചസാര വാരി അകത്താക്കിയാല്‍ എന്തൊക്കെ കുഴപ്പങ്ങളുണ്ടാകുമെന്ന്‌ അവര്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിയില്ല. എന്നാല്‍ കുട്ടികളുടെ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കുന്ന രക്ഷിതാക്കളുടെ കാര്യമോ? അവര്‍ക്ക്‌ ഇതൊക്കെ വിവേചിച്ചറിയാനുള്ള കഴിവുണ്ടായിരിക്കും. അല്ലെങ്കില്‍ ഉണ്ടാക്കാനൊക്കും. പക്ഷെ, മിക്ക രക്ഷിതാക്കളും മധുരപലഹാരങ്ങള്‍ വാരിവലിച്ചു തിന്നുകയും കുട്ടികളെ തീറ്റുകയും ചെയ്‌തുകൊണ്ട്‌ എല്ലാവര്‍ക്കും ദോഷം വരുത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെ ദേഹേച്ഛയ്‌ക്ക്‌ മുമ്പില്‍ വിശേഷ ബുദ്ധി നിഷ്‌പ്രഭമാകുന്നു.

`പുകവലി ആരോഗ്യത്തിന്‌ ഹാനികരം' എന്ന ഔപചാരികമോ അനൗപചാരികമോ ആയ മുന്നറിയിപ്പ്‌ കണ്ടും കേട്ടുമാണ്‌ ലോകമെങ്ങുമുള്ള പുതിയ തലമുറ വളരുന്നത്‌. എന്നിട്ടും വിശേഷബുദ്ധി വികാസോന്മുഖമാകുന്ന കൗമാരത്തില്‍ തന്നെ അവരില്‍ പലരും പുകയിലയുടെ അടിമകളായി മാറുന്നു. ചെയിന്‍ സ്‌മോക്കര്‍മാരായ മെഡിസിന്‍ പ്രൊഫസര്‍മാരെ കാണുമ്പോള്‍ വിശേഷബുദ്ധിയെ മാത്രമല്ല ആരോഗ്യശാസ്‌ത്രപാണ്ഡിത്യത്തെ പോലും ദേഹേച്‌ഛ തോല്‌പിച്ചു കളയുമെന്ന്‌ വ്യക്തമാകുന്നു. ബുദ്ധിയും ചിന്തയും ഏറെ വളര്‍ന്നുവെന്ന്‌ കരുതപ്പെടുന്ന നാടുകളില്‍ മദ്യാസക്തി വര്‍ധിച്ചുവരുന്നതും ദേഹേച്‌ഛയുടെ പ്രഭാവം കൊണ്ടുതന്നെ. ലൈംഗികവിദ്യാഭ്യാസം വ്യവസ്ഥാപിതമായി നടക്കുന്ന വികസിത രാഷ്‌ട്രങ്ങളില്‍ തന്നെ ലൈംഗിക പീഡനങ്ങളും ഗുഹ്യരോഗങ്ങളും പെരുകുന്നതിന്റെ കാരണവും ദേഹേച്‌ഛയ്‌ക്ക്‌ ബുദ്ധിയും ചിന്തയും കീഴ്‌പ്പെടുന്നത്‌ തന്നെ. അനേക കോടി മനുഷ്യരുടെ രോഗങ്ങള്‍ ഗുരുതരമായിത്തീരുന്നതിന്റെയും ചികിത്സകള്‍ പരാജയപ്പെടുന്നതിന്റെയും പ്രധാന കാരണങ്ങളിലൊന്ന്‌ അനാരോഗ്യകരമായ ജീവിതരീതികള്‍ കൈവിടാന്‍ ദേഹേച്ഛ അവരെ അനുവദിക്കാത്തതാകുന്നു. ഗുരുതരമായ കുറ്റമാണെന്ന്‌ നിയമം വിധിച്ചിട്ടും മനസ്സാക്ഷി മന്ത്രിച്ചിട്ടും മനുഷ്യര്‍ കുറ്റകൃത്യങ്ങളിലേക്ക്‌ എടുത്തുചാടുന്നതിന്‌ മുഖ്യപ്രേരകവും അനിയന്ത്രിതമായ ദേഹേച്‌ഛ തന്നെ.

അപ്പോള്‍ പരാജയങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ജീവിതത്തെ രക്ഷിക്കാന്‍ ദേഹേച്‌ഛയ്‌ക്ക്‌ കടിഞ്ഞാണിടേണ്ടത്‌ അനിവാര്യമെന്ന്‌ വ്യക്തമാകുന്നു. പക്ഷെ, അതിനുള്ള എളുപ്പവഴികള്‍ ജീവശാസ്‌ത്രത്തിലോ ആരോഗ്യശാസ്‌ത്രത്തിലോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. മനോഭാവവും വര്‍ത്തമാനവും മെച്ചപ്പെടുത്താനുള്ള ചില പദ്ധതികള്‍ മനശ്ശാസ്‌ത്രത്തിന്റെ പക്കലുണ്ടെങ്കിലും അഹിതമായ ആസ്വാദനങ്ങള്‍ തേടുന്ന ദേഹങ്ങളെ നിയന്ത്രിക്കുന്നതിന്‌ മനസ്സുകളെ പ്രാപ്‌തമാക്കാന്‍ അവ പലപ്പോഴും പര്യാപ്‌തമാകാറില്ല. ദൈവിക മതത്തിലല്ലാതെ, മനുഷ്യാവിഷ്‌കൃത ദര്‍ശനങ്ങളിലോ സിദ്ധാന്തങ്ങളിലോ പ്രത്യയശാസ്‌ത്രങ്ങളിലോ തിന്മകളിലേക്ക്‌ കുതിക്കുന്ന തൃഷ്‌ണകള്‍ക്ക്‌ തടയിടാനുള്ള വിജയകരമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ ജനസമൂഹങ്ങളെ പഠിപ്പിച്ച വ്രതമെന്ന ആത്മസംയമനോപാധിയാണ്‌ ഈ രംഗത്ത്‌ ഏറെ സല്‍ഫലങ്ങളുളവാക്കിയിട്ടുള്ളത്‌. ആഹാര പാനീയങ്ങളും ഇണയും അരികെയുണ്ടായിട്ടും ഒരു നിശ്ചിത കാലയളവില്‍ അവയില്‍ നിന്നൊക്കെ വിട്ടുനില്‍ക്കാനുള്ള നിഷ്‌ഠ മാനസികവും ആത്മീയവുമായ ജീവിത തലങ്ങളില്‍ അഗാധമായ സ്വാധീനം ചെലുത്തുന്നു. ഭോഗം അനിയന്ത്രിതമാകാതെയും ഉപഭോഗം അമിതമാകാതെയും സൂക്ഷിക്കാന്‍ വ്രതം പ്രചോദനമേകുന്നു. ആവശ്യമായ കാര്യങ്ങളില്‍പോലും സംയമനം ശീലിച്ച വ്രതാനുഷ്‌ഠാനിക്ക്‌ അനാവശ്യവും വിനാശകരവുമായ കാര്യങ്ങള്‍ വര്‍ജ്ജിക്കാന്‍ ഒട്ടും വൈമനസ്യം തോന്നുകയില്ല.

പടച്ചതമ്പുരാന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട്‌ വ്രതമനുഷ്‌ഠിച്ച പ്രവാചക ശിഷ്യന്മാര്‍ക്ക്‌ അതിന്റെ എല്ലാ സല്‍ഫലങ്ങളും കൈവരിക്കാന്‍ സാധിച്ചിരുന്നുവെന്നതിന്‌ വേദഗ്രന്ഥങ്ങളും ചരിത്രവും സാക്ഷ്യം വഹിക്കുന്നു. ഇന്നും പ്രവാചക മാതൃക പൂര്‍ണമായി പിന്തുടരുന്ന വിശ്വാസികളുടെ അവസ്ഥ വ്യത്യസ്‌തമല്ല. എന്നാല്‍ ചിലര്‍ വ്രതത്തെ ചൈതന്യരഹിതമായ ഒരു ആചാരമാക്കുകയും നോമ്പുകാലത്തെ ഒരു ആഘോഷവേളയാക്കുകയും ചെയ്‌തിരിക്കുകയാണ്‌. അവര്‍ മഹത്തായ ഈ ആത്മസംയമനോപാധിക്ക്‌ ഏറെ അപചയം വരുത്തി വെച്ചിരിക്കുന്നു. പകല്‍ സമയത്ത്‌ തീറ്റയും കുടിയും ലൈംഗികബന്ധവും ഒഴിവാക്കുക എന്നതില്‍ കവിഞ്ഞ്‌ ആത്മസംയമനമോ ജീവിത നിയന്ത്രണമോ പലരും ലക്ഷ്യമാക്കുന്നില്ല. നോമ്പ്‌ നോറ്റുകൊണ്ടുതന്നെ കള്ളവും പരദൂഷണവും പറയുന്നവരും കള്ളക്കച്ചവടങ്ങള്‍ നടത്തുന്നവരും ജീവിത ശുദ്ധീകരണവുമായി നോമ്പിനെ ബന്ധപ്പെടുത്തുന്നേയില്ല. നോമ്പ്‌ കാലത്ത്‌ പ്രത്യേകമായി ചില ദുശ്ശീലങ്ങളിലും ദുര്‍വൃത്തികളിലും ഏര്‍പ്പെടുന്നവര്‍ പോലും ഉണ്ട്‌ എന്നതാണ്‌ ഏറെ ഖേദകരം.


ഏതാനും പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മലബാറിലെ ചില പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിച്ചിരുന്നത്‌ റമദാനിലായിരുന്നു. വാസനപ്പുകയില, ചക്കരപ്പുകയില, വാസന ബീഡി തുടങ്ങിയ ഒരുപാട്‌ ഇനങ്ങള്‍ ചവച്ചും വലിച്ചും രസിക്കാനുള്ള മാസം എന്ന നിലയിലാണ്‌ റമദാനിനെ അന്നത്തെ ചെറുപ്പക്കാര്‍ വിലയിരുത്തിയിരുന്നത്‌. അന്ന്‌ നോമ്പ്‌ തുറക്കാന്‍ പോകുന്ന പുതിയാപ്പിളമാര്‍, ഉള്ളില്‍ വാസനപ്പുകയില നിറച്ചു പലകടലാസുകളില്‍ ചുരുട്ടി വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു ട്യൂബ്‌ലൈറ്റിന്റെ വലുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു തരം പൈശാചിക വടിയുമായിട്ടാണ്‌ പെണ്‍വീടുകളിലേക്ക്‌ പോയിരുന്നത്‌. പുതിയാപ്പിളയുടെ തറവാട്ടു മഹിമയ്‌ക്കും സാമ്പത്തിക ശേഷിക്കുമനുസരിച്ച്‌ ഈ പുകയിലട്യൂബിന്റെ വലുപ്പവും ഭംഗിയും കൂടുമായിരുന്നു. അന്ന്‌ ചെറുപ്പക്കാര്‍ പുകവലി എന്ന ദുശ്ശീലത്തിന്‌ തുടക്കം കുറിച്ചിരുന്നത്‌ റമദാനില്‍ വാസനപ്പുകയില- ചക്കരപ്പുകയില ബീഡികള്‍ വലിച്ചുകൊണ്ടായിരുന്നു. അതുപോലെ തന്നെ സുഗന്ധ പുകയില ചേര്‍ത്തുള്ള മുറുക്കലും. മഹത്തായ മാസത്തിലെ `മഹല്‍പ്രവര്‍ത്തന'ങ്ങളെന്ന ഭാവേനയായിരുന്നു പല ചെറുപ്പക്കാരും ഇതൊക്കെ ചെയ്‌തിരുന്നത്‌.

റമദാന്‍ സ്‌പെഷലായ വയളിന്‌ എന്ന പേരില്‍ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങുന്ന ചെറുപ്പക്കാര്‍ അന്നും ഇന്നും മുറുക്കിനും വലിക്കും പുറമെ പല അനാശാസ്യ നടപടികളും ശീലിച്ചു വരുന്നു. ഇപ്പോഴാകട്ടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ചിലര്‍ റമദാനിലെ കഥാപ്രസംഗങ്ങളുടെയും ഖിസ്സപ്പാട്ടുകളുടെയും സംഘാടകരും കൂടിയാകുന്നു. `റമദാന്‍ മഹാപുണ്യം- നമുക്കും കിട്ടണം പണം' എന്നതാണ്‌ ബന്ധപ്പെട്ട എല്ലാവരുടെയും അപ്രഖ്യാപിത മുദ്രാവാക്യം. `റമദാന്‍ പരിപാടികള്‍' ഗ്രാമങ്ങളിലാകെ ഇരമ്പുന്ന അവസരം ഉപയോഗിച്ച്‌, പരിപാടിക്ക്‌ പോയവരുടെ വീടുകളില്‍ മോഷണം നടത്തുന്ന സംഘങ്ങളും, `പുണ്യ'ത്തില്‍ ഒരു പങ്ക്‌ പറ്റാന്‍ ശ്രമിക്കുന്നു. റമദാനിനെ പാട്ടുകളിലൂടെ ആഘോഷമാക്കി മാറ്റുന്നവര്‍ സകലവിധ ദുഷ്‌പ്രവണതകള്‍ക്കും വളരാന്‍ അറിഞ്ഞോ അറിയാതെയോ അവസരം സൃഷ്‌ടിക്കുന്നതായാണ്‌ അനുഭവം. നമസ്‌കരിക്കുന്നവരുടെയും നോമ്പനുഷ്‌ഠിക്കുന്നവരുടെയും സംഖ്യ വര്‍ധിക്കുന്നതോടൊപ്പം മുസ്‌ലിം നാമധാരികളായ ക്രിമിനലുകളുടെ എണ്ണവും കുതിച്ചുയരുന്നതിന്‌ റമദാന്‍ രാത്രികളിലെ ഗാനമേളകളോടനുബന്ധിച്ച്‌ ചെറുപ്പക്കാര്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി വിലസുന്നതും ഒരു പ്രധാന കാരണമല്ലേ എന്ന്‌ സമുദായത്തിന്റെ ഭാവിയില്‍ താല്‌പര്യമുള്ളവര്‍ ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്‌.


റമദാനില്‍ മറ്റുകാലങ്ങളിലുള്ളതിനേക്കാള്‍ വളരെക്കൂടിയ തുക ഭക്ഷണത്തിനും വിനോദത്തിനും പൊങ്ങച്ചത്തിനുമായി മിക്ക മുസ്‌ലിം കുടുംബങ്ങളും ചെലവഴിക്കുന്ന സാഹചര്യത്തില്‍ വ്രതത്തിന്റെ സാരാംശമായ സംയമനം എവിടെപ്പോയി മറയുന്നു എന്ന അന്വേഷണത്തിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. ലേഖനങ്ങളിലും പ്രസംഗങ്ങളിലും പ്രാധാന്യപൂര്‍വം ചൂണ്ടിക്കാണിക്കപ്പെടുന്ന ആത്മനിയന്ത്രണവും പരിത്യാഗവുമൊക്കെ പൊള്ളയായ ഭംഗിവാക്കുകള്‍ മാത്രമാണെന്ന്‌ യുവതലമുറയ്‌ക്ക്‌ തോന്നിയാല്‍ അധാര്‍മ്മികതയുടെ ആഴവും വ്യാപ്‌തിയും ഇനിയും കൂടാനാണ്‌ സാധ്യത.


By അന്‍വര്‍ അഹ്‌മദ്‌