രണ്ടു പെരുന്നാളുകള്‍

ഇസ്ലാം പ്രകൃതിമതമാണ്‌. വിനോദിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്. അതിനാല്‍ മുസ്ലിംകള്‍ക്ക് വിനോദിക്കുവാന്‍ വേണ്ടി മതപരമായിത്തന്നെ ഇസ്ലാം രണ്ടു ദിവസങ്ങള്‍ അനുവദിച്ചിരിക്കുന്നു. അവയാണ് ചെറിയ പെരുന്നാളും ബലിപ്പെരുന്നാളും .

മുഹമ്മദ്‌ നബി (സ) മദീനയില്‍ വന്നപ്പോള്‍ മദീനക്കാരുടെ ഇടയില്‍ രണ്ടു ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. അധാര്‍മികതയിലും ബഹുദൈവാരാധനയിലും അധിഷ്ടിതമായിരുന്നു പ്രസ്തുത ആഘോഷ ദിവസങ്ങള്‍. ലക്‌ഷ്യം നന്നായാല്‍ മാത്രം പോരാ, മാര്‍ഗവും നന്നായിരിക്കണമെന്നതാണ് ഇസ്ലാമിന്റെ മൌലിക സിദ്ധാന്തം. അതിനാല്‍ ആ രണ്ടു ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നതിനെ നബി (സ) വിലക്കി. ജൂതന്മാര്‍ ഇത് ഇസ്ലാമിനെ വിമര്‍ശിക്കുവാന്‍ ഒരു മാര്‍ഗമായി ദര്‍ശിക്കുകയും ഇസ്ലാം മനുഷ്യന്‍റെ വികാരവിചാരങ്ങള്‍ ദര്‍ശിക്കുവാന്‍ സാധിക്കാത്ത മതമാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. അപ്പോള്‍ നബി (സ) പറഞ്ഞു : "അല്ലാഹു അവ രണ്ടിന്നും പകരം നിങ്ങള്‍ക്കു മറ്റു രണ്ടു ആഘോഷദിനങ്ങള്‍ പകരമാക്കിയിരിക്കുന്നു. അത് ബലിപ്പെരുന്നാളും ചെറിയ പെരുന്നാളുമാണ്".

ദൈവത്തെ മറന്നുകൊണ്ട് വിനോദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനാല്‍ ഈ ആഘോഷ ദിനങ്ങളില്‍ ചില അനുഷ്ടാനങ്ങള്‍ ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു.

തക്ബീര്‍ ചൊല്ലല്‍


പെരുന്നാള്‍ ദിവസങ്ങളില്‍ അല്ലാഹുവിനെ മറന്നു വിനോദങ്ങളില്‍ മനുഷ്യന്‍ പ്രവേശിക്കാതിരിക്കാന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന മുദ്രാവാക്യം ചൊല്ലുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ചെറിയ പെരുന്നാളില്‍ ശവ്വാല്‍ മാസപ്പിറവിയോട് കൂടി തക്ബീര്‍ ചൊല്ലി തുടങ്ങുക. പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ അവസാനിപ്പിക്കുകയും ചെയ്യുക. ബാലിപ്പെരുന്നാളില്‍ അറഫാദിനത്തിന്റെ (ദുല്‍ഹജ്ജ് 9) പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് 13ന്‍റെ (അയ്യാമുത്തശ്രീകിന്റെ അവസാന ദിനം) അസര്‍ നമസ്കാരം വരെ ചൊല്ലണം.

കുളിക്കല്‍

പെരുന്നാള്‍ ദിവസം വിശ്വാസികള്‍ പ്രത്യേകം കുളിച്ചു ശുദ്ധിയാവണം. ഇബ്നു ഉമര്‍ (റ) പോലെയുള്ള പ്രവാചകന്‍റെ പ്രഗല്‍ഭരായ അനുചരന്മാര്‍ പെരുന്നാള്‍ ദിവസം മൈതാനത്തേക്ക്‌ പുറപ്പെടുന്നതിന്റെ മുമ്പ് കുളിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. [മുവത്വ, മുസ്വന്നഫ്]

പുതുവസ്ത്രം ധരിക്കല്‍

സാമ്പത്തികമായി കഴിവുള്ളവര്‍ പെരുന്നാളുകളില്‍ പുതിയ വസ്ത്രം വാങ്ങി ധരിക്കല്‍ സുന്നത്താണ്. ബുഖാരിയില്‍ 'രണ്ടു പെരുന്നാളില്‍ അലങ്കാര വസ്ത്രം ധരിക്കല്‍' എന്നൊരു അദ്ധ്യായം തന്നെ നമുക്ക് കാണാം. തുടര്‍ന്ന് പെരുന്നാളുകള്‍ക്ക് വേണ്ടി നബി (സ)യും സഹാബികളും ഭംഗിയുള്ള വസ്ത്രങ്ങള്‍ വിലക്ക് വാങ്ങിയിരുന്നു എന്നുള്ള ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നു. വെള്ള വസ്ത്രം ധരിക്കാന്‍ ഇസ്ലാം പൊതുവായി പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പെരുന്നാള്‍ ദിവസങ്ങളില്‍ വരയും മറ്റുമുള്ള അലങ്കാര വസ്ത്രമാണ് നബി (സ) ധരിക്കാറുണ്ടായിരുന്നത്‌ (സാദുല്‍ മആദ് 1 :441).

പുതുവസ്ത്രം ധരിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക : "അല്ലാഹുവേ, നിനക്ക് സര്‍വ സ്തുതിയും, നീയാണ് യഥാര്‍ത്ഥത്തില്‍ എന്നെ ഈ വസ്ത്രം ധരിപ്പിച്ചത്. ഇതില്‍ നിന്നുള്ള എല്ലാ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. എല്ലാതരം തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു." [നസാഈ]

ഭക്ഷണം കഴിക്കല്‍

ചെറിയ പെരുന്നാള്‍ ദിവസം എന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷമായിരിക്കണം സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഈട് ഗാഹിലേക്ക് പുറപ്പെടെണ്ടത്.

ബുറൈദ (റ) നിവേദനം : നബി (സ) ചെറിയ പെരുന്നാള്‍ ദിവസം എന്തെങ്കിലും ഭക്ഷണം കഴിക്കാതെ (നമസ്കാരത്തിന്) പുറപ്പെടാറില്ല. എന്നാല്‍ ബലിപ്പെരുന്നാളില്‍ നമസ്കാര ശേഷമാണ് ഭക്ഷിക്കാറുള്ളത് [അഹമദ്].

ഈദ് ഗാഹ്

പെരുന്നാള്‍ ദിവസം പ്രവാചകന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും പള്ളിയില്‍ വെച്ച് നിര്‍വഹിച്ചിട്ടില്ല. ഒരു പെരുന്നാളിന് മഴ കാരണം പള്ളിയില്‍ വച്ച് നമസ്കരിച്ചുവെന്ന് ഒരു ഹദീസില്‍ പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ ആ ഹദീസ് ദുര്‍ബലമായതാണ്. മൈതാനത്തായിരുന്നു നബി (സ) പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിരുന്നത്. അശുദ്ധിയുള്ള സ്ത്രീകളെ വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കണമെന്നതാണ് ഇസ്ലാമിന്റെ നിയമം. അവര്‍ വീടുകളില്‍ ഇരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല.

ഉമ്മു അതിയ്യ (റ) പറയുന്നു : "ഞങ്ങളോട് പെരുന്നാള്‍ ദിവസം പുറത്തിറങ്ങാനും ആര്‍ത്തവകാരികളെയും കന്യകമാരെയും സ്വകാര്യമുറികളില്‍ നിന്നും പുറത്തിറക്കാനും നബി (സ) കല്‍പ്പിച്ചു. അശുദ്ധിയുള്ളവര്‍ ജനങ്ങളുടെ പിന്നില്‍ നിന്ന് പുരുഷന്മാരുടെ കൂടെ തക്ബീര്‍ ചൊല്ലുകയും പ്രാര്‍ഥിക്കുകയും ആ ദിവസത്തിന്‍റെ പുണ്യത്തെയും പരിശുദ്ധിയേയും കാംക്ഷിക്കുകയും ചെയ്യും." [ബുഖാരി, മുസ്ലിം]

നടന്നു കൊണ്ട് പുറപ്പെടല്‍

നടന്നുകൊണ്ട് സംഘങ്ങളായി തക്ബീര്‍ ചൊല്ലിക്കൊണ്ട് ഈദ്‌ ഗാഹുകളിലേക്ക് പോവുക എന്നതാണ് ശരിയായ രീതി. അലി (റ) പറയുന്നു : "പെരുന്നാള്‍ മൈതാനത്തേക്ക്‌ നടന്നുകൊണ്ട് പുറപ്പെടല്‍ സുന്നത്താണ്." [തുര്‍മുദി]

ഭിന്ന വഴികള്‍

ജാബി (റ) പറയുന്നു : "നബി (സ) പെരുന്നാള്‍ ദിവസം പോക്കുവരവില്‍ വഴി മാറുക പതിവായിരുന്നു". [ബുഖാരി]

"നബി (സ) പെരുന്നാള്‍ ആഘോഷ ത്തിനു പുറപ്പെട്ടാല്‍ പുറപ്പെട്ട വഴിയല്ലാത വഴിയിലൂടെ മടങ്ങുക പതിവായിരുന്നു." [മുസ്ലിം]

നമസ്കാര രൂപം

മൈതാനത് എത്തിയാലും തക്ബീര്‍ ചൊല്ലിക്കൊണ്ടിരിക്കുക. സുന്നത് നമസ്കാരങ്ങള്‍ യാതൊന്നും തന്നെ നമസ്കരിക്കരുത്.

ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി (സ) പെരുന്നാള്‍ ദിവസം രണ്ടു റകഅത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വഹിച്ചു. അതിനു മുമ്പും ശേഷവും അദ്ദേഹം നമസ്കരിച്ചിട്ടില്ല." [ബുഖാരി,മുസ്ലിം]

ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി (സ) ബാങ്കും ഇക്കാമതും ഇല്ലാതെയാണ് പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാറുള്ളത് ." [ബുഖാരി]

ആയിശ (റ) പറയുന്നു : നബി (സ) ബലിപ്പെരുന്നാളിലും ചെറിയ പെരുന്നാളിലും അഞ്ചും ഏഴും തക്ബീറുകള്‍ ചൊല്ലാറുണ്ട്. റുകൂഇന്‍റെതിനു പുറമേ." [ഇബ്നു മാജ]

നബി (സ) പറഞ്ഞു : "ചെറിയ പെരുന്നാളില്‍ ആദ്യത്തെ റകഅത്തില്‍ ഏഴും അവസാന റകഅത്തില്‍ അഞ്ചും തക്ബീറുകളുണ്ട്. രണ്ടിലെയും തക്ബീറിനു ശേഷമാണ് ഖുര്‍ആന്‍ പാരായണം." [അബൂ ദാവൂദ്] ഈ തക്ബീറിന്റെ ഇടയില്‍ ഒന്നും ചൊല്ലരുത്. ഒരു ആയതു ഓതുന്ന സമയം വരെ റസൂല്‍ (സ) മൌനം പാലിക്കുക മാത്രമാണ് ചെയ്തിരുന്നത്.

പെരുന്നാള്‍ ഖുത്ബ

നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ റസൂല്‍ (സ) എഴുനേറ്റു നിന്ന് ഒരു പ്രസംഗം നിര്‍വഹിക്കും. ജനങ്ങള്‍ അവരുടെ വരിയില്‍ നിന്നും തെറ്റുക പോലും ചെയ്യാറില്ല.

അനസ് (റ) പറയുന്നു : "നബി (സ) പെരുന്നാള്‍ ദിവസങ്ങളില്‍ നമസ്കാര ശേഷം വാഹനപ്പുറത്ത് ഇരുന്ന്‍ പ്രസംഗിക്കാറുണ്ട്." [അബ്ദു റസാക്ക്]

ഇബ്നു തയ്യിമ (റ) എഴുതുന്നു : "പെരുന്നാള്‍ ഖുത്ബയില്‍ ജുമുഅ ഖുത്ബയേക്കാള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഖുത്ബയുടെ ഇടയില്‍ തക്ബീറുകള്‍ ചൊല്ലല്‍ മതത്തില്‍ അടിസ്ഥാനമുള്ളതാണ്".[മജ്മൂഅ' ഫതാവാ 24 -213 ]

ദാനധര്‍മ്മം

പെരുന്നാള്‍ ഖുത്ബാക്ക് ശേഷം നബി (സ) ഒരു പിരിവുനടത്തുക പതിവാണ്.

ഇബ്നു അബ്ബാസ് (റ) പറയുന്നു : "പെരുന്നാള്‍ ഖുത്ബക്ക് ശേഷം നബി (സ) ദാനം ചെയ്യാന്‍ നിര്‍ദേശിക്കുകയും അവ ബിലാല്‍ (റ) ശേഖരിക്കുകയും ചെയ്യും. ശേഷം അവ മുസ്ലിംകളില്‍പ്പെട്ട ദരിദ്രര്‍ക്ക് വിതരണം ചെയ്യും". [അബൂ ദാവൂദ്]

വിനോദം

പെരുന്നാള്‍ ദിവസം കളിയും പാട്ടും സംഘടിപ്പി ക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.

ആയിശ (റ) നിവേദനം : "ഒരു ദിവസം നബി (സ) എന്‍റെ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അബ്സീനിയക്കാര്‍ അന്നേരം പള്ളിയില്‍ ആയുധ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. നബി (സ) തട്ടം കൊണ്ട് എന്നെ കാണാതെ മറച്ചു. ഞാന്‍ അവരുടെ കളി നോക്കിക്കൊണ്ടിരുന്നു." ഇതൊരു പെരുന്നാള്‍ ദിവസമായിരുന്നു. [ബുഖാരി]

ആയിശ (റ) പറയുന്നു : രണ്ടു പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തിന്റെ പാട്ടുകള്‍ എന്‍റെ അടുക്കല്‍ പാടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അബൂബക്കര്‍ (റ) കടന്നു വന്നു എന്നോട് ദേഷ്യപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന നബി (സ) അദ്ധേഹത്തോട് പറഞ്ഞു : "അവരെ വിട്ടേക്കുക. നിശ്ചയം എല്ലാ സമുദായങ്ങള്‍ക്കും ആഘോഷ ദിനമുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്" [ബുഖാരി]


by അബ്ദുസ്സലാം സുല്ലമി