റമദാന്‍ മുബാറക്


ആത്മസംസ്‌കരണത്തിന്റെ സുവര്‍ണ നാളുകളാണ് പിന്നിട്ടുകൊണ്ടിരിക്കുന്നത്. ആത്മസംസ്‌കരണത്തിന്റെ ആദ്യപടി ആത്മപരിശോധനയാണ്. പിന്നിട്ട ജീവിതത്തിന്റെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പ്. ഭൗതികനേട്ടങ്ങളല്ല. നന്മ തിന്മകളുടെ കണക്കെടുപ്പ്. നമ്മുടെ വിചാരവികാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിലപാടുകള്‍, മോഹങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവോ. കുടുംബത്തോടും സുഹൃത്തുക്കളോടും ജനങ്ങളോടും തന്നോടു തന്നെയുമുള്ള നിലപാടുകള്‍, ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടുള്ള സമീപനങ്ങള്‍ എല്ലാം നീതിയുക്തവും സത്യസന്ധവുമായിരുന്നോ. അല്ലെങ്കില്‍ കോട്ടങ്ങള്‍ നികത്തണം. നേട്ടങ്ങള്‍ വളര്‍ത്തണം. തെറ്റുകള്‍ തിരുത്തണം.

മനസ്സാണ് ശരീരത്തിലെ രാജാവ്. അതിന്റെ ആജ്ഞയനുസരിച്ചാണ് മറ്റവയവങ്ങള്‍ പ്രവര്‍ത്തിക്കുക. തെറ്റുകളുടെ ഉറവിടവും മനസ്സാണ്.സ്വയം ന്യായീകരിക്കുക മനസ്സിന്റെ പ്രകൃതിയുമാണ്.

മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനു പരിശുദ്ധ വേദഗ്രന്ഥം അവതരിപ്പിക്കാന്‍ പ്രപഞ്ചനാഥന്‍ തെരഞ്ഞെടുത്ത മാസമാണ് റമദാന്‍. വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും സാമൂഹിക ജീവിതത്തെയും ആമൂലാഗ്രം പരിവര്‍ത്തിപ്പിക്കുന്ന വിപ്‌ളവ ഗ്രന്ഥമാണ് ഖുര്‍ആന്‍. മാനവരാശിയുടെ മോചനശാസ്ത്രവുമാണത്. ദൈവേതര ശക്തികളുടെ അടിമത്വത്തില്‍നിന്ന്, പൈശാചിക ശക്തികളില്‍നിന്ന്,  ആത്മീയതയുടെ അപഥസഞ്ചാരത്തില്‍നിന്ന്, ദേഹേച്ഛയുടെ ദുസ്വാധീനത്തില്‍നിന്ന്, ഭൗതികപ്രമത്തതയുടെ അതിപ്രസരത്തില്‍നിന്ന്, മരണാനന്തര നരകശിക്ഷയില്‍നിന്ന് എല്ലാമുള്ള മോചനം. ഖുര്‍ആന്റെ അവതരണം തന്നെയാണ് റമദാനിലെ അതിപ്രധാന സംഭവവും. അപരിഷ്‌കൃതരും സംസ്‌കാരശൂന്യരുമായിരുന്ന ഒരു ജനതയില്‍ വിചാരവിപ്‌ളവത്തിന്റെ മാറ്റൊലി സൃഷ്ടിച്ചത് ഈ വിശുദ്ധഗ്രന്ഥമാണ്. ലോക സംസ്‌കാരത്തിന്റെ ഗതി പ്രത്യേക ദിശയിലേക്ക് തിരിച്ചുവിടാന്‍ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് സാധിച്ചു.

നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതും റമദാനിലാണ്. എല്ലാ മതക്കാര്‍ക്കും നോമ്പുണ്ട്. സമ്പൂര്‍ണ ജീവിതത്തിന്റെ പരിശീലനമാണ് വ്രതം. പകല്‍ മുഴുവന്‍ ഉറങ്ങാനും മൂക്കറ്റം തിന്നാനുമുള്ള മാസമല്ലിത്. വിശ്രമത്തിനു പകരം കര്‍മസജ്ജമാകേണ്ട മാസം.

ജീവിതത്തില്‍ അമിതഭോഗവും ആഢംബരവും ഉപേക്ഷിച്ചും പൊങ്ങച്ചവും അഹങ്കാരവും അറുത്തെറിഞ്ഞും മിതത്വം പാലിക്കാനുള്ള പരിശീലനം വ്രതം നല്‍കുന്നുണ്ട്. ചതിയും ചീത്തവാക്കും പൊളിവചനങ്ങളും അക്ഷമയും അസഹിഷ്ണുതയും ഉപേക്ഷിക്കാന്‍ പഠിപ്പിക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ ഒരുമയുടെയും സംസ്‌കരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നു. ഒരേക മനസ്സ് നിര്മിച്ചെടുക്കുന്നു. മതജീവിതത്തോട് വിശ്വാസികള്‍ കൂടുതല്‍ രമ്യപ്പെടുന്നത് റമദാനിലാണ്. ഖുര്‍ആന്‍ പഠനത്തിനും മനനത്തിനും പാരായണത്തിനും ഏറ്റവും കൂടുതല്‍ സമയം നീക്കിവെക്കുന്നതും ഈ മാസം തന്നെ. ആചാരനുഷ്ഠാനങ്ങളോട് ഇത്രമാത്രം നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്ന സന്ദര്‍ഭം വേറെയില്ല. പാപമുക്തിക്കായി  പ്രായശ്ചിത്തവിവശനായി വിശ്വാസി പ്രാര്‍ഥനാനിരതനാകുന്നതും റമദാനില്‍ തന്നെ.

മുസ്‌ലിം എന്ന തലം ഒരു വ്യക്തിയില്‍ ഏറ്റവും തീവ്രമായി സ്വാധീനിക്കുന്നത് റമദാനിലാണ്.  സഹജീവകളോടുള്ള ഉത്തരവാദിത്തം പ്രഖ്യാപിക്കുകയും അത് അത്യുദാരമായി നിര്‍വഹിക്കുകയും ചെയ്യുന്നതും നോമ്പുകാലത്ത് തന്നെ. ഇതര മതസമൂഹങ്ങളുമായി ഐക്യപ്പെടാന്‍ വ്രതകാലം പോലെ ഏറ്റവും പറ്റിയ സമയം വേറെയില്ല.

അല്ലാഹു പറഞ്ഞാല്‍ എന്തും ത്യജിക്കാനുള്ള സന്നദ്ധതയാണ് നോമ്പിന്റെ അന്തസത്ത. ദൈവമാര്‍ഗത്തില്‍ ജീവന്‍ പോലും ത്യജിക്കാന്‍ തയാര്‍. ത്യാഗമാണ് ജീവിതത്തെ ഉദാത്തമാക്കുന്നത്. അതിന്റെ വര്‍ണനൂലുകൊണ്ടാണ് മഹത്വത്തിന്റെ ഉടയാടകള്‍ തുന്നിയുണ്ടാക്കേണ്ടത്. ത്യാഗത്തെ അനുഷ്ടാനമാക്കുകയാണ് നോമ്പ്. ഭക്ഷണത്തെ, വെള്ളത്തെ, ലൈംഗികതയെ, സംസാരത്തിന്റെ പ്രലോഭനത്തെ, ഉറക്കത്തെ ത്യജിച്ചു നിര്‍വഹിക്കുന്ന ഉപാസനയാണ് വ്രതം. താന്‍ ആവശ്യക്കാരനായിരിക്കെ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോഴാണ് മനുഷ്യന്‍ മഹത്വത്തിന്റെ ഉന്നതിയിലേക്ക് പറന്നുയരുന്നത്. മണ്ണില്‍ അള്ളിപ്പിടിക്കുന്നതിനു പകരം വിണ്ണിലേക്ക് പറന്നുയരുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്.

യര്‍മൂഖ് യുദ്ധാനുഭവം മാനവചരിത്രത്തിലെ അനശ്വര അധ്യായമാണ്. യര്‍മൂഖില്‍ വെട്ടേറ്റുവീണവര്‍ ഇതിഹാസ പുരുഷന്മാരാണ്. മരണം തൊണ്ടക്കുഴിയിലെത്തിയ മനുഷ്യന് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടത് ഒരിറ്റ് ദാഹജലമാണല്ലോ. അതു കുടിക്കാതെ മാറ്റിവെക്കുകയായിരുന്നു ഓരോരുത്തരും. ഒടുവില്‍ മണ്ണില്‍ ഒഴികിപ്പോയ ആ കുടന്ന വെള്ളം  മനുഷ്യ മഹത്വത്തിന്റെ നിറപ്രതീകമാണ്. യര്‍മൂഖ് പോരാളികള്‍ നോമ്പിന്റെ പാഠശാലയില്‍ നിന്നാണ് ഈ കരുത്ത് സ്വായത്തമാക്കിയത്.

ബദര്‍- ഒരു ചെറുസംഘം റമദാനില്‍ നടത്തിയ ഇതിഹാസം നിറഞ്ഞ പോരാട്ടമാണ്. ഓരോ വിശ്വാസിയും അല്ലാഹുവിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധമായ അനര്‍ഘമുഹൂര്‍ത്തം. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ യഥാര്‍ഥ ദാസന്മാര്‍ മര്‍ദ്ദിതരും നിന്ദിതരുമായി കഴിയുക; പൈശാചിക ശക്തികള്‍ അവരെ അടക്കിഭരിക്കുക; സത്യം വിസ്മരിക്കപ്പെടുക ഈ വൈരുധ്യത്തില്‍നിന്ന് മനുഷ്യനു മോചനം നല്‍കിയ വിമോചന സംഘട്ടനമായിരുന്നു ബദ്ര്‍. സംഖ്യാബലമല്ല വിജയത്തിനു നിദാനമെന്ന് ബദ്ര്‍ തെളിയിച്ചു. ആത്മവീര്യവും സ്ഥൈര്യവും സമര്‍പ്പണസന്നദ്ധതയുമുള്ള ഏത് ചെറുസംഘത്തിനും അവര്‍ നിരായുധരായിരുന്നാല്‍ പോലും സായുധസജ്ജരായ വലിയ സൈന്യത്തെ അതിജയിക്കാനാവുമെന്ന് ബദ്ര്‍ പ്രഖ്യാപിച്ചു.

മൃഗത്തിന്റെയും മലക്കിന്റെയും അവസ്ഥയില്‍നിന്ന് വ്യത്യസ്തനാകുന്നു മനുഷ്യന്‍. മനുഷ്യന്‍ നിരന്തരം അധ്വാനിച്ച് ചിന്തിച്ച് ശ്രദ്ധിച്ച് ജീവിക്കണം. അസ്തിത്വപരമായ ഇത്തരമൊരു വെല്ലുവിളി മലക്കുകള്‍ക്കും മൃഗങ്ങള്‍ക്കുമില്ല. അവയുടെ ശാരീരികതയില്‍ വെറുതെ ജീവിച്ചാല്‍ തന്നെ നല്ല മൃഗമോ നല്ല മാലാഖയോ ആവാം. എന്നാല്‍ മനുഷ്യന്‍ മനുഷ്യനായിത്തീരണമെങ്കില്‍ നന്നായി പരിശ്രമിക്കുക തന്നെ വേണം. പാപങ്ങളില്‍നിന്ന് അകന്നുനില്‍ക്കണം. പുണ്യങ്ങള്‍ വര്‍ധിപ്പിക്കണം. റമദാന്റെ സന്ദേശമാണത്.

പുണ്യങ്ങളുടെ പൂക്കാലം എന്ന് റമദാനെ സാധാരണ വിശേഷിപ്പിക്കാറുണ്ട്. പുണ്യങ്ങളും നിന്ദ്യങ്ങളും നിര്‍മിക്കുന്നത് പക്ഷെ മനുഷ്യര്‍ തന്നെയാണ്. മനുഷ്യകര്‍മങ്ങള്‍ പൈശാചികമാകുമ്പോള്‍, നിന്ദ്യങ്ങള്‍ പെരുകുമ്പോള്‍ ജീവകാലം മുഴുവന്‍ പേക്കോലമാവും. കാലത്തെ പൂക്കാലമാക്കുന്നതും പേക്കോലമാക്കുന്നതും മനുഷ്യകര്‍മങ്ങളാണെന്നര്‍ഥം.

 മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്ന അനുഷ്ടാനകാലം പ്രയോജനപ്പെടുത്തുന്നവരെ സംബന്ധിച്ചെടുത്തോളം സ്വപ്നസദൃശമായ അനുഭവം തന്നെയാണ് റമദാന്‍. സ്വര്‍ഗം ഒരു നവോഡയെ പോലെ നോമ്പുകാരന് വേണ്ടി ഒരുങ്ങിനില്‍ക്കുന്നു. അതിന്റെ റയ്യാന്‍ എന്ന കവാടം നോമ്പുകാര്‍ക്ക് മാത്രമുള്ളതാണ്. ഇഹലോകത്താകട്ടെ വിശ്വാസികളുടെ ഏറ്റവും വലിയ ആഘോഷമായ ഈദുല്‍ഫിത്വര്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്കുള്ള പ്രപഞ്ചനാഥന്റെ സമ്മാനവുമാണ്.

അതുകൊണ്ട് നോമ്പിന്റെ പവിത്രത കാത്തുസൂക്ഷിക്കുക. അതിന്റെ ആത്മാവ് കെട്ടുപോകാതെ കാത്തുസൂക്ഷിക്കുകയും ജ്വലിപ്പിച്ചു നിര്‍ത്തുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. 

by ജാഫര്‍ അത്തോളി