മുസ്ലീങ്ങള്‍ വീണ്ടുമൊരു റമദാനിനെ വരവേല്‍ക്കുകയാണ്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റമദാനിന്റെ അമ്പിളിക്കീറ് ദൃശ്യമാകുന്നതോടെ വൃതാനുഷ്ഠാന നാളുകള്‍ ആരംഭിക്കുകയായി. പാശ്ചാതാപവും പാപമോചനവും തേടുന്ന മനസ്സുകള്‍ക്ക് ദൈവകാരുണ്യത്തിന്റെ അറ്റമില്ലാത്ത അനുഗ്രഹം വര്‍ഷിച്ചു നല്‍കുന്ന മഗ്ഫിറത്തിന്റെ മാസം. ഓരോ മുസ്ലിമിന്റെയും മനസ്സിലെന്ന പോലെ വീട്ടിലും നാട്ടിലും നന്മകള്‍ തളിരിടുന്നു. തളിരിടും കാലത്ത് തളിരിടും തളിരിനേ തളരാതിരിക്കുവാന്‍ കഴിയൂ. സുകൃതങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പുണ്യങ്ങളുടെ ഈ പൂക്കാലത്ത് അവയുടെ സുഗന്ധവും മധുരവും ആത്മീയ ചൈതന്യത്തിന്റെ നവോന്മേഷം വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നു. മാത്രവുമല്ല എല്ലാ സമയത്തും തന്റെ നാഥന്റെ അനുമതിയോടെ നല്ല കായ്ഫലങ്ങള്‍ നല്‍കുന്ന ഒരു ഉത്തമ വൃക്ഷം പോലെ വരും കാലങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ നോമ്പുകാലത്തെ വിവിധങ്ങളായ ആരാധനാ കര്‍മ്മങ്ങള്‍ അവര്‍ക്ക് കരുത്തേകുന്നു.
“അല്ലാഹുവിനെ കാണുന്നുണ്ടെന്ന പോലെ അവനെ നീ ആരാധിക്കുക. നീ അവനെ തന്നെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു.” എന്താണ് സുകൃതം? എന്ന ചോദ്യത്തിന് നബി തിരുമേനി (സ) നല്‍കിയ മറുപടിയാണിത്. നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്തവനായ അല്ലാഹു. എല്ലാ സൃഷ്ടികളെയും ഇമവെട്ടാത്ത കണ്ണുകളാല്‍ കണ്ടുകൊണ്ടിരിക്കുന്നവാണവന്‍. നമ്മുടെ കണ്ണുകളുടെ കട്ടുനോട്ടവും മന്ത്രവും അറിയുന്നവന്‍. അവന്റെ കലപന ശിരാസാവഹിച്ച് വിശ്വാസികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിയുന്നു. വികാര വിചാരങ്ങള്‍ നിയന്ത്രിക്കുന്നു. നോമ്പിന് പോറലെല്‍ക്കുന്ന ചെറിയ സ്ഖലിതങ്ങള്‍ പോലും വന്നുപോകാതെ സുക്ഷിക്കുന്നു. ഉമിനീരിറക്കുന്നതു പോലും ശ്രദ്ധിക്കുന്ന സൂക്ഷ്മത!! അല്ലാഹ്!! അല്ലാഹ്!! എന്ന വിചാരവും വിശ്വാസവും അവരുടെ സര്‍വ്വ നാഡിനരമ്പുകള്‍ക്കും ശക്തിപകരുന്നു. അവരുടെ കണ്ണും കാതും മനസ്സും മറ്റെല്ലാ അവയവങ്ങളും നോമ്പിലാണ്.
എല്ലാ അവയവങ്ങള്‍ക്കും എന്നൊന്നില്ലാത്ത ഒരു നിയന്ത്രണം. കണ്ണ് കരുതലോടെ കാഴ്ച്ചകള്‍ കാണുന്നു. കാത് ശ്രദ്ധയോടെ കേള്‍ക്കുന്നു. നാവ് സൂക്ഷ്മതയോടെ ഉരിയാടുന്നു. യാ ഇലാഹീ ഞങ്ങളോട് പൊറുക്കേണമേ എന്ന് അത് തേടിക്കൊണ്ടിരിക്കുന്നു. “ അല്ലാഹുവേ, ഉദായാസ്ത്മയ സ്ഥാനങ്ങള്‍ തമ്മില്‍ അകറ്റിയതുപോലെ എന്നെയും എന്റെ തിന്മകളെയും തമ്മില്‍ നീ അകറ്റേണമേ.. അല്ലാഹുവേ, വെള്ള വസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധിയാക്കുന്നതു പോലെ തിന്മകളില്‍ നിന്ന് എന്നെ നീ ശുദ്ധിയാക്കേണമേ, ഞാന്‍ ചെയ്തുപോയ പാപങ്ങളില്‍ നിന്ന് എന്നെ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകേണമേ.” (നബിവചനം)
ഈ മഹാ പ്രപഞ്ചത്തിന്റെ വെളിച്ചമാകുന്ന അല്ലാഹു അവരുടെ മനസ്സുകളില്‍ ആത്മ ചൈതന്യത്തിന്റെ വെളിച്ചം വിതറുന്നു. അവര്‍ വീണ്ടും മനമുരുകി പ്രാത്ഥിക്കുന്നു.
“അല്ലാഹുവേ, എന്റെ ഹൃദയത്തിന്‍ നീ പ്രകാശമുണ്ടാക്കേണമേ, എന്റെ കാഴ്ചയില്‍ നീ പ്രാകാശ മുണ്ടാക്കേണമേ, എന്റെ കേള്‍വിയില്‍ നീ പ്രാകാശമുണ്ടാക്കേണമേ, എന്റെ വലതു ഭാഗത്ത് നീ പ്രാകാശമുണ്ടാക്കേണമേ, എന്റെ ഇടതു ഭാഗത്ത് നീ പ്രാകാശമുണ്ടാക്കേണമേ,എന്റെ മുകളില്‍ നീ പ്രാകാശമുണ്ടാക്കേണമേ, എന്റെ താഴ്ഭാഗത്തും നീ പ്രകാശമുണ്ടാക്കേണമേ, എനിക്ക് നീ പ്രകാശം നല്‍കേണമേ!” (നബി വചനം)
കൂരാ കൂരിട്ടത്ത് കത്തിച്ചു വെച്ച ഒരു കെടാവിളക്കാണ് ഞാനെന്ന ബോധം അതോടെ ഒരോ മുസ്ലിമിന്റെ മനസ്സിലും ഉണ്ടായിത്തീരുന്നു. ഈ വെളിച്ചം കൊണ്ടവന്‍ വീട്ടിലിരുന്നാല്‍ പോരാ.. സമൂഹത്തിലേക്കിറങ്ങണം. “നിര്‍ജീവാവസ്ഥയിലിരിക്കേ നാം ജീവന്‍ നല്‍കുകയും നാം സത്യ പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ പുറത്തുകടക്കാനാവാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെതു പോലെയാണോ? [ വിശുദ്ധ ഖുര്‍ആന്‍ 6:122 ]
തനിക്കും തന്റെ കുടുബത്തിനും സമൂഹത്തിനും പൊതുവിലും ഗുണപരമായ നിരവധി പുണ്യങ്ങളില്‍ നിരതനാകാന്‍ ഒരു വിശ്വാസിക്ക് ലഭിക്കുന്ന അസുലഭമായ അവസരമാണിത്.
അല്ലഹുവിന്ന് ഭൂമിയില്‍ ഏറ്റവും ഇഷ്ടപെട്ട ഇടങ്ങളാണ് ഏകദൈവാരാധനാ കേന്ദ്രങ്ങളായ പള്ളികള്‍. അവ ഏറ്റവും കൂടുതല്‍ ആരാധനാനിരതമാകുന്ന മാസമാണ് റമദാന്‍. അല്ലാഹുവിനോടുള്ള ബാദ്ധ്യതകള്‍ നിര്‍ബന്ധവും ഐശ്ചികവുമായ നമസ്ക്കാരങ്ങളിലൂടെ നിര്‍വ്വഹിക്കുന്ന വിശ്വാസികള്‍ സമസൃഷ്ടികളോടുള്ള ബാദ്ധ്യതാനിര്‍വ്വഹണത്തിനായ് സക്കാത്തും സ്വദഖകളും നല്‍കാന്‍ ഈ മാസമാണ് തെരഞ്ഞെടുക്കുന്നത്.
സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന നിരവധിയാളുകള്‍ക്ക് താങ്ങും തണലുമാകുന്നു ഈ മാസം. ലോകത്ത് ഒരു സമൂഹത്തിലും കാണാനാകാത്ത വിധം പരസ്പര സഹായവും സഹകരണവും ദാന ധര്‍മ്മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്ലിംകള്‍ക്കിടയില്‍ സജ്ജീവമാകുന്നു.
വൃതാനുഷ്ടാനത്തിന്റെ പരിസമാപ്തിയായി കടന്നുവരുന്ന ഈദുല്‍ ഫിത്ത്വര്‍ തുടങ്ങുന്നതും സഹാനുഭൂതിയുടെയും സമഭാവനയുടെയും സന്ദേശം പകരുന്ന ‘സക്കാത്തുല്‍ ഫിത്വര്‍’ എന്ന നിര്‍ബന്ധ ധാനം നല്‍കികൊണ്ടാണ്. അത്യാവശ്യം കഴിച്ച് മിച്ചമുള്ള എല്ലാവരും അവരവരുടെയും കുടുബാംഗങ്ങളുടെയും പേരില്‍ നിര്‍ബന്ധമായും ഇത് നല്‍കണമെന്നാണ് ഇസ്ലാമിന്റെ വിധി. മറ്റേതൊരു ജനവിഭാഗത്തിന്റെ ആഘോഷങ്ങളോടനുബന്ധിച്ചാണ് സമൂഹത്തിലെ ദശലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സമ്പ്രദയമുള്ളത്?
“ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കൂ! ആകാശത്തിലുള്ളവന്‍ നിങ്ങളില്‍ കരുണചൊരിയും!” (നബിവചനം)
പുണ്യം നിറഞ്ഞ ഒരു റമദാന്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ... ആമീന്‍.
by അഹമ്മദ്‌കുട്ടി മദനി