വിശുദ്ധ റമദാനിന്റെ അനുഗൃഹീതമായ ദിനരാത്രങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് . നന്മയുടെ വസന്തം, പുണ്യങ്ങളുടെ പൂക്കാലം എന്നൊക്കെ റമദാനിനെ നാം ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. ഇവിടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യമുണ്ട്.
റമദാന്‍ പുണ്യം നിറഞ്ഞ സന്ദര്‍ഭമാണ്‌എന്നതുകൊണ്ട് നമുക്ക് എന്തുണ്ട്? അതായിരിക്കണം ഓരോ വിശ്വാസിയുടെയും ചിന്താവിഷയം. ചേതോഹരമായ ഒരുദ്യാനം.അതില്‍ കടന്നുചെല്ലുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത് ഉപകാരപ്പെടുന്നത്? ആ ഉദ്യാനത്തിന്റെ മനോഹാരിതയും സൗന്ദര്യവും ആസ്വദിക്കാന്‍ അയാളുടെ കണ്ണുകള്‍ക്ക് കാഴ്‌ചയുണ്ടാകണം. പ്രവര്‍ത്തനക്ഷമമായ നാസാരന്ധ്രങ്ങള്‍ അതിലെ സൗരഭ്യവും ആസ്വദിക്കുന്നു. അവിടെ ഒഴുകിനടക്കുന്ന സംഗീതവും കുളിര്‍മയാര്‍ന്ന വൃക്ഷത്തണലുകളും എല്ലാം അനുഭവിക്കുമ്പോള്‍ ആ മനുഷ്യന്റെ മനസ്സ് തണുക്കുന്നു. മനോവിഷമങ്ങള്‍ ഇല്ലാതാകുന്നു.മടുപ്പകന്നുപോകുന്നു. ഇത് ഭൗതികമായ ഒരു സാധാരണ പ്രക്രിയയാണ്. വിശുദ്ധ റമദാന്‍ ആത്മഹര്‍ഷത്തിന്റെ അസുലഭ സന്ദര്‍ഭമാണ്. അതിലൂടെ നാം കടന്നുപോകുമ്പോള്‍ അത് എത്രത്തോളം നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതിലാണ് നമ്മുടെ വിജയം.
മനുഷ്യന്റെ പ്രകൃതിയെപ്പറ്റി മനുഷ്യനെ സൃഷ്‌ടിച്ച അല്ലാഹു പറയുന്നു: ``മനഷ്യാത്മാവാണ് സത്യം; അത് സംവിധാനിച്ച രീതിയാണ് സത്യം; അതിന്റെ തിന്മയും സൂക്ഷ്‌മതയും അതിന് ബോധനം നല്‌കിയിട്ടുണ്ട്. അതിനെ സംസ്‌കരിച്ചവന്‍ തീര്‍ച്ചയായും വിജയം വരിച്ചു. അതിനെ മലിനമാക്കിയവന്‍ തീര്‍ച്ചായും നഷ്‌ടത്തിലായി'' (91:7-10). നന്മകള്‍ സ്വാംശീകരിച്ച് സത്‌സരണിയില്‍ സഞ്ചരിക്കാനും തിന്മയുടെ വഴികള്‍ തെരഞ്ഞെടുക്കാനുമുള്ള താല്‌പര്യംമനുഷ്യമനസ്സില്‍ പ്രകൃത്യാ തന്നെ കുടികൊള്ളുന്നു. അതില്‍ സൂക്ഷ്‌മതയുടെ (തഖ്‌വാ) ഭാഗത്തിന് പോഷണം നല്‌കി വളര്‍ത്തിയെടുക്കാനും തിന്മയിലേക്ക് നീങ്ങാനുമുള്ള പ്രവണതയെ നിയന്ത്രിക്കാനും സാധിക്കുന്നവരാണ് നല്ല മനുഷ്യര്‍.
ലോകത്തു വന്ന സകല പ്രവാചകന്മാരുടെയും ദൗത്യം ഇതായിരുന്നു. മനുഷ്യനെ മനുഷ്യനാക്കുക. അവനിലെ മനുഷ്യത്വം വികസിപ്പിച്ചെടുക്കുക. അല്ലാതെ പുതിയൊരു മനുഷ്യനെ സൃഷ്‌ടിച്ചെടുക്കുകയോ നല്ലവരെ തേടിപ്പിടിച്ച് ഒന്നിച്ചുചേര്‍ത്ത് ഒരു സമൂഹത്തെ സംവിധാനിക്കുകയോ ആയിരുന്നില്ല. മുഹമ്മദ് നബി(സ) വളര്‍ത്തിയെടുത്ത്, തന്റെ ദൗത്യനിര്‍വഹണത്തിന്റെ പൂര്‍ത്തീകരണമായി ലോകത്തിനു സമര്‍പ്പിച്ച ആ ഉത്തമ സമൂഹം ഏതായിരുന്നു?എല്ലാവിധ ജീര്‍ണതകളുടെയും പര്യായമായിരുന്ന, എന്നാല്‍ നിരവധി നല്ല ഗുണങ്ങള്‍ നിലനിന്നിരുന്ന അറേബ്യന്‍ ജനത. അവരിലെ മാനുഷികമായ തിന്മകള്‍ നിയന്ത്രിച്ചു. നന്മകള്‍ പോഷിപ്പിച്ചു. വിശ്വാസമെന്ന ശക്തിയായിരുന്നു അതിന്റെ ചാലകമെന്നു മാത്രം.
എന്നാല്‍ മനുഷ്യന്റെ പ്രകൃതിയില്‍ തന്നെയുള്ള ചീത്ത വികാരങ്ങള്‍, ജീര്‍ണതയിലേക്ക് നീങ്ങാനുള്ള പ്രവണത എന്നിവ വളര്‍ത്തിയെടുക്കുകയും തത്‌ഫലമായി മനുഷ്യത്വത്തെ മരവിപ്പിച്ചുകളയുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നുണ്ടിവിടെ . അതാണ് പിശാച് സ്വയം ഏറ്റെടുത്ത `ദൗത്യം'. പിശാചിന്റെ പിടിയിലമര്‍ന്ന് ജീര്‍ണതകളുടെ പര്യായമായി മാറുന്നവരും സാധാരണ മനുഷ്യര്‍ തന്നെയാണല്ലോ. മനുഷ്യന്‍ പ്രവാചകന്മാരുടെ മാര്‍ഗം പിന്‍പറ്റി മനുഷ്യത്വത്തിന്റെ മകുടോദാഹരണമായി മാറുകയും പിശാചിന്റെ വഴിയില്‍ സഞ്ചരിച്ച് മൃഗങ്ങളെക്കാള്‍ അധപ്പതിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇക്കാര്യം മുന്നറിയിപ്പായി നല്‌കിയിട്ടുണ്ട്. ``മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തില്‍ സൃഷ്‌ടിക്കുകയുണ്ടായി. പിന്നീട് നാം അവനെ അധമരില്‍ അധമനാക്കുകയും ചെയ്‌തു'' (95:4,5). എന്നാല്‍ ഈ അധ:സ്ഥിതിയില്‍ നിന്ന്‌മുക്തമായിത്തീരുന്നത് ശരിയായ വിശ്വാസവും ധര്‍മനിഷ്‌ഠമായ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരാണ് എന്നാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ വിശദീകരിച്ചത്(95:6).
വിശുദ്ധ റമദാനിന്റെ പശ്ചാത്തലത്തില്‍ നാം ഇക്കാര്യങ്ങള്‍ അനുസ്‌മരിച്ചത് സാന്ദര്‍ഭികമാണ്. വ്രതാനുഷ്‌ഠാനത്തിലൂടെ നമുക്ക് ചെയ്യാനുള്ളത് മനുഷ്യത്വത്തിന്റെ യഥാര്‍ഥ പാത കണ്ടെത്തി അതിലൂടെ സഞ്ചരിക്കുക എന്നതാണ്. എത്രത്തോളം സാധിക്കുമോ അത്രയും നന്മകള്‍ ചെയ്യുക. തന്റെ ഉള്ളിലുള്ള ദുര്‍വികാരങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുക ഇതാണ് വ്രതാനുഷ്‌ഠാനത്തിന്റെ ലക്ഷ്യം. ഒരു മാസം ഭക്ഷണവും വെള്ളവും പകല്‍ സമയത്ത്‌വര്‍ജിക്കുക എന്നതാണ് വ്രതമെങ്കിലും വ്രതാനുഷ്‌ഠാനത്തിന്റെ പൂര്‍ണതയ്‌ക്കാവശ്യമായി പ്രവാചകന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
വിശുദ്ധ ഖുര്‍ആന്‍ പാരായണം, പഠനം, മനനം, മനപ്പാഠം, സ്തോത്ര കീര്‍ത്തനങ്ങള്‍, പ്രാര്‍ഥനകള്‍, പള്ളിയില്‍ കഴിച്ചുകൂട്ടല്‍, ദാനധര്‍മങ്ങള്‍,ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍, രാത്രി നമസ്‌കാരം തുടങ്ങിയ സല്‍ക്കര്‍മങ്ങളെല്ലാം വ്രതപൂര്‍ണതക്കാവശ്യമായി നബി(സ) നിര്‍ദേശിച്ചതാണ്. എന്നാല്‍ ഇവയൊന്നും റമദാനിലേക്ക് പ്രത്യേകമായുള്ള കര്‍മങ്ങളല്ല. എതു കാലത്തും വേണ്ടതാണ്. റമദാനില്‍ കൂടുതല്‍ ജാഗ്രതയോടെ നന്മകള്‍ ചെയ്യുന്നു. നന്മകള്‍ക്കാകട്ടെ സാധാരണയില്‍ കവിഞ്ഞ് ഇരട്ടിയിരട്ടി പ്രതിഫലവും. അതുകൊണ്ടു മാത്രമായില്ല. കളവ്, വഞ്ചന, അസൂയ,പരദൂഷണം, ഏഷണി, വഴക്ക്, ശണ്ഠകൂടല്‍, അസഹിഷ്ണുത, അഹങ്കാരം, പരനിന്ദ തുടങ്ങി മനുഷ്യസഹജമായ എന്തെല്ലാം ദൗര്‍ബല്യങ്ങളുണ്ടോ അവയെ നിയന്ത്രിച്ചുനിര്‍ത്തി-അവയെ ഇല്ലാതാക്കാന്‍ കഴിയില്ല - പരമാവധി നല്ല മനുഷ്യന്‍ ആയിത്തീരുക എന്നതും നോമ്പിന്റെ പൂര്‍ണതയ്‌ക്കാവശ്യമാണ്. ആലോചിച്ചുനോക്കൂ, ഇപ്പറഞ്ഞ തിന്മകള്‍ റമദാനില്‍ മാത്രമാണോ ഒഴിവാക്കേണ്ടത്? തീര്‍ച്ചയായും അല്ല. അപ്പോള്‍ ഒരു യഥാര്‍ഥ മനുഷ്യനായിത്തീരാന്‍ആവശ്യമായ മാനസികമായ ഊര്‍ജം നേടിയെടുക്കുക എന്നതാണ് വ്രതാനുഷ്‌ഠാനത്തിലൂടെ വിശ്വാസി ചെയ്യുന്നത്. അല്ലാതെ പട്ടിണി കിടന്ന് വിശപ്പറിയുക എന്ന കേവല പ്രവര്‍ത്തിയല്ല. ഇസ്‌ലാം നിശ്ചയിച്ച വ്രതം മനുഷ്യജീവിതത്തെ മുഴുവനായും ഉള്‍ക്കൊള്ളുന്നതാണ്.
പ്രവാചക വചനങ്ങള്‍ എത്ര ചിന്തോദ്ദീപകം! ``ആര്‍ (വ്രതത്തോടൊപ്പം) അസത്യവര്‍ത്തമാനവും അത്തരം പ്രവര്‍ത്തനങ്ങളും വെടിയുന്നില്ലയോ അയാള്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതുകൊണ്ട് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല'' (ബുഖാരി). നിങ്ങളുടെ വ്രതനാളുകള്‍ സമാഗതമായാല്‍ സഭ്യമല്ലാത്ത സംസാരങ്ങളോ ശണ്‌ഠകളോ പാടില്ല. ഇനി ആരെങ്കിലും നോമ്പുകാരനെ ചീത്ത പറയുകയോ അവനുമായി ശണ്‌ഠകൂടാന്‍ വരികയോ ചെയ്‌താല്‍, `താന്‍ നോമ്പുകാരനാണ് എന്നയാള്‍ പറയട്ടെ.' (ബുഖാരി, മുസ്ലിം)
സമകാലിക സംഭവങ്ങള്‍ വിലയിരുത്തിയാല്‍ വ്രതാനുഷ്‌ഠാനത്തിലൂടെ നേടിയെടുക്കേണ്ട വിശുദ്ധിയുടെ ആവശ്യകത ഏറെ ബോധ്യപ്പെടും. സ്‌ത്രീപീഡനത്തിന്റെയും പെണ്‍വാണിഭത്തിന്റെയും ലജ്ജിപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി കേള്‍ക്കുന്നു. മാനുഷിക വികാരങ്ങള്‍അനിയന്ത്രിതമാവുകയും പൈശാചികത കൈവരിക്കുകയും ചെയ്യുന്നതിന്റെ ജീവിക്കുന്ന പ്രതീകങ്ങളായി ഓരോ പീഡനസംഭവവും നമുക്കു മുന്നില്‍ എഴുന്നു നില്‌ക്കുന്നു. മറ്റൊരു ഭാഗത്ത് തട്ടിപ്പുകളുടെയും ധനാപഹരണങ്ങളുടെയും ദുരന്ത വാര്‍ത്തകള്‍! മനുഷ്യന്റെ ദുരയും ഭോഗതൃഷ്‌ണയും ആണ് അവയ്‌ക്ക് പിന്നിലുള്ളത് എന്നതില്‍ സംശയമില്ല. ഇവിടെയാണ് വ്രതാനുഷ്‌ഠാനത്തിന്റെ ആവശ്യകതയും പ്രസക്തിയും ബോധ്യപ്പെടുന്നത്. വ്രതത്തിന്റെ പ്രാഥമികവും ബാഹ്യവുമായ രൂപവുമെന്താണെന്നല്ലേ? ആഹാരത്തോടുള്ള ആര്‍ത്തി അടക്കി നിര്‍ത്തുകയും ലൈംഗികത അതിര്‍വരമ്പുകള്‍ അതിലംഘിക്കാതെ നിയന്ത്രിച്ചു സൂക്ഷിക്കുകയും ചെയ്യുക.
ഈ ലോക ജീവിതം നിയന്ത്രണ വിധേയമാക്കുക എന്ന വ്രതലക്ഷ്യം സഫലമാകുന്നത് പരലോക സൗഖ്യത്തിലൂടെയാണ് (സ്വര്‍ഗപ്രവേശം). അതോടൊപ്പം ഇഹലോകജീവിതം സമാധാനപൂര്‍ണമായിത്തീരുകയും ചെയ്യും. ഇങ്ങനെയുള്ള വിശാലമായ കാഴ്‌ചപ്പാടിലൂടെയാണ് `വ്രതം പരിചയാണ്' എന്ന്പ്രവാചകന്(സ) പ്രഖ്യാപിച്ചത്.
ഓഫറുകള്‍ക്കു പിന്നാലെ പാഞ്ഞുചെല്ലുക മനുഷ്യസഹജമാണ്. സാധാരണയില്‍ കവിഞ്ഞ ആനുകൂല്യങ്ങള്‍ എന്നതാണല്ലോ ഓഫറുകള്‍. ഓഫറുകളിലുള്ള താല്‍പര്യം മുതലെടുത്തുകൊണ്ടാണ് നിരവധി തട്ടിപ്പുകള്‍ ആധുനിക ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരിക്കലും മാറ്റപ്പെടാത്തയഥാര്‍ഥമായ ഓഫര്‍ അല്ലാഹു നല്‌കുന്നു. അത് ആത്മീയവും പാരത്രികവുമായ സുവിശേഷമാണ്. ആയിരം മാസങ്ങളെക്കാള്‍ പുണ്യമേറിയ ഒരു സുദിനമുണ്ട് റമദാനില്‍- ലൈലത്തുല്‍ ഖദ്‌ര്‍. അത് ആഘോഷിക്കാനല്ല, പരമാവധി നന്മകള്‍ ചെയ്‌ത് ദൈവത്തിലേക്കടുക്കാന്‍. അത് റമദാനിന്റെ അവസാനത്തെ പത്തു ദിവസങ്ങളിലൊന്നാണ്.
വസ്‌തുതകള്‍ കൃത്യമായി മനസ്സിലാക്കി വ്രതദിനങ്ങള്‍ സാര്‍ഥകമാക്കാന്‍ നാം ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
from ശബാബ് എഡിറ്റോറിയല്‍