നോമ്പ്‌: ആത്മീയമായ ഒരു മേല്‍ക്കൈ



മനുഷ്യജീവിതം ഉടനീളം ആത്മീയതയും ഭൗതികതയും തമ്മിലുള്ള സംഘട്ടനത്തിലൂടെയാണ്‌ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്‌. ഇതില്‍ ഏത്‌ ഭാഗത്തിന്‌ മേല്‍ക്കൈ നേടാനാകുന്നുവോ അതിന്നനുസരിച്ച്‌ ജീവിതരീതിയും വീക്ഷണവുമെല്ലാം മാറിക്കൊണ്ടിരിക്കും. ഭൗതികതയ്‌ക്ക്‌ മേല്‍ക്കൈയും സ്വാധീനശക്തിയും ലഭിക്കുമ്പോള്‍ ജീവിതമാസകലം ഒരു തരത്തിലുള്ള ലൗകിക സുഖങ്ങളില്‍ മുഴുകാനുള്ള താല്‍പര്യം ജനിക്കുകയും അതിന്നനുസരിച്ച്‌ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്നു. പിശാച്‌ ഇത്തരമൊരു വീക്ഷണത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആത്മീയതക്ക്‌ സ്വാധീനശക്തി കൂടുമ്പോള്‍ ലൗകിക ജീവിതത്തില്‍ ഹലാല്‍-ഹറാമുകള്‍ പരിഗണിക്കുകയും അനിയന്ത്രിതമായ ജീവിതത്തിന്റെ കുതിച്ചോട്ടത്തെ കടിഞ്ഞാണിട്ട്‌ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. സ്വാഭാവികമായി ജീവിതം വിമലീകരിക്കുകയും അര്‍ഥപൂര്‍ണമാവുകയും ചെയ്യുന്നു.

തിന്നും കുടിച്ചും ആസ്വദിച്ചും അടങ്ങാത്ത ഭോഗതൃഷ്‌ണയുമായി മുന്നോട്ടുപോകുന്ന മനുഷ്യന്റെ ജീവിതത്തെ അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്‌ കന്നുകാലികളുടെ ജീവിതമെന്നാണ്‌. ഇത്തരം ജീവിതശൈലി അവിശ്വാസികളുടെതാണെന്ന്‌ പറയുകയും ചെയ്യുന്നു (47:12). എന്നാല്‍, ദേഹേച്ഛകളുടെ താല്‍പര്യങ്ങള്‍ക്ക്‌ കടിഞ്ഞാണിടുകയും നിയന്ത്രണവിധേയമായി ലൗകികസൗകര്യങ്ങളെയും സുഖങ്ങളെയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തികള്‍ സ്വര്‍ഗത്തിന്നര്‍ഹരായിത്തീരുമെന്നും പറയുന്നു (79:40,41). ശരീരപ്രധാനമായ താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച്‌ ജീവിക്കുന്നവന്‍ കേവലം ഒരു ജന്തു മാത്രമാണ്‌. മൃഗങ്ങളുടെയെല്ലാം ജീവിതം അങ്ങനെയാണ്‌. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന സുപ്രധാനമായ ഭാഗം, ആത്മീയ കാര്യങ്ങള്‍ക്ക്‌ പ്രാധാന്യവും പരിഗണനയും നല്‍കി ജീവിക്കുന്നുവെന്നുള്ളത്‌ തന്നെയാണ്‌.


ഭൗതികതയുടെയും ആത്മീയതയുടെയും ഈ രണ്ട്‌ തലങ്ങളും ഓരോ വ്യക്തികളിലും ഏറിയും കുറഞ്ഞുമിരിക്കും. ഇതിന്റെ ഏറ്റക്കുറവനുസരിച്ച്‌ അവരുടെ ജീവിത വീക്ഷണവും മാറിക്കൊണ്ടിരിക്കും. ഇസ്‌ലാം മനുഷ്യനില്‍, വിശുദ്ധമായ ആത്മാവിന്റെ സ്വാധീനം നിറഞ്ഞുനില്‍ക്കണമെന്നാണ്‌ ഉദ്ദേശിക്കുന്നത്‌. ആരാധനാ കാര്യങ്ങളെല്ലാം ഈ ഉദ്ദേശ്യത്തിലാണ്‌ മനുഷ്യന്‌ നിര്‍ബന്ധമാക്കിയിട്ടുള്ളത്‌. നോമ്പ്‌ ഇതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. ആത്മവിശുദ്ധി കൈവരിക്കാന്‍ നോമ്പിലൂടെ സാധിക്കുന്നതു പോലെ മറ്റൊന്നിലൂടെയും സാധിക്കുകയില്ല.


നോമ്പിലൂടെ മനുഷ്യന്‍ വര്‍ജിക്കുന്നത്‌ അവന്റെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും ചില ആസ്വാദനങ്ങളുമാണ്‌. ഇവയത്രയും അടിസ്ഥാനപരമായി അനുവദനീയമായ കാര്യങ്ങള്‍ തന്നെയാണ്‌. എന്നാല്‍ റമദാനിന്റെ പകലുകളില്‍ അല്ലാഹുവിന്റെ ഇഷ്‌ടം മാത്രം പരിഗണിച്ച്‌ ഈ ലൗകിക സുഖങ്ങളും ആസ്വാദനങ്ങളുമെല്ലാം നോമ്പുകാരന്‍ ത്യജിക്കുന്നു.
ഈ ത്യാഗത്തിലൂടെ അവന്‍ കൈവരിക്കുന്ന നേട്ടങ്ങളിലൊന്ന്‌ ആത്മീയതക്ക്‌ തന്റെ ഭൗതിക ശരീരത്തിന്മേലുള്ള നിയന്ത്രണവും സ്വാധീനശക്തിയുമാണ്‌. ഇത്‌ ജീവിതത്തെ ഗൗരവപൂര്‍ണമാക്കുകയും ലക്ഷ്യബോധമുള്ളതാക്കുകയും ചെയ്യുന്നു. ഈ നിയന്ത്രണശക്തി കൈവരിക്കുന്ന നോമ്പുകാരന്റെ നോമ്പ്‌ ഒരു പരിചയായി മാറുന്നു. ലൗകികാസ്വാദനങ്ങളുടെ പ്രലോഭനങ്ങളും പൈശാചികമായ പ്രേരണകളും കടന്നുവരുമ്പോള്‍ നോമ്പ്‌ എന്ന പരിച കൊണ്ട്‌ തടയിടുകയും അങ്ങനെ നരകത്തില്‍ നിന്ന്‌ രക്ഷ നേടാനുള്ള ഒരു പരിചയായി മാറുകയും ചെയ്യുന്നു.


ആത്മീയമായി കരുത്താര്‍ജിക്കുന്ന നോമ്പുകാരന്‍ ഏറ്റവും വലിയ ക്ഷമാലുവായിരിക്കും. ക്ഷമ, ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒഴിവാക്കാനും സംഘര്‍ഷമുക്തമായ ജീവിതം നയിക്കാനും പ്രാപ്‌തനാക്കും. തനിക്കെതിരില്‍ നടക്കുന്ന കടന്നുകയറ്റത്തെയും അതിക്രമങ്ങളെയും തുല്യഅളവില്‍ തന്നെ തിരിച്ചടിക്കാതെ ക്ഷമാപൂര്‍വം മറികടക്കാനും ഉചിതമായ രീതിയില്‍ പ്രതികരിക്കാനും പ്രേരിപ്പിക്കുന്നു. ക്ഷോഭിച്ചും വികാരങ്ങള്‍ക്കടിമപ്പെട്ടും കാണിക്കുന്ന എടുത്തുചാട്ടങ്ങള്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഒരു പോലെ ദോഷകരമായി മാറുകയാണ്‌ ചെയ്യുന്നത്‌. തന്നോട്‌ അതിക്രമം കാണിക്കുകയോ തന്നെ അസഭ്യം പറയുകയോ ചെയ്യുന്നവനോടു പോലും താന്‍ നോമ്പുകാരനാണെന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കാന്‍ കഴിയേണ്ടതുണ്ട്‌. ഇതും നോമ്പ്‌ നല്‍കുന്ന ആത്മീയശക്തിയുടെ ഫലം തന്നെ. ക്ഷമയുടെ മാസം എന്ന്‌ നോമ്പിന്റെ മാസത്തെ അല്ലാഹുവിന്റെ ദൂതര്‍ വിശേഷിപ്പിച്ചത്‌ ഇതുമായി ചേര്‍ത്തുവായിക്കുക.


പരസ്യജീവിതവും സ്വകാര്യജീവിതവും മനുഷ്യജീവിതത്തിന്റെ രണ്ട്‌ തലങ്ങളാണ്‌. പരസ്യജീവിതം പൊതുസമൂഹത്തിന്റെ മുമ്പില്‍ പ്രകടമാകുന്നതാണ്‌. അവിടെ, പൊതുസമൂഹത്തെ മാനിച്ചും പരിഗണിച്ചും മനുഷ്യന്‍ ജീവിതത്തില്‍ ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാറുണ്ട്‌. ഇതുപക്ഷെ, അവരുടെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. സ്വകാര്യത അവന്റെ മാത്രം ലോകമാണ്‌. പുറംലോകത്തിന്റെ നിയന്ത്രണം അവിടേക്ക്‌ കടന്നുവരുന്നില്ല. ഈ രണ്ട്‌ തലങ്ങളിലും ഒരുപോലെ ജീവിതത്തില്‍ നിയന്ത്രണം പാലിക്കുകയെന്നതാണ്‌ യഥാര്‍ഥത്തില്‍ മനുഷ്യന്‍ നേടിയെടുക്കേണ്ട സംസ്‌കരണം.


എന്നാല്‍ ഇത്‌ വളരെ വിരളമായ ഒരു കാര്യമാണ്‌. ഒട്ടുമിക്ക ജീവിതവും രണ്ട്‌ തലങ്ങളിലും രണ്ടുതരം ശൈലി സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്‌. നോമ്പ്‌ ഇവിടെ മാറ്റങ്ങളുണ്ടാക്കുന്നു. നോമ്പുകാരനോട്‌ വര്‍ജിക്കാനും സൂക്ഷിക്കാനും ആവശ്യപ്പെട്ട കാര്യങ്ങളത്രയും പരസ്യജീവിതത്തിലും സ്വകാര്യ-രഹസ്യജീവിതത്തിലും സൂക്ഷിക്കുകയും വര്‍ജിക്കുകയും ചെയ്യേണ്ടതുണ്ട്‌. മറ്റാരുടെയും കണ്ണുകളിലും ശ്രദ്ധയിലും പെടുന്നില്ലെങ്കിലും അല്ലാഹുവിന്റെ കണ്‍മുമ്പിലാണ്‌ താന്‍ എന്ന ബോധം സ്വകാര്യതയിലും നന്നാവാന്‍ നോമ്പുകാരനെ പ്രേരിപ്പിക്കുന്നു.


സ്വകാര്യതയില്‍ ഇവ ലംഘിക്കുന്നതോടെ നോമ്പ്‌ ഒരു തട്ടിപ്പായി മാറുന്നു. അപ്പോള്‍, യഥാര്‍ഥ നോമ്പുകാരന്‍ അല്ലാഹുവിനു വേണ്ടി തന്നെയാണ്‌ നോമ്പെടുക്കുന്നത്‌. അതുകൊണ്ടാണ്‌ അല്ലാഹു പറയുന്നത്‌; ആ നോമ്പിന്‌ ഞാന്‍ പ്രതിഫലം നല്‍കുമെന്ന്‌. സ്വകാര്യതയിലും അല്ലാഹുവിനെ ഭയപ്പെട്ട്‌ ജീവിക്കാന്‍ ശക്തി നല്‍കുന്ന നോമ്പ്‌ ഉയര്‍ന്ന ആത്മീയ നിലവാരത്തിലേക്ക്‌ വിശ്വാസിയെ ഉയര്‍ത്തിക്കൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്‌.
മറ്റു ആരാധനാ കര്‍മങ്ങള്‍ക്കൊന്നുമില്ലാത്ത ഈ സ്വകാര്യത നോമ്പിന്റെ മാത്രം സവിശേഷതയാണ്‌. ഈ സവിശേഷത നിലനിര്‍ത്തി ഒരു മാസക്കാലം നോമ്പെടുത്ത്‌ പരിശീലിക്കുന്ന വിശ്വാസി തന്റെ പൊതുജീവിതത്തിലും പടച്ചവനെ സൂക്ഷിച്ച്‌ ജീവിക്കാന്‍ പ്രാപ്‌തനാകുമെന്നതില്‍ സംശയമില്ല. ഇത്തരമൊരു മാറ്റം മനുഷ്യജീവിതത്തിന്‌ സംഭാവന ചെയ്യുന്ന നോമ്പ്‌, ആത്മീയമായ ഒരു മേല്‍ക്കൈ മനുഷ്യന്‌ സമ്മാനിക്കുകയാണ്‌ ചെയ്യുന്നത്‌.


by അബൂ മാജിദ