നോമ്പുതുറ / ഇഫ്താർ

സമയമായാൽ നോമ്പ്‌ മുറിക്കുവാൻ ധൃതികാണിക്കുക എന്നതാണ് നബിചര്യ. അതായത്‌ 6.45 നാണ് സമയമെങ്കിൽ 6.46 ആവട്ടെ എന്ന് വിചാരിക്കരുത്‌. കാരണം ഈ ചിന്താഗതി സുന്നത്ത്‌ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ഉണ്ടാക്കുവാൻ കാരണമാകുന്നതാണ്.  

നബി (സ) പറഞ്ഞു : "ജനങ്ങള്‍ നോമ്പ് മുറിക്കുവാന്‍ ധൃതികാണിക്കുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും." [ബുഖാരി]

നബി (സ) പറഞ്ഞു : "ജനങ്ങൾ നോമ്പ്‌ മുറിക്കുവാൻ ധൃതിപ്പെടുന്ന കാലമത്രയും മതം വിജയിച്ചുകൊണ്ടേയിരിക്കും." [അബൂദാവൂദ്‌]

നബി (സ) അരുളി : "നിശ്ചയം ജൂതന്മാരും ക്രിസ്ത്യാനികളുമാണ്‌ നോമ്പ് മുറിക്കല്‍ പിന്തിപ്പിക്കുക." [അബൂദാവൂദ്]

ഇബ്നു ഹജര്‍ (റ)  'ഈ കാലത്തുണ്ടാക്കിയ അനാചാരങ്ങളില്‍ പെട്ടതാണ്' എന്ന് പറഞ്ഞുകൊണ്ട് എഴുതുന്നു : "അങ്ങിനെ അവര്‍ നോമ്പ് മുറിക്കുന്നതിനെ പിന്തിക്കുകയും അത്താഴത്തെ മുന്തിപ്പിക്കുകയും ചെയ്തു. സുന്നത്തിനു അവര്‍ ഇപ്രകാരം എതിര് പ്രവര്‍ത്തിച്ചു. അതിനാല്‍ നന്മ അവരില്‍ കുറയുകയും തിന്മ വര്‍ദ്ധിക്കുകയും ചെയ്തു. അല്ലാഹു സഹായിക്കട്ടെ." [ഫത്ഹുല്‍ബാരി 5/721]

നോമ്പ്‌ മുറിക്കുന്നത്‌ ഈത്തപ്പഴം കൊണ്ടോ വെള്ളം കൊണ്ടോ ആയിരിക്കുന്നത്‌ നല്ലതാണ്. നബി (സ) പറഞ്ഞു : "നിങ്ങൾ നോമ്പ്‌ മുറിക്കുകയാണെങ്കിൽ ഈത്തപ്പഴം കൊണ്ട്‌ നോമ്പ്‌ മുറിക്കുക. അത്‌ നന്മയാണ്. അതു ലഭിക്കാത്തവൻ വെള്ളം കൊണ്ട്‌ മുറിക്കട്ടെ. നിശ്ചയം അത്‌ ശുദ്ധീകരണക്ഷമമാകുന്നു." [അബൂദാവൂദ്‌]

എന്നാൽ നമുക്ക്‌ വേഗത്തിൽ ലഭിക്കുന്നതെന്താണോ അതുകൊണ്ട്‌ നോമ്പ്‌ മുറിക്കാം. ബുഖാരിയിൽ 'ഒരാൾക്ക്‌ എളുപ്പത്തിൽ ലഭിക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിക്കൽ ' എന്നൊരു അധ്യായം തന്നെ കാണാം. ശേഷം പായസം കൊണ്ട്‌ നബി (സ) നോമ്പ്‌ മുറിച്ച സംഭവം ഉദ്ധരിക്കുന്നു.

നോമ്പ്‌ മുറിക്കുമ്പോൾ നബി (സ) ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു : "അല്ലാഹുവേ, നിനക്ക്‌ വേണ്ടി ഞാൻ നോമ്പനുഷ്ഠിക്കുകയും നിന്റെ ഭക്ഷണത്തിന്മേലായി ഞാൻ നോമ്പ്‌ മുറിക്കുകയും ചെയ്യുന്നു." [അബൂദാവൂദ്‌]

✍ അബ്ദുസ്സലാം സുല്ലമി