അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നോമ്പെടുക്കുവാൻ പ്രയാസപ്പെടുന്നവർ ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മചെയ്താല് അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം." [അദ്ധ്യായം 2 ബഖറ 183,184]
'നോമ്പെടുക്കുവാൻ പ്രയാസപ്പെടുന്നവർ ' എന്ന് അല്ലാഹു പ്രസ്താവിച്ച ആളുകളുടെ പരിധിയിൽ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഉൾപ്പെടുന്നു. സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തെ ഭയപ്പെട്ടും കുട്ടിയുടെ ആരോഗ്യത്തെ ഭയപ്പെട്ടും ഇവർക്ക് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്.
നബി (സ) പറഞ്ഞു : "അല്ലാഹു യാത്രക്കാരനു നമസ്കാരത്തിന്റെ പകുതിയും നോമ്പും ഇളവു ചെയ്തിരിക്കുന്നു. അതുപോലെ ഗർഭിണിക്കും മുലകൊടുക്കുന്ന സ്ത്രീക്കും (നോമ്പ് ഉപേക്ഷിക്കുവാൻ അല്ലാഹു അനുമതി നൽകിയിരിക്കുന്നു)." [നസാഈ]
അനസ് (റ) നിവേദനം : "സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ ഭയപ്പെടുന്ന ഗർഭിണിക്കും തന്റെ കുട്ടിയുടെ കാര്യത്തിൽ ഭയപ്പെടുന്ന മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കുവാൻ നബി (സ) ഇളവ് അനുവദിച്ചിരിക്കുന്നു." [ഇബ്നു മാജ]
ഇബ്നു അബ്ബാസ് (റ) പറയുന്നു : 'പ്രയാസപ്പെടുന്നവർ ' എന്ന് അല്ലാഹു പറയുന്നതിൽ ഗർഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പിൽ ഇളവു നൽകലും പെടും. അവർ ഭയപ്പെടുന്ന പക്ഷം." [അബൂദാവൂദ്]
ഇവർ പ്രായശ്ചിത്തം നൽകിയാൽ മതി. മറ്റു ദിവസങ്ങളിൽ നോറ്റുവീട്ടൽ നിർബന്ധമില്ല. എങ്കിലും നോറ്റുവീടാൻ ശ്രമിക്കുന്നതാണ് നല്ലത്. ഇബ്നു ഉമർ (റ) പറയുന്നു : "സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ ഭയപ്പെടുന്ന ഗർഭിണി റമദാനിൽ നോമ്പ് ഉപേക്ഷിച്ചതിന്ന് പ്രായശ്ചിത്വം നൽകിയാൽ മതി. നോറ്റുവീട്ടൽ നിർബന്ധമില്ല." [അബ്ദുറസാഖ്, ത്വബ്രി]. ഈ റിപോർട്ടിന്റെ പരമ്പര വളരെയധികം സ്വഹീഹായതാണ്. ബുഖാരി, മുസ്ലിമിന്റെ നിവേദകന്മാരാണ് ഇതിന്റെ പരമ്പരയിലുള്ളത്.
സഈദ്ബ്നു ജുബൈർ (റ) പറയുന്നു : "ഗർഭിണിയും കുട്ടിയുടെ കാര്യത്തിൽ ഭയപ്പെടുന്ന മുലയൂട്ടുന്ന സ്ത്രീകളും നോമ്പനുഷ്ഠിക്കേണ്ടതില്ല. അവർ പ്രായശ്ചിത്തം നൽകിയാൽ മതി. ശേഷം നോമ്പ് നോറ്റുവീട്ടേണ്ടതില്ല." [അബ്ദുറസാഖ്, മുഹല്ല]. ഖത്താദ (റ)യിൽ നിന്നും ഇതുപോലെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒരു ദരിദ്രന്റെ ഒരു നേരത്തെ ഭക്ഷണത്തിന്ന് ആവശ്യമായ സംഖ്യ ഒരു നോമ്പിന്ന് പകരമായി നൽകുക എന്നതാണ് പ്രായശ്ചിത്തത്തിന്റെ കണക്ക്. കൂടുതൽ നൽകുന്നതും പുണ്യകർമ്മമാണെന്ന് ഖുർആൻ തന്നെ പറയുന്നു. ഒരു ദരിദ്രനു തന്നെ പ്രായശ്ചിത്തം മുഴുവൻ നൽകുന്നതുകൊണ്ട് വിരോധമില്ല.
✍ അബ്ദുസ്സലാം സുല്ലമി