എല്ലാ വേദഗ്രന്ഥങ്ങളിലും നിർബന്ധമായും ഐച്ഛികമായുമുള്ള ഒട്ടേറെ നോമ്പുകളുണ്ട്. വ്രതശുദ്ധിയെന്ന പ്രയോഗംതന്നെ നോമ്പിന്റെ സദ്ഫലങ്ങളെ സൂഎന്ന വാക്കിന്റെ ഭാഷാർഥം അച്ചടക്കം പാലിക്കുകയെന്നാണ്. ഒരു സമ്പൂർണമായചിപ്പിക്കുന്നു. തോറയിലും ബൈബിളിലും ഗീതയിലും ഉപവാസാനുഷ്ഠാനത്തെക്കുറിച്ചു പരാമർശങ്ങളുണ്ട്. വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ ഖുർആനിൽ ഇക്കാര്യം പുനഃപ്രഖ്യാപനം നടത്തുന്നുണ്ട്: "സത്യവിശ്വാസികളേ! നിങ്ങൾക്കു മുൻപുള്ളവർക്കു വ്രതം നിയമമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും വ്രതം നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മശാലികളായി ജീവിക്കാൻ."(വിശുദ്ധ ഖുർആൻ 2:183).
വ്രതകാലം പലർക്കും വെറും പട്ടിണിയുടെ കാലമാണ്. ജീവിതത്തിൽ ഒരു മാറ്റവും വരുത്താതെയുള്ള പട്ടിണികിടക്കൽ കൊണ്ടു യാതൊരു ഫലവുമില്ലെന്നു മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്. നല്ല സംസാരം, നല്ല പെരുമാറ്റം, ഉദാരത, സൗമ്യത, വിട്ടുവീഴ്ച, ഭക്തി തുടങ്ങിയവയാണു നോമ്പിന്റെ പാർശ്വഫലങ്ങളായുണ്ടാവേണ്ട സദ്ഗുണങ്ങൾ. വ്രതമെടുത്ത മനുഷ്യനെ ആരെങ്കിലും ചീത്തവിളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ‘ഞാൻ നോമ്പുകാരനാണ്’ എന്നു മാത്രം പ്രതികരിച്ചാൽ മതിയെന്നും നബി തിരുമേനി (സ) പഠിപ്പിച്ചിട്ടുണ്ട്. വ്രതത്തിന് അറബി ഭാഷയിൽ ‘സൗം’ എന്നാണു പറയുക. സൗം എന്ന വാക്കിന്റെ ഭാഷാർഥം അച്ചടക്കം പാലിക്കുകയെന്നാണ്. ഒരു സമ്പൂർണമായ അടക്കവും ഒതുക്കവും ശീലമാക്കാൻ നോമ്പുകൊണ്ടു സാധിക്കണമെന്നർഥം.
നബി (സ) പൊതുവേ ഉദാരനായിരുന്നു. റമസാനിൽ അദ്ദേഹത്തിന്റെ ഔദാര്യം അടിച്ചുവീശുന്ന കാറ്റുപോലെ വ്യാപകമായിരുന്നുവെന്ന് സഹാബികൾ (അനുചരന്മാർ) പറയുന്നു. ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും ആർദ്രത കാണിക്കാൻ റമസാനിൽ പ്രചോദനമുണ്ടാകുന്നത് നോമ്പെടുത്തവൻ വിശപ്പ് അനുഭവിച്ചറിയുന്നതുകൊണ്ടാണ്. പകലന്തിയോളം വിശപ്പും ദാഹവും സഹിക്കുന്ന പണക്കാരന് പാവങ്ങളുടെ വിശപ്പിന്റെ കാഠിന്യം പിന്നീടു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഒരാൾ മറ്റൊരാളെ നോമ്പു തുറപ്പിച്ചാൽ അയാൾക്കു നോമ്പെടുത്ത പ്രതിഫലം ലഭിക്കുമെന്നാണു പ്രമാണം. റമസാനിന്റെ പരിസമാപ്തിയായെത്തുന്ന പെരുന്നാൾ സുദിനത്തിൽ ആരും പട്ടിണികിടക്കാതിരിക്കാനാണ് ഫിത്ർ സകാത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
ശരീരത്തിനു വിശ്രമം നൽകാൻ ഉപവാസം ഏറെ നല്ലതാണ്. പക്ഷേ, പകൽ മുഴുവൻ പട്ടിണികിടക്കുകയും രാത്രി മുഴുവൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഏറെയും. അശാസ്ത്രീയവും അനാരോഗ്യകരവും അനവസരത്തിലുള്ളതുമായ ഈ ഭക്ഷണരീതി വ്രതകാലത്തു ശരിയല്ല. നബി തിരുമേനി (സ) അൽപം ഈത്തപ്പഴവും പച്ചവെള്ളവുമായിരുന്നു നോമ്പു തുറക്കുമ്പോഴും അത്താഴത്തിനും കഴിച്ചിരുന്നത്. രാത്രി നമസ്കാരങ്ങളിലും ഇഅ്തികാഫിനും ഖുർആൻ പാരായണത്തിനുമെല്ലാം അലസത വരാതിരിക്കാനും വ്രതകാലത്തു ലഘുഭക്ഷണം ശീലമാക്കുന്നതാണു നല്ലത്. മനുഷ്യസമൂഹത്തിനു മുഴുവൻ മാർഗദർശനമായി ഖുർആൻ അവതരിപ്പിക്കപ്പെട്ട റമദാനിൽ ഖുർആനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുവാൻ വിശ്വാസികൾക്കു ബാധ്യതയുണ്ട്.
✍ഹുസൈൻ മടവൂർ