പാപക്കറകളിൽ നിന്ന് മുക്തി നേടുക                

ഓരോ വ്യക്തിയുടെയും വികാര വിചാരങ്ങളാണ് അയാളുടെ വ്യക്തിത്വം ആകൃതിപ്പെടുത്തുന്നത്. ഹൃദയശൂന്യത, ഹൃദയവിശാലത തുടങ്ങിയ പദങ്ങൾ നമുക്ക് പരിചിതമാണ്.  പ്രത്യക്ഷ കാഴ്ചകൾക്കപ്പുറം  ഹൃദയത്തിന് ഒരാത്മീയ തലം കൂടിയുണ്ട്. അത് നമ്മുടെ മനസ്സുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വിശ്വാസം സ്ഥിതിചെയ്യുന്ന കേന്ദ്രമാണ് ഹൃദയം. പാപങ്ങൾ അതിനെ ബാധിക്കുന്ന മാലിന്യങ്ങളും. പ്രസ്തുത മാലിന്യങ്ങളെ ഹൃദയത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള മരുന്നാണ് പശ്ചാതാപം (തൗബ). പ്രവാചക തിരുമേനി പറഞ്ഞു: വിശ്വാസി ഒരു തെറ്റ് ചെയ്താല്‍ അവന്റെ ഹൃദയത്തില്‍ കറുത്ത പുള്ളി വീഴും. അവന്‍ ഉടനെ പശ്ചാതപിച്ചാല്‍ പ്രസ്തുത പുള്ളി നീങ്ങി ഹൃദയം തിളങ്ങും. തൗബ ചെയ്തില്ലെങ്കിലോ?. ആ കറുത്ത പുള്ളി ക്രമേണ വലുതായി അവസാനം അതവൻറെ ഹൃദയത്തെ മൂടും. ഇപ്രകാരം ഹൃദയം കടുത്തുപോകുന്ന അവസ്ഥ വിശുദ്ധ ഖുര്ആന്‍ വിവരിക്കുന്നുണ്ട്.

സ്വന്തം കുറ്റങ്ങളും കുറവുകളും സ്വയം ബോധ്യപ്പെടുക അത്ര എളുപ്പമുള്ള കാര്യമല്ല. അന്യരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനും വിമർശിക്കാനുമാണ് അധികപേർക്കും  മിടുക്ക്. സ്വന്തം കുറ്റങ്ങള്‍ കാണാനുള്ള കണ്ണുണ്ടെങ്കിലേ പശ്ചാത്തപിക്കാൻ മനസ്സ് പാകമാവൂ. വിശുദ്ധ ഖുർആൻ രോഗങ്ങളെ കുറിച്ച് പലയിടങ്ങളിൽ പ്രതിപാദിച്ചതെല്ലാം മനസ്സിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചതാണ്. ദുഷ്ട വിചാരവും അസൂയയും പകയും കുശുമ്പും അഹങ്കാരവുമെല്ലാം  അകത്ത് അള്ളിപ്പിടിക്കുന്ന രോഗങ്ങളാണ്. തിരിച്ചറിവും തൗബയുമാണ് ഇവക്കുള്ള ഔഷധം. ഇന്നത്തെ മിക്ക രോഗങ്ങളും മനോ ശാരീരിക (psychosomatic) മാണെന്ന് വൈദ്യശാസ്ത്രവും മനഃശാസ്ത്രവും നമ്മോടു പറയുന്നു. പാപക്കറകളിൽ നിന്നും ദുശ്ചിന്തകളിൽ നിന്നും മുക്തി നേടാനുള്ള കരുത്താവട്ടെ റമദാൻ.

By എം ടി മനാഫ്‌