തിരിഞ്ഞു നിൽക്കാനുള്ള ചങ്കൂറ്റമാണ് ഇന്നത്തെ സമൂഹത്തിനു പ്രധാനമായും നഷ്ടപ്പെട്ടിരിക്കുന്നത്. പൊങ്ങുതടികളാകുക എളുപ്പമാണ്. അധർമങ്ങൾക്കും ആഭാസങ്ങൾക്കുമെതിരെ ഉറച്ചുനിൽക്കുന്നത് സുദൃഢ വ്യക്തിത്വത്തിന്റെ അടയാളമാണ്. രാജിയാകുക ഭീരുത്വമാണ്. സായുധ പോരാട്ടങ്ങളേക്കാൾ ശ്രമകരമാണ് മനോഭാവങ്ങൾക്കെതിരെയുള്ള ആത്മസമരം. വിശ്വാസികളുടെ മനസ്സിൽ ഈ സമര പ്രഖ്യാപനമാണ് ആണ്ടുതോറും വിശുദ്ധ റമസാൻ നിർവഹിക്കുന്നത്. പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും ആയുധ വർഷങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാൻ ജീവിതത്തിൽ, നഷ്ടപ്പെട്ട പരിചയുടെ വീണ്ടെടുപ്പാണു വ്രതം.
വികാര വിക്ഷോഭങ്ങൾ തീർത്ത അപക്വ പ്രതികരണങ്ങളിൽ നിന്നു വിനയാന്വിതമായ വിചാര തീരത്തേക്ക് തിരിച്ചു നടക്കേണ്ട കാലം.വിറ്റുവരവും ലാഭനഷ്ടങ്ങളും കണക്കാക്കുന്ന വ്യാപാരിയേക്കാൾ ജാഗ്രതയോടെ സ്വചെയ്തികളിലെ നിറഭേദങ്ങൾ ചികയേണ്ട വിചിന്തനത്തിന്റെ കാലം. മനസ്സും ശരീരവും ദുർമേദസുകളാൽ കളങ്കിതമാകുമ്പോൾ ശുദ്ധ പ്രകൃതിയിലേക്ക് - ഫിത്റത്ത്- തിരിച്ചറിവോടെയുള്ള തിരിച്ചുപോക്കിന് സജ്ജമാകേണ്ട രാപ്പകലുകൾ. തണൽ മരത്തിന് താഴെ തെല്ലുനേരം വിശ്രമിക്കുന്ന പഥികന്റെ ആസ്വാദന ക്ഷണികതയ്ക്ക് സമാനമാണ് ഭൗതിക ജീവിതമെന്ന അവബോധം പുനഃസൃഷ്ടിക്കാൻ ഈ അന്നവർജനത്തിനു കഴിയണം. മതവും വിശ്വാസവും കലഹഹേതുവാകുന്ന ലോകത്ത് ആദർശം തണൽമരമായി പന്തലിക്കണം.
നഷ്ടമാകുന്ന മൂല്യങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാക്കണം. ചോർന്നുപോയ സദ്ഭാവങ്ങൾ പുനരാഗിരണം ചെയ്യണം. ഗർവിൽ നിന്ന് എളിമയിലേക്കു സ്വയം തിരിച്ചു നടക്കണം. വിശപ്പ് അപരരുടെ അനുഭവം മാത്രമല്ല, ഉദരങ്ങളുടെ പൊതു സ്വഭാവമാണെന്നറിയണം. അലങ്കരിച്ച തെരുവുകൾക്കും നിറഞ്ഞ തീൻമേശകൾക്കും അപ്പുറം താൽക്കാലികമായി ക്രമീകരിച്ച ശീല സ്വഭാവങ്ങൾക്കുമപ്പുറം, തന്റേടവും ത്രാണിയുമുള്ള ആദർശ നാളുകൾക്കായി മനസ്സാ പ്രതിജ്ഞയുണ്ടാവണം. ഉരുവിടുന്ന സ്ത്രോത്ര മന്ത്രണങ്ങൾക്കൊപ്പം ഉരുത്തിരിയേണ്ടത് ആത്മചൈതന്യമാണ്. ദീപപ്രഭകളിൽ, കാമ്പ് ചോർന്ന അനുഷ്ഠാന മുറകളല്ല, രക്ഷിതാവുമായി ആരുമറിയാത്ത ആത്മ ബന്ധമാണ് ശീലിച്ചെടുക്കേണ്ടത്.
ദുർഘട പാതയിൽ താനേറെ പിന്നിട്ടെന്ന നിരാശയല്ല, തന്റെ മുന്നിൽ കരുണാർദ്രനായ രക്ഷിതാവ് കാത്തിരിക്കുന്നുവെന്ന പ്രതീക്ഷയാണുണ്ടാകേണ്ടത്. രക്ഷിതാവ് സന്തോഷിക്കും, തീർച്ച. വിജനതയിൽ പാഥേയവുമായി എങ്ങോ മറഞ്ഞ ഒട്ടകം തിരിച്ചുവരുന്നത് കണ്ണുനിറയെ കാണുന്ന യാത്രക്കാരന്റെ അവാച്യമായ ആഹ്ലാദം. വാക്കിലും നോക്കിലും വ്രതത്തിന്റെ വിശുദ്ധി തിളങ്ങുന്നുണ്ടെങ്കിൽ ഓരോ നോമ്പുകാരനും ആത്മനിർവൃതിക്ക് അവകാശമുണ്ട്. അനശ്വരവാസത്തിന്റെ ആസ്വാദ്യ ലോകത്തേക്ക് സ്വർഗ വാതായനം (റയ്യാൻ) തുറന്നുകിടപ്പുണ്ട്, തിരസ്കാരത്തിന്റെ ത്യാഗം സഹിച്ച് തിരിച്ചറിവിന്റെ സുധീര നിലപാട് സ്വീകരിച്ചവർക്കു വേണ്ടി.
By അഷ്റഫ് വാരണാക്കര