സർവശക്തനായ റബ്ബ് വിശ്വാസിക്ക് നൽകിയ സമ്മാനമാണ് റമദാൻ. റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ കാരുണ്യം പ്രതീക്ഷിക്കുന്ന നമ്മൾ പലപ്പോഴും മറ്റ് സൃഷ്ടികളോടും , മനുഷ്യവർഗ്ഗത്തോടും കരുണ കാണിക്കാറില്ല. നമ്മുടെ ചുറ്റുമുള്ള ജീവികൾ ദാഹജലത്തിനായി കേഴുമ്പോൾ നാം ആരാധാനകളിൽ പ്പോലും ജലം ദുർവിനിയോഗം ചെയ്യുന്നു. നമ്മുടെ അയൽകാരനും കുടുംബക്കരനും ദാരിദ്ര്യത്തിൽ കഴിയുമ്പോൾ നാം ധൂർത്തിൽ അഭിരമിക്കുന്നു. ആർക്കാണ് നാം ഭക്ഷണം നൽകേണ്ടത് ? ആരെയാണ് നാം നോമ്പ് തുറപ്പിക്കേണ്ടത് ?
ﻟِﻠْﻔُﻘَﺮَآءِ ٱﻟَّﺬِﻳﻦَ ﺃُﺣْﺼِﺮُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﺿَﺮْﺑًﺎ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺤْﺴَﺒُﻬُﻢُ ٱﻟْﺠَﺎﻫِﻞُ ﺃَﻏْﻨِﻴَﺎٓءَ ﻣِﻦَ ٱﻟﺘَّﻌَﻔُّﻒِ ﺗَﻌْﺮِﻓُﻬُﻢ ﺑِﺴِﻴﻤَٰﻬُﻢْ ﻻَ ﻳَﺴْـَٔﻠُﻮﻥَ ٱﻟﻨَّﺎﺱَ ﺇِﻟْﺤَﺎﻓًﺎ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.(ഖു൪ആന്‍:2/273)
അല്ലാഹുവിന്റെ ദൂതർ പറഞ്ഞു:
''ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല സാധു.' അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?' നബി (സ്വ) പറഞ്ഞു: 'തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നുംചോദിക്കുന്നുമില്ല.
അവനാണ് സാധു'. (മുസ്‌ലിം)
അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവർ സാധുകളെ നോക്കി അവർക്ക് ഭക്ഷണം നൽകുക. സഹോദരങ്ങളെ നാം എല്ലാദിവസവും മാംസം കൊണ്ടുള്ള വിവിധ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പലതരം ഫ്രൂട്‌സ് കഴിക്കുമ്പോൾ വെറും കിഴങ്ങു കറിയും ഗോതമ്പ് റൊട്ടിയും കഴിച്ചു നോമ്പു തുറക്കുന്ന സാധുകൾ നമ്മുടെ ചുറ്റിലുമുണ്ട് അത് മറക്കാതിരിക്കുക. എന്നിട്ട് തീരുമാനിക്കുക നമുടെയെല്ലാം നോമ്പു തുറ അല്ലാഹുവിന്റെ പ്രീതിക്ക് യോജിച്ചതാണോ എന്ന്.
നോമ്പുതുറ
مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِمْ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
ഒരു നോമ്പുകാരന് ആരെങ്കിലും നോമ്പ് തുറക്കാൻ ഭക്ഷണം നൽകിയാൽ നോമ്പുകാരൻെറ പോലുള്ള പ്രതിഫലം തുറപ്പിച്ചവനും ഉണ്ട് , നോമ്പുകാരനറെ പ്രതിഫലത്തിൽ നിന്നും ഒട്ടും നഷ്ടപ്പെടാതെ തന്നെ "
[ തിർമുദി 807 , ഇബ്ൻ മാജ 1746 , ദാരിമി 1658 , ഇബ്ൻ ഹിബ്ബാൻ 3511 , ഥബ്റാനി 7132 ,ബൈഹഖി 7942 ,ബസ്സാർ 3775 ]
അഞ്ചോളം ത്വരീഖിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെടുന്നു . എല്ലാം തന്നെ സനദ് ദുർബലമാണ്.
എന്നാൽ ഇസ്ലാം ദരിദ്രർക്കുള്ള ഭക്ഷണം പ്രോത്സാഹനം ചെയ്യുന്നു. അദിയ്യ്ബ്നുഹാതിം(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നരകത്തിൽ നിന്ന് രക്ഷപ്രാപിച്ചു കൊള്ളുക. (മുസ്ലിം 1016). നമ്മൾ നോമ്പിന്റെ ഉദ്ദേശ ലക്ഷ്യത്തിലേക്ക് എത്തിയാൽ അഥവാ തഖ്‌വ കരസ്ഥമാക്കുവാൻ പാകത്തിനായൽ നമ്മുടെ കർമ്മങ്ങളും ശരിയാകും.
അബൂ ഹുറൈറ [റ ] വിൽ നിന്നും, നിവേദനം ; ഒരു ദിവസം രാത്രി നബി [ സ ] വിശപ്പ് സഹിക്കവയ്യാതെ വീട്ടിൽ നിന്നും പുറത്തു വന്നു. എവിടെ നിന്നെങ്കിലും അൽപ്പം ഭക്ഷണം ലഭിക്കുമോ എന്നതാണ് ലക്ഷ്യം . അപ്പോൾ നബി [സ ] അബുബക്കർ [ റ ],ഉമർ[ റ ] എന്നിവരെ വഴിയിൽ കണ്ടുമുട്ടി. അവരോട് നബി [സ ] ചോദിച്ചു ;എന്താണ് ഈ രാത്രീ നിങ്ങളെ വീട്ടിൽ നിന്നും പുറത്തുവരാൻ പ്രേരിപ്പിച്ചത് ? അവരുടെ പ്രശ്‍നവും വിശപ്പാണ് . നബി [സ ] പറഞ്ഞു ; എന്റെയും പ്രശ്‌നം അതുതന്നെയാണ് . അങ്ങനെ അവർ അബു അയൂബ് അൽ അൻസാരിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു . [മദീനയിൽ നബി [സ ] ഹിജ്റ വന്നപ്പോൾ ആദ്യമായി നബിയുടെ ഒട്ടകം നിന്ന വീട് അദ്ദേഹത്തിന്റെയായിരുന്നു , അവിടെന്നു നബി [സ] ഭക്ഷണം പാകം ചെയ്‌തു നൽകിയിരുന്നു ബാനു നജ്ജാർ ഗോത്രത്തിൽ പെട്ട ധനികനായിരുന്നു അബു അയ്യുബ്ബ് അൻസാരി ] അങ്ങനെ അവർ അബു അയ്യൂബിന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു . ഭാര്യ വിരുന്നുകാരെ വീട്ടിൽ സ്വീകരിച്ചു ഇരുത്തി . അബു അയ്യൂബ് വീട്ടിലേക്ക് വെള്ളം ശേഖരിക്കാൻ പോയിരിക്കുകയാണ് എന്ന് നബി [സ ] യോട് അവർ മറുപടി പറഞ്ഞു . അൽപം കഴിഞ്ഞു അബു അയൂബ് വീട്ടിലേക്ക് മടങ്ങി വന്നു . നബി [സ ] യെയും സഹാബിമാരെയും കണ്ടപ്പോൾ അദ്ദേഹം സന്തോഷിച്ചു . ഏറ്റവും വിശിഷ്ട്ട വിരുന്നുകാർ വന്നു എന്ന് പറഞ്ഞു അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു . അദ്ദേഹം പുറത്തെക്ക് പോയി തോട്ടത്തിൽ നിന്നും പുതുപുത്തൻ ഈന്തപ്പഴം പറിച്ചു കൊണ്ടുവന്നു .അതിൽ പഴുത്തതും പാകമാക്കാത്തതും ഉണ്ടായിരുന്നു . എല്ലാം നബിയുടെ [സ ] മുന്നിൽ വെച്ചിട്ട് കഴിക്കാൻ ആവശ്യപ്പെട്ടു . ശേഷം ഒരു ചെമ്പരി ആടിനെ അറുത്തു ഭക്ഷണം തയ്യാറാക്കി . അവർ അത് കഴിച്ചു ശേഷം അബുബക്കർ ഉമർ എന്നിവരെ നോക്കി നബി [സ ] പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം , ഈ അനുഗ്രഹങ്ങളെ കുറിച്ചു നാളെ പരലോകത്തു നമ്മോട് ചോദ്യം ചെയ്യപ്പെടും "
[ മുസ്ലിം 2038 ]
ഈ സംഭവം ചേർത്തു വെച്ചു നമ്മുടെ നോമ്പ് തുറയെ താരതമ്യം ചെയ്യുക . നിങ്ങൾക്ക് സത്യമാർഗം തെളിഞ്ഞു വരും
By ഷാഹിദ് മുവാറ്റുപുഴ