ആത്മശുദ്ധീകരണത്തിന്റെ വസന്തോൽസവം

വിശുദ്ധ റമസാൻ വീണ്ടും സമാഗതമായി. ആത്മവിശുദ്ധിയുടെയും സൽസ്വഭാവത്തിന്റെയും സമുന്നതങ്ങളായ അധ്യാപനങ്ങളുമായാണു റമസാൻ വന്നെത്തുന്നത്. ആരാധന എന്നതിനെക്കാളുപരി മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പരിശീലനമാണു വ്രതം.

മനസ്സിലെ അഴുക്കുകൾ കഴുകിക്കളഞ്ഞു ശുദ്ധിവരുത്താനുള്ള വലിയ അവസരമാണിത്. ഭൗതിക താൽപര്യങ്ങളെ അതിജീവിക്കാവുന്ന വിധം ആത്മാവിനെയും മനസ്സിനെയും വളർത്തിയെടുക്കാനുള്ള ശക്തിയുണ്ട് വ്രതാനുഷ്ഠാനത്തിന്. എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്.

‘സത്യവിശ്വാസികളേ, നിങ്ങൾക്കു മുൻപുള്ളവർക്കു വ്രതാനുഷ്ഠാനം നിയമമാക്കിയ പോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിയമമാക്കിയിരിക്കുന്നു; നിങ്ങൾ സൂക്ഷ്മശാലികളായി ജീവിക്കാൻ’(2:183) എന്നു ഖുർആൻ പ്രസ്താവിക്കുന്നു.

ഹൈന്ദവ, ക്രൈസ്തവ, ജൂത സമൂഹങ്ങൾക്കെല്ലാം വ്രതാനുഷ്ഠാനങ്ങൾ ഉണ്ട്–അവയുടെ സമയവും രീതിയും വ്യത്യസ്തമാണെങ്കിലും. വ്രതം (നോമ്പ്) എന്നത് എല്ലാവരും ആഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യമാണ്.

വ്രതം മനുഷ്യജീവിതത്തെ വലിയ പരിവർത്തനങ്ങൾക്കു വിധേയമാക്കും. വ്രതം നിയന്ത്രണം പരിശീലിപ്പിക്കും. അനിയന്ത്രിതമായി ജീവിച്ചുപോരുന്ന, ഇഷ്ടപ്പെട്ടതെല്ലാം ഏതുനേരത്തും ഭക്ഷിക്കുകയും തോന്നിയതെല്ലാം പറയുകയും ചെയ്യുന്ന ആളുകൾക്ക് സമ്പൂർണമായ ഒരു നിയന്ത്രണം വരുത്താൻ നോമ്പിനു കഴിയും. സൗമ് എന്നാണു നോമ്പിന് അറബി ഭാഷയിൽ പ്രയോഗത്തിലുള്ള പദം. അടങ്ങുക, ഒതുങ്ങുക എന്നെല്ലാമാണ് അതിനർഥം.

ജീവിതത്തിൽ അച്ചടക്കവും ഒതുക്കവും വരുത്താൻ വ്രതം കൊണ്ടു സാധ്യമാകണം എന്നാണ് അതിന്റെ താൽപര്യം. റമസാൻ മാസത്തിലാണു മുസ്‌ലിംകൾ നിർബന്ധമായും വ്രതമനുഷ്ഠിക്കേണ്ടത്. ഐച്ഛികമായ വ്രതം വേറെയുമുണ്ട്. ഉണ്മപ്രഭാതം മുതൽ സൂര്യാസ്തമയം വരെയുള്ള പകൽ നേരമാണു വ്രതത്തിന്റെ സമയം. ഈ സമയത്ത് അന്നപാനീയങ്ങൾ പാടേ ഉപേക്ഷിക്കണം.

നാവിനെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും സൂക്ഷ്മതയോടെ ജീവിക്കുകയും വേണം. മനുഷ്യ മനസ്സിൽ ദൈവഭയവും സൂക്ഷ്മതയും വർധിപ്പിക്കാനും ജീവിതവിശുദ്ധി കൈവരിക്കാനുമുള്ള പ്രായോഗിക പരിശീലനമാണു വ്രതം. ആത്മീയവും മാനസികവും ശാരീരികവുമായ വൻനേട്ടങ്ങൾ അതുമുഖേന സിദ്ധിക്കാനുണ്ട്.

ശരീരേച്ഛയ്ക്കടിമപ്പെട്ടു ജീവിക്കുന്നതിലൂടെയാണു പാപങ്ങൾ ഉണ്ടായിത്തീരുന്നത്. ആ ശരീരേച്ഛയെ കടിഞ്ഞാണിടാനും നിയന്ത്രണവിധേയമാക്കാനുമുള്ള കഴിവുനേടുക എന്നതാണു വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾക്കുണ്ടാകുന്ന പ്രധാനനേട്ടം.

വിശപ്പിന്റെ വിളിയെത്തുമ്പോൾ കയ്യിൽ കിട്ടുന്നതെന്തും ഭക്ഷിക്കാനാണു മനുഷ്യർ ശ്രമിക്കാറുള്ളത്. എന്നാൽ എത്രനല്ല ഭക്ഷണമായാലും വിശപ്പുള്ള സമയത്ത് മറ്റാരും കാണാനില്ലാത്ത സാഹചര്യത്തിൽ പോലും നോമ്പുകാരൻ ഭക്ഷിക്കാറില്ലല്ലോ. എന്ത് കഴിക്കാമെന്നും എന്ത് സംസാരിക്കാമെന്നുമെല്ലാമുള്ളതിന് അല്ലാഹു ഏർപ്പെടുത്തിയ നിയന്ത്രണം അവൻ ശീലിക്കുന്നു എന്നതിന്റെ സൂചനയാണത്.

അടുത്ത ഒരു റമസാൻ കാലം വരെ ധർമനിഷ്ഠയുള്ള ജീവിതം നയിക്കാനുള്ള ഊർജം ഈ റമസാൻ കൊണ്ടു ലഭിക്കണം. ആവർത്തിച്ചു വരുന്ന ആരാധനാകർമങ്ങൾ മനുഷ്യനെ സമൂല പരിവർത്തനത്തിനു വിധേയനാക്കും. വ്രതത്തിന്റെ ഫലമായി പറഞ്ഞ ‘നിങ്ങൾ സൂക്ഷ്മശാലികളായി ജീവിക്കാൻ’ എന്നത് ഈ ലോകത്തു തന്നെ നമുക്ക് അനുഭവിക്കാൻ സാധിക്കും.

എല്ലാ ആരാധനകളുടെയും ആത്യന്തികമായ ലക്ഷ്യം ദൈവത്തിൽ നിന്നുള്ള പ്രതിഫലമാണ്. അതു പക്ഷേ, പരലോകത്താണ്. എന്നാൽ, എല്ലാ ആരാധനകൾക്കും സാമൂഹികമായ ഫലവും പരിവർത്തനവുമുണ്ട്. സൂക്ഷ്മശാലികളായി ജീവിക്കുക എന്നത് അത്തരത്തിലുള്ള ഒരു ഫലമാണ്.

വ്രതമനുഷ്ഠിച്ച മനുഷ്യനെ ആരെങ്കിലും ഉപദ്രവിക്കുകയോ ചീത്തപറയുകയോ ആണെങ്കിൽ പോലും അതുപോലെ തിരിച്ചു പറയുകയോ പ്രവർത്തിക്കുകയോ ചെയ്തു കൂടാ എന്നാണു പ്രവാചകാധ്യാപനം. ‘ഞാൻ നോമ്പുകാരനാണ്’ എന്ന മറുപടിയിൽ പ്രതികരണം ഒതുക്കാനാണു പ്രവാചകനിർദേശം. അതിൽ എല്ലാമുണ്ട്.

താങ്കൾ എന്തുതന്നെ ചെയ്താലും അതേ പോലെ പ്രതികരിക്കാൻ ഈ നോമ്പുനേരത്ത് നിവൃത്തിയില്ല എന്ന സൂചനയാണത്. വിട്ടുവീഴ്ചയും ക്ഷമയും പരിശീലിക്കപ്പെടുകയാണിവിടെ.

ശരീരവും മനസ്സും ചേർന്നതാണു മനുഷ്യൻ. ഏതെങ്കിലും ഒന്ന് മാത്രമായി നിലനിൽക്കില്ല. അവ പരസ്പര പൂരകങ്ങളാണ്. മനസ്സ് ശുദ്ധമാകുന്തോറും അതിന്റെ സ്വാധീനം പ്രവൃത്തിയിലും അവന്റെ ശരീരത്തിലും കാണാനാകും. മനസ്സിനെ കൂടുതലായി നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്നവർക്കാണു കൂടുതലായി വിശുദ്ധി കൈവരിക്കാനാവുക.

പട്ടിണി കൊണ്ടും സാമ്പത്തിക ഞെരുക്കങ്ങൾ കൊണ്ടും കഷ്ടതയനുഭവിക്കുന്ന പാവങ്ങൾ ഏറെയുണ്ട്. ഇവരുടെ കഷ്ടതകൾ പറഞ്ഞറിയുന്നതിനപ്പുറം അനുഭവിച്ചു മനസ്സിലാക്കാൻ വ്രതാനുഷ്ഠാനം കൊണ്ടു സാധിക്കും. വിശപ്പും ദാഹവും ക്ഷീണവുമെല്ലാം ഒരു നോമ്പുകാരന് അനുഭവിച്ചറിയാൻ കഴിയും.

തന്റെ ചുറ്റുപാടുമുള്ളവരുടെ പ്രയാസങ്ങളെ അനുഭവിച്ചു മനസ്സിലാക്കാൻ കഴിയുന്നു എന്നത് നോമ്പിന്റെ ഒരു സാമൂഹികവശമാണ്. ഈ അറിവ് മുന്നോട്ടുള്ള ജീവിതത്തിൽ വലിയ പരിവർത്തന ചിന്തയായി മാറേണ്ടതുണ്ട്.

by ഡോ. ഹുസൈൻ മടവൂർ

© manoramaonline