റമദാൻ മാസം ആഗതമാകുമ്പോൾ പൊതുവെ നാടുകളിൽ നമസ്കാര സമയവും അതേപോലെ റമദാനിനെ മൂന്നു പത്തായി തിരിച്ചിട്ടുണ്ടെന്നും അതിൽ പ്രത്യേകം പ്രാര്ഥനയുണ്ടെന്നും പറഞ്ഞു കാർഡുകൾ വിതരണം ചെയ്തുവരുന്നുണ്ട് . അതേപോലെ പള്ളികളിൽ നമസ്ക്കാരാനന്തരം ഓരോ പത്തിലും പ്രത്യേക പ്രാർത്ഥനയും ചൊല്ലാറുണ്ട് . ഇസ്‌ലാമിക പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതല്ല ഈ സമ്പ്രദായം? ഇതിനെ കുറിച്ചു രേഖപ്പെട്ടുകിടക്കുന്ന ഹദീസ് പ്രാമാണികവുമല്ല .ദുർബല ഹദീസുകളുടെ സ്വാധീനം ഇസ്ലാമിക സമൂഹത്തിൽ നന്നേ ഉണ്ടെന്നുള്ളതിനുള്ള ഒരു തെളിവും കൂടിയാണ് ഈ സമ്പ്രദായം.
സൽമാൻ (റ) നിന്നും ശഅബാനിന്റെ അവസാനത്തിൽ നബി (സ) ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു : "ജനങ്ങളെ അനുഗ്രഹീതമായ ഒരു മാസം നിങ്ങൾക് സമാഗതമാകുന്നു , ആ മാസത്തിലാണ് ലൈലത്തുൽ ഖദർ ഉള്ളത് അത് ആയിരം മാസത്തേക്കാൾ ശ്രേഷ്ട്ടമായതാണ് ...................................ഈ മാസത്തിന്റെ ആദ്യഭാഗം കാരുണ്യത്തിന്റെയും മധ്യഭാഗം പൊറുക്കലിനെ തേടലും അവസാനം നരകത്തിൽ നിന്നും മോചനം നേടുന്നതിനുമുള്ളതാണ്" [ ഇബ്ൻ ഖുസൈമ 1887 , ബൈഹഖി ശുഅബുൽ ഈമാൻ 7/ 216 , മുൻദിരീ 2/ 95 ].
പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്യുന്ന അലിയ്യിബ്നു സൈദിബ്‌നു ജൂദ്ആൻ സ്വീകാര്യനല്ല. ഇമാം ഇബ്ൻ സഅദ് പറഞ്ഞു : "ഇയാൾ ദുർബലനാണ് തെളിവിനു കൊള്ളുകില്ല". ഇമാം അഹമ്മദും , ഇമാം നസായിയും , ഇബ്ൻ മുഈനും ,ഇബ്ൻ ഖുസൈമയും , ജൗസിജാനിയും മറ്റുള്ളവരും ഇദ്ദേഹം ദുര്ബലനാണെന്ന് പറഞ്ഞു.
[സിയാർ - ദഹബി 5/ 207 ]. ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബലനാണ്. അബൂ സുർ അത്ത് പറഞ്ഞു : ഇയാൾ പ്രബലനല്ല. [തഹ്ദീബ് അൽ കമാൽ 4070].
അത്യന്തം ദുർബലമായ ഹദീസാണിത്.അതിനാൽ അത് തെളിവിനു കൊള്ളുകില്ല. പൂർവികരായ മുഹദ്ദിസുകൾ തന്നെ കാര്യം വ്യക്തമാക്കിയതുമാണ്. ഇമാം ഇബ്ൻ ഹജർ അസ്‌കലാനി പറയുന്നു : "ഇബ്ൻ ഖുസൈമ ഉദ്ധരിച്ച ആ ഹദീസ് ദുർബലമാണ്"[ തൽഖീസ് 3/ 1121 ]. ഈ ഹദീസ് ഇമാം ഉഖൈലി തന്റെ ദുഅഫാഉൽ കബീറിൽ കൊടുക്കുന്നു (2/ 162).
പക്ഷെ ഈ കാര്യം മുസ്ലീങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ട് . അവർ റമദാനിനെ മൂന്നു പത്തായി തിരിച്ചു പ്രത്യേകം നബിചര്യയിലില്ലാത്ത ചില ചടങ്ങുകളൊക്കെ നടത്തുകയും ചെയ്യുന്നു. അതുപോലെ ചില പ്രത്യേക ദുആകളും ചൊല്ലുന്നു . യഥാർത്ഥത്തിൽ മുഹമ്മദ് നബി [സ] കൊണ്ടുവന്ന മതത്തിൽ ഇതെല്ലാമുണ്ട് എന്ന ധാരണയിൽ പാമര ജനങ്ങൾ ഇതൊക്കെ അനുഷ്ഠിക്കുന്നു. റമദാൻ മുഴുവനും പൊറുക്കലിനെ തേടാനും കാരുണ്യം പ്രതീക്ഷിക്കാനും നരകമോചനത്തിനും വേണ്ടിയുള്ളതാണ്. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവിൽ എന്ത് പ്രാർത്ഥന ചൊല്ലണം എന്ന് നബിയോട് ചോദിച്ചപ്പോൾ നബി (സ) പഠിപ്പിച്ച ഒരു പ്രാർത്ഥന സ്വഹീഹായി വന്നിട്ടുണ്ട് .
حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا وَكِيعٌ، عَنْ كَهْمَسِ بْنِ الْحَسَنِ، عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ " تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي "
"അല്ലാഹുവെ നീയാണ് പൊറുത്തു തരുന്നവൻ പൊറുത്തു തരുന്നതിനെ നീ ഇഷ്ട്ടപെടുന്നു അതിനാൽ നീ എനിക്ക് പൊറുത്തു തരണേ"
[ ഇബ്ൻ മാജ 3850 ,തിര്മുദി 3513 ]
അതിനാൽ റസൂൽ [സ]ക്ക് അന്യമായ കാര്യങ്ങൾ മതമായി വിശ്വസിക്കുന്നത് ഒരു സത്യവിശ്വാസിക്ക് ചേർന്നതല്ല. അതുകൊണ്ട് അത്തരം ബിദ്അത്തുകളിൽ നിന്നും വിട്ടുനിൽക്കലാണ് വിശ്വാസിക്ക് ഉത്തമം .
by ശാഹിദ് മൂവാറ്റുപുഴ