👉 വിശുദ്ധ റമദാൻ സമാഗതമാവുകയാണ്.
പുണ്യങ്ങളുടെ പൂക്കാലം!
നന്മയുടെ വസന്തകാലം!
ഭക്ഷണലാളിത്യത്തിന്റെ മാസം!
ആരോഗ്യത്തിന്റെ മാസം!
സഹജീവി സ്നേഹത്തിന്റെ മാസം!
പാപമോചനത്തിന്റെ മാസം!
☝ ഇങ്ങനെ എത്രയെത്ര സുന്ദരവിശേഷണങ്ങളാണ് റമദാനിനോട് നാം ചേർത്തിപ്പറയാറുള്ളത്!! പക്ഷെ ഈ വിശേഷണങ്ങളിൽ ഒന്നിനോട് പോലും നീതി പുലർത്താതെ റമദാൻ ആഘോഷിക്കുന്നവരായി നാം അധ:പതിച്ചിട്ടുണ്ടോ? നെഞ്ചത്ത് കൈ വെച്ച് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക!
👉 പ്രഗത്ഭ മാന്ത്രികൻ മുതുകാട് അദ്ദേഹം കഴിഞ്ഞ വർഷം പങ്കെടുത്ത ഒരു ഇഫ്താർ പാർട്ടിയെ പറ്റി വളരെ വേദനയോടെ പറയുന്നുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സിനിമാക്കാരും മറ്റും പങ്കെടുത്ത ഒരു ബഡാ ഇഫ്താറിനെപ്പറ്റി.മേശനിറയെ സമൃദ്ധ, വൈവിധ്യ ഭക്ഷണങ്ങൾ നിരത്തി വെച്ച ഇഫ്താർ ! കരിച്ചതും പൊരിച്ചതും എല്ലാം റെഡി! ഇഫ്താറിൽ പങ്കെടുത്ത് പ്രമുഖർ പലരും വേഗം പോയി, തൊട്ടടുത്തുള്ള സ്റ്റാർ ഹോട്ടലിലേക്ക് മറ്റൊരു ഇഫ്താറിൽ പങ്കെടുക്കാൻ! മുതുകാട് പങ്കെടുത്ത ഇഫ്താറുകാരൻ പിറ്റെ ദിവസം പറഞ്ഞുവത്രെ, ഭക്ഷണം ഒരുപാട് ബാക്കിയായി, കാറ്ററിംഗുകാർ വന്ന് അതെല്ലാം കൊണ്ടു പോയി കുഴിച്ചിട്ടു!
പട്ടിണിപ്പാവങ്ങൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ അവർക്ക് വിശപ്പടക്കാൻ സഹായകമാകേണ്ട ഭക്ഷണം പവിത്രമായ ഒരു വ്രതമാസത്തിൽ ഈ വിധം ധൂർത്തടിച്ച് നശിപ്പിക്കുന്നത് കണ്ട് അസ്വസ്ഥതയോടെ ശ്രീ മുതുകാട് നാളെ മുതൽ നോമ്പെടുക്കാൻ കാത്തിരിക്കുന്ന എന്നോടും നിങ്ങളോടും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: *പവിത്രമായ റമദാൻ വ്രത കാലത്തെ ഈ വിധം വാണിജ്യവൽക്കരിച്ചതാരാണ്?*
മുതുകാടിന്റെ ഈ ചോദ്യം റമദാനിന്റെ രാത്രി കാലങ്ങളിൽ ഭക്ഷണ മാമാങ്കത്തിലും ഇഫ്താർ ആഭാസത്തരങ്ങളിലും ഭക്ഷണ ധൂർത്തിലും അഭിരമിച്ചു കഴിഞ്ഞ് റമദാനിനെ അപഹസിക്കുന്ന എല്ലാ മുസ്ലിം നാമധാരിയുടെയും നെഞ്ചിൽ തറക്കേണ്ട ചോദ്യമാണ്.
👉 കഴിഞ്ഞ വർഷം SLRC യുടെ വാർഷിക സംഗമത്തിൽ കെ.എം.ഷാജി എം.എൽ.എ നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണത്തിലും മുസ്ലിം നാമധാരികളുടെ ഭക്ഷണ ധൂർത്തിലൂടെയുള്ള റമദാൻ അവഹേളനത്തെപ്പറ്റി രൂക്ഷമായി സൂചിപ്പിക്കുകയും വിമർശിക്കുകയും ചെയ്തതായി കാണാം. മതപണ്ഡിതന്മാർക്ക് പുറമെയാണ് ഷാജി എം.എൽ.എയും മജീഷ്യൻ മുതുകാടും അവരെപ്പോലെയുള്ള പൊതു കാര്യ പ്രസക്തരും റമദാനിലെ ഭക്ഷണ ധൂർത്തിനെതിരെയും ഇഫ്താർ ആഭാസത്തരങ്ങൾക്കെതിരെയും ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയത് എന്നത് പ്രശ്നത്തിന്റെ ഗൗരവമാണ് കാണിക്കുന്നത്. ആര് പറഞ്ഞാലും ഞങ്ങൾ മാറുകയില്ല എന്ന ധാർഷ്ഠ്യത്തിൽ കഴിയുന്നവരോട് ഒന്നേ പറയാനുള്ളൂ: *ഒരു രാത്രിയിലോ പകലിലോ ശിക്ഷയിറക്കിപാഠം പഠിപ്പിക്കാൻ കഴിയുന്ന സർവശക്തനായ അല്ലാഹു മുകളിലുണ്ടെന്ന്* പവിത്രമായ റമദാനിനെ ഭക്ഷണ ധാരാളിത്തം കൊണ്ട് മലിനമാക്കുന്നവർ ഓർക്കുന്നത് നന്ന്!
✍ വിശുദ്ധ റമദാൻ ഒരു പാഠശാലയാകുന്നു. തിൻ മകളിൽ നിന്ന് എങ്ങനെ അകന്ന് നിൽക്കാം നന്മകൾ എങ്ങനെ സ്വായത്തമാക്കാം എന്ന് പഠിച്ച് പകർത്താൻ കഴിയുന്ന പാഠശാല!
പ്രാവർത്തികമാക്കാൻ കഴിയുന്ന ചില റമദാൻ പാഠങ്ങൾ താഴെ കൊടുക്കുന്നു:
👉 സുബഹി ബാങ്കിന്റെ ഒരു മണിക്കൂർ മുമ്പെങ്കിലും എഴുനേൽക്കുക
👉 എന്നിട്ട് ചെറിയ തോതിൽ അത്താഴം കഴിക്കുക. ഇത് പ്രധാനപ്പെട്ട ഒരു സുന്നത്താണ്.
👉 അത്താഴ ശേഷം സുബഹി നമസ്കാരം വരെ ഖുർആൻ പാരായണത്തിൽ മുഴുകുക.
👉 മറ്റു പ്രയാസങ്ങളില്ലെങ്കിൽ എല്ലാ ദിവസവും സുബഹി നമസ്കാരം തൊട്ടടുത്ത പള്ളിയിലെത്തി ജമാ അത്തായി നിർവഹിക്കുക .
👉 വീട്ടിലാണെങ്കിലും ഷോപ്പിലാണെങ്കിലും ഓഫീസിലാണെങ്കിലും അഞ്ച് നേരത്തെ നമസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധയും
നിഷ്ടയും പുലർത്തുക.
👉ജമാഅത്ത് നമസ്കാരത്തിന് പള്ളിയിൽ പോകാൻ കഴിയുന്നവർ അങ്ങനെ ചെയ്യുക. അല്ലാത്തവർ സൗകര്യമുള്ള സ്ഥലം കണ്ടെത്തി അത് നിർവഹിക്കുക (ഓർക്കുക! മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന സമയം പോലും വേണ്ട അഞ്ചു നേരം നമസ്കരിക്കാൻ! എന്നിട്ടും ദക്ഷണമുപേക്ഷിക്കാത്ത പല മുസ്ലിം നാമധാരികളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അഞ്ചു നേരത്തെ നമസ്കാരം പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കുന്നു!)
👉 റമദാനിലെ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും പള്ളിയിൽ ചെലവഴിക്കുക. സുന്നത്തു നമസ്കാരം, ഖുർആൻ പാരായണം, ഖുർആൻ പഠനം, മതപഠന ക്ലാസു ശ്രദ്ധിക്കൽ തുടങ്ങിയവയിൽ മുഴുകുക
👉 മഗ്രിബിന്റെ സമയമായാൽ ഉടനെ നോമ്പ് മുറിക്കുക.(സമയമായാൽ ഉടനെ നോമ്പ് മുറിക്കുക എന്നത് വളരെ പ്രബലമായ ഒരു സുന്നത്താണ്.)
👉കാരക്ക / ഈത്തപ്പഴം, പച്ചവെള്ളം എന്നിവ കൊണ്ട് നോമ്പ് മുറിക്കുക (ഇത് പ്രത്യേകം സുന്നത്താണ്. കാരക്ക, ഈത്തപ്പഴം, പച്ചവെള്ളം എന്നിവ ഇല്ലാത്തപ്പോൾ മാത്രമേ മറ്റു പാനീയങ്ങൾ ഉപയോഗിക്കാവൂ)
👉കാരക്ക, ഈത്തപ്പഴം, പച്ചവെള്ളം, പഴവർഗ്ഗങ്ങൾ ലഭ്യമെങ്കിൽ അവ മിത ഹിതരൂപത്തിൽ, അത്യാവശ്യമെങ്കിൽ ഒന്നോരണ്ടോ ചെറിയ കടികൾ ഇത്രയും സംഗതികളിൽ നോമ്പുതുറ ചുരുക്കുക.
👉 രാത്രിയിൽ തറാവീഹിന് പോകുന്നതിന് മുമ്പോ ശേഷമോ ഇഷ്ട കരമായ എന്തെങ്കിലും ദക്ഷണം ലളിതമായി കഴിക്കാം. കഞ്ഞി, തരി ,പഴച്ചാർ, ജൂസ് തുടങ്ങിയവയിൽ ചുരുക്കുകയും ചെയ്യാം.
👉 എന്ത് തന്നെയായാലും രാത്രിയുടെ ഒരു സമയത്തും ആമാശയത്തിൽ സ്ഥലമില്ലാതാകുന്നത് വരെ അമിത ഭക്ഷണം കുത്തി നിറക്കുന്ന രീതി നിർബന്ധമായും അവസാനിപ്പിക്കുക തന്നെ വേണം. കാരണം ഭക്ഷണ ധൂർത്ത് പോലെ തെറ്റായ കാര്യം തന്നെയാണ് അമിതഭക്ഷണം കഴിക്കുന്നതും .
👉 കഴിഞ്ഞ റമദാനിൽ സമ്പത്തിന്റെ സകാത്ത് കൊടുത്തവർ ഈ റമദാനിൻ ഒരു വർഷം പൂർത്തിയായ സ്ഥിതിക്ക് സാമ്പത്തിക കണക്ക് കൂട്ടി സകാത്ത് വിഹിതം ഉത്തരവാദപ്പെട്ട മഹല്ല് കമ്മിറ്റിയെയോ, സകാത്ത് സെൽ സംവിധാനത്തെയോ ഏൽപിക്കുക.
👉 റമദാൻ യാചനയുടെ മാസമല്ല എന്ന് റമദാൻ സ്പെഷൽ യാചകരായി വരുന്നവരെ കഴിയുംവിധം ഉൽബോധിപ്പിക്കുക ( ഇത്തരം റമദാൻ യാചകർക്ക് അവർ 10 രൂപ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ 5 രൂപ മാത്രം കൊടുത്ത് റമദാൻ യാചനയുടെ മാസമായി മാറ്റുന്നതിലുള്ള നമ്മുടെ പ്രതിഷേധം അറിയിക്കുക). യാചനയെ നിരുത്സാഹപ്പെടുത്തിയ മതമാണിസ്ലാം. അതിനാൽ യാചനയെ നിരുത്സാഹപ്പെടുത്തുന്ന പ്രവർത്തനം തന്നെയാണ് നമ്മളിൽ നിന്നും ഉണ്ടാകേണ്ടത്. *പവിത്രമായ സകാത്ത് യാചിക്കാൻ വരുന്നവർക്ക് (അവരിൽ വേഷം മാറിയ കള്ളുകുടിയന്മാരും തട്ടമിട്ട് വന്ന തട്ടിപ്പുകാരിപ്പെണ്ണ് വരെ ഉണ്ടെന്നത് പരസ്യമായ രഹസ്യം!) ഇത്തരം യാചകർക്ക് എടുത്തു കൊടുക്കുന്ന നാണയത്തുട്ടുകളല്ല ഇസ്ലാമിലെ പവിത്രമായ സകാത്ത് എന്നെങ്കിലും സമുദായമേ മനസ്സിലാക്കുക!*
👉 റമദാനിൽ ഓരോ ദിവസവും ഒരു ഖുർആൻ ആയത്തെങ്കിലും അർഥസഹിതം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യും എന്ന് തിരുമാനിക്കുകയും ഇതിനായി അനുയോജ്യമായ അഞ്ചോ പത്തോ മിനിട്ട് സമയം എല്ലാ ദിവസവും നീക്കിവെക്കുകയും ചെയ്യുക. *(ഖുർആൻ അവതരിപ്പിക്കപ്പെട്ട റമദാനിൽ ഒരു മുപ്പത് ആയത്തെങ്കിലും നാം പഠിക്കുന്നില്ലെങ്കിൽ പിന്നെപ്പഴാണ് പഠിക്കുക?)*
👉രാത്രി നമസ്കാരം എല്ലാ കാലത്തുമുള്ളതാണെങ്കിലും റമദാനിലെ രാത്രി നമസ്കാരത്തിന് (തറാവീഹിന്) പ്രത്യേകം പ്രതിഫലമുണ്ട് എന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധയും നിഷ്ഠയും പുലർത്തുക.(കുറെയധികം റക്അത്ത് അതിവേഗം നമസ്കരിക്കുന്നതിലല്ല, മറിച്ച് ദീർഘനേരം നിന്ന് നമസ്കരിക്കുന്നതിലാണ് ഇതിലെ പ്രവാചക മാതൃക. നബി(സ) 11 റക്അത്ത് മാത്രമേ ഖിയാമുല്ലൈൽ നിർവഹിച്ചുട്ടുള്ളൂ എന്ന് പ്രബലപ്പെട്ട ഹദീസിലുള്ളതിനാൽ നമ്മളും 11റക് അത്ത് തന്നെയാണ് നമസ്കരിക്കേണ്ടത്.)
👉 പ്രാർഥനക്കുത്തരം കിട്ടാൻ ഒട്ടേറെ അനുകൂല സാഹചര്യമുള്ള മാസമാണ് റമദാൻ. നാം അനുഭവിക്കുന്ന വൈയക്തികവും സാമൂഹികവുമായ എല്ലാ പ്രശ്നങ്ങളും പ്രാർഥനയുടെ രൂപത്തിൽ അല്ലാഹുവിലേക്ക് സമർപിക്കേണ്ട മാസമാണിത്.
👉ഒരു ദിനം ഒരു ദുആ !
റമദാനിലെ ഓരോ ദിനവും ഓരോ പ്രാർഥനകൾ പഠിക്കുക. പ്രാർത്ഥിക്കുക
👉 പ്രവാചകന്റെ വാക്കുകൾ അനുസ്മരിപ്പിച്ചു കൊണ്ട് മുസ്ലിം സഹോദരങ്ങളോട് അവരുടെ ഗുണകാംക്ഷിയായ മുതുകാട് പറഞ്ഞത് ഉദ്ധരിക്കെട്ട:
മുസ്ലിം സഹോദരങ്ങളേ, പരിശുദ്ധ റമദാനിനെ നിങ്ങൾ വാണിജ്യവൽക്കരുത്!
വിഭവ സമൃദ്ധമായ ഭക്ഷണം കൊണ്ട് നോമ്പ് തുറക്കുമ്പോൾ ഒരു നിമിഷം മുസ്ലിം സമുദായ മേ ആലോചിക്കുക, തനിക്ക് ചുറ്റും ഈ ലോകത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങൾ നിരവധി ഉണ്ടെന്ന്!!
🌹എല്ലാവർക്കും നന്മ നിറഞ്ഞ റമദാൻ സൗഭാഗ്യത്തിനായി പ്രാർഥിക്കുന്നു🌹
© ശംസുദ്ദീൻ പാലക്കോട്