``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.'' (വി.ഖു 3:102). `തഖ്വയോടെ ജീവിക്കണമെന്നും' `മുസ്ലിമായിട്ടല്ലാതെ മരിക്കരുതെന്നും' വിശ്വാസികളോടുള്ള പടച്ചതമ്പുരാന്റെ വസ്വിയത്താണ് ഈ സൂക്തം. നാഥന്റെ വസ്വിയത്തിനെ പൂര്ത്തീകരിക്കുന്നവന് വിജയം കൈവരിച്ച വിശ്വാസിയാണ്. ഓരോ റമദാനും ഇത്തരം വസ്വിയ്യത്തുകളെ ജീവിതത്തില്‍ സജീവമാക്കാനുള്ള അവസരങ്ങളാണ്.
വിശ്വാസികളോട് തഖ്വയുണ്ടാകണമെന്നും മുസ്ലിമായിട്ടല്ലാതെ മരിക്കരുതെന്നും പറയുമ്പോള്‍ പാപം കൊണ്ടുള്ള അശ്രദ്ധ കൊണ്ടും തഖ്വയും ഈമാനും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പാപങ്ങളില്‍ മലിനമായ മനസ്സിനെ വീണ്ടും വിശ്വാസംകൊണ്ട് സംശുദ്ധീകരിക്കാന്‍ അല്ലാഹുവിലേക്കുള്ള പൂര്‍ണമായ മടക്കം അനിവാര്യമാണ്; റമദാന് മാസം ഇത്തരമൊരു മടക്കത്തിനുള്ള വാര്‍ഷികാവസരമാണ്.
പാപവും പാപപരിഹാരവും
എത്ര ഭക്തിയുള്ള മനസ്സായാലും തെറ്റ് ചെയ്യാനുള്ള പ്രേരണ സദാ അവനിലുണ്ടാകുന്നതാണ്, അത് മനുഷ്യപ്രകൃതിയാണെന്നാണ് സ്രഷ്ടാവ് തന്റെ പ്രവാചകരിലൂടെ പ്രഖ്യാപിക്കുന്നത്.